വിനയ
ഒറ്റമുണ്ടുടുത്ത്, കൗപീനം നിഴലിച്ച്, രണ്ടാംമുണ്ട് തോളിലിട്ട് ഒരു കോന്തല കക്ഷത്തില്‍ വെച്ച് നിവര്‍ന്നു നടക്കുന്ന ആണിനെയാണെനിക്കിഷ്ടം.
പുരുഷന്‍ ഒരു തരത്തിലും സഹായിക്കാതിരിക്കുക- ആ അഭ്യര്‍ത്ഥന മാത്രമേയുള്ളൂ. അവളെങ്ങനെയെങ്കിലും ജീവിച്ചോളും. സഹായിക്കാനായി ശ്രമിച്ച് ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവു ചെയത് സഹായിക്കാതിരിക്കുക. സ്‌ത്രീയുടെ ആത്മധൈര്യം ചോര്‍ത്തുന്ന മൂന്നു കാര്യങ്ങളാണുള്ളത്. വീട് , അടുക്കള, ഭര്‍ത്താവ്(പുരുഷന്‍). അവളെവിടെയിരുക്കുമ്പോഴും വീടിനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു. വീട്ടിലിരിക്കുമ്പോള്‍ അടുക്കളയെക്കുറിച്ചോര്‍ത്തും. അടുത്തത് പുരുഷനാണ് രക്ഷിക്കാനെന്ന ഭാവത്തില്‍ ശിക്ഷിക്കുകതന്നെയാണ്. തനിച്ച് ഒരിടത്തും വിടില്ല. ഒറി്‌റയ്‌ക്കു പോകണ്ട..അയ്യോ അങ്ങോട്ട് പോകല്ലേ ഇങ്ങോട്ട് പോകല്ലേ ...പുരുഷനോട് എന്തെങ്കിലും അബിപ്രായം ചോദിക്കുന്നത് അതിന്റെ നെഗറ്റീവ് പറയാനല്ല. പലരും പക്ഷേ, അതിന്‍റെ പ്രത്യാഘാതങ്ങളും കുഴപ്പങ്ങളും മാത്രം ചൂണ്ടി കാണിക്കും.
പുരുഷനെന്നും സങ്കല്‌പലോകത്താണ്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. പുരുഷന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന മൂല്യങ്ങളെ സംരക്ഷിച്ചു നില്‌ക്കേണ്ടവളാണ് സ്‌ത്രീയെന്നാണ് കാഴ്‌ചപ്പാട്. ആലോചിച്ചു നോക്കൂ. സ്‌ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണെന്ന സങ്കല്‌പം തന്നെ നോക്കൂ. ഭര്‍ത്താവ് ഗള്‍ഫിലായിരിക്കുന്ന എത്ര സ്‌ത്രീകള്‍ ഇവിടെ ജീവിക്കുന്നു. അവളെ സംരക്ഷിക്കുന്നത് അവള്‍ തന്നെയാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കുന്നത് ആരാണ്? പുരുഷന്റെ സംരക്ഷണയിലാണെന്നത് സങ്കല്‍പം മാത്രം.
അധികാരം പ്രയോഗിക്കാത്ത പുരുഷനെയാണ് എിക്കിഷ്ടം.
റീനി മമ്പലം
അതിരില്ലാത്ത(?) പ്രതീക്ഷകള്‍
ശിലായുഗത്തിലെന്നപോലെ കുടുംബരക്ഷകനായി ഗുഹാമുഖത്തുറങ്ങി, നായാടി ഭക്ഷണവുമായി തിരികെയെത്തുന്ന പുരുഷനോട് ഈ യുഗത്തിലെ സ്ത്രീ എന്താണു പറയുക "ഭക്ഷണം ഒരുക്കുന്നതിലും പാത്രം കഴുകുന്നതിലുമെല്ലാം നിനക്കുമൊരു പങ്കുണ്ടടാ. നമുക്കെല്ലാം സമം സമം". പണ്ട് വയലാര്‍ എഴുതിയതുപോലെ 'വെണ്ണ തോല്‍ക്കുമുടലോടെ, ഇളം വെണ്ണിലാവിന്‍ തളിര്‍പോലെ, രാത്രി വിടരും അനുരാഗപുഷ്പിണിയായി നിന്റെ മോഹം തീരും വരെ നിന്നെ വന്നു പൊതിയാനും നിന്റെ ദാഹം തീരും വരെ നിന്നില്‍ വന്നു നിറയാനും' മാത്രമായി എന്നെ കിട്ടില്ലെടാ".
നീയെന്റെ ഭര്‍ത്താവാണെങ്കിലും എന്റെ നല്ലൊരു സുഹൃത്തുമല്ലേ?. നീ എന്റെ പരാതികളുടെയും സങ്കടങ്ങളുടെയും, കൊച്ചുകൊച്ചു സന്തോഷങ്ങളുടെയും കേള്‍വിക്കാരനാകണം. പുരുഷന്മാരേക്കാള്‍ പ്രായോഗിക ബുദ്ധിയുള്ളവരാണ് ഞങ്ങള്‍. വിവേകപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുന്നവരും, ഡീറ്റെയില്‍ ഓറിയെന്റഡുമാണ്. സങ്കടങ്ങളുമായി ഞാനെത്തുന്നത് ഉപദേശം തേടിയാണന്ന് വിചാരിക്കുന്നുവെങ്കില്‍ നിനക്ക് തെറ്റി. കേള്‍ക്കുവാനുള്ള ക്ഷമയും സന്മനസ്സും മാത്രമെ ഞാനപ്പോള്‍ പ്രതീക്ഷിക്കുന്നുള്ളു. ഉപദേശം വേണ്ടിയിരുന്നെങ്കില്‍ ഞാനൊരു കണ്‍സള്‍റ്റെന്റിന്റെയോ കൗണ്‍സിലറുടെയോ സഹായം തേടുമായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞുതീരുംമുമ്പേ നീ പരിഹാരം കണ്ടത്തേണ്ടതില്ല. പണ്ടുപണ്ട് വീട്ടിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നത് നിന്റെ അപ്പനപ്പൂപ്പന്മാരായിരുന്നു, പക്ഷെ കാലം മാറിയത് നീയറിഞ്ഞില്ലേ?
എനിക്കറിയാം പുരുഷന്മാര്‍ ഇടക്കിടെ ഒളിക്കുവാന്‍ ഒരിടം തേടി നിങ്ങളുടേതായ ഗുഹകളിലേക്ക് ഇറങ്ങുമെന്ന്. എനിക്കതില്‍ വിരോധമില്ല. നിന്റെ ഒളിത്താവളത്തിലേക്കുള്ള വഴി എനിക്കറിയില്ല. അവിടേക്കിറങ്ങിവന്ന് നിന്നെ ശല്യപ്പെടുത്തുകയുമില്ല. എങ്കിലും ഉടലിവിടെയും മനസ്സ് എവിടെയുമോ ആയി പത്രങ്ങളിലോ ടീവിയിലോ നീ ലയിച്ചിരിക്കുമ്പോള്‍ എന്റെ സ്വന്തം വീട്ടിനുള്ളില്‍ പോലും ഞാന്‍ വഴിതെറ്റിപ്പോവുന്നു. ഒറ്റപ്പെട്ടവളെന്ന് തോന്നിപ്പോവുന്നു. അതുകൊണ്ടാവാം നിന്റെ ധ്യാനത്തിന്റെ നിമിഷങ്ങളില്‍ വെടിപൊട്ടുംപോലെ ഞാന്‍ സംസാരിക്കുന്നത്.
മനസ്സിന്റെ പല കള്ളികളിയായി നീ പലതും തരംതിരിച്ച്, സൂക്ഷിച്ചിരിക്കുന്നു. ഒരുസമയത്ത് നിനക്ക് ഒരു കാര്യം 'പ്രോസസ്' ചെയ്യുവാനെ സാധിക്കൂ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുസമയത്ത് പലകാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കും - മള്‍ട്ടി ടാസ്ക്കിംഗ്. നിലാവത്തിറങ്ങിയ കോഴിയെപ്പോലെ നടന്നാലും 'എവെരിതിംഗ് അണ്ടര്‍ കണ്ട്രോള്‍. നീയെന്നെ നേര്‍വസ് ആക്കാതിരുന്നാല്‍ മാത്രം മതി.
ഞാന്‍ ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കുമെന്ന് മിതഭാഷിയായ നീ പറയാറുണ്ട്. സംസാരമാണ് നമ്മെ ബന്ധിപ്പിക്കുന്ന പാലം. പരാതിപ്പെടും മുമ്പ് അതു മനസിലാക്കൂ. അല്ലെങ്കില്‍ എന്റെ മനസ്സ് വായിച്ചെടുക്കുവാന്‍ പഠിക്കൂ.
ഞാനൊരു സോഷ്യല്‍ ബട്ടര്‍ഫ്ലൈ ആണന്ന് പറഞ്ഞിട്ടില്ലേ? എനിക്ക് ഒരു ജാതി സുഹൃത്തുക്കളെയുള്ളു - മനുഷ്യജാതി. അവരെന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമെന്ന് നിനക്കറിയാമോ. അതിനെന്നെ അനുവദിക്കു. നീയും എനിക്ക് എന്നുമൊരു നല്ല സുഹൃത്താവില്ലേ? നിന്റെ പെരുമാറ്റവും സംസാരരീതിയുമാണ് എന്നെ നിന്നിലേക്ക് ആകര്‍ഷിക്കുന്നത്.
നിന്നില്‍ നിന്ന് സ്നേഹനദി ഒഴുകി എനിക്കുചുറ്റും പടരണം. എനിക്കതില്‍ നീന്തിത്തുടിക്കണം. എന്നും.
ഞാനൊരു രഹസ്യം പറയട്ടെ? ഞങ്ങള്‍ സ്ത്രീകള്‍ ചിലപ്പോള്‍ കുട്ടികളെപ്പോലെയാണ്. ഇടക്കിടെ കുറച്ചു ലാളനയും ഹഗ്ഗും ആവാം, ഒരല്‍പ്പം പാംപറിംഗ്. അതുകൊണ്ട് ഞാന്‍ ഞാനും നീ നീയും അല്ലാതാവുകില്ലല്ലൊ. :-)
ശ്രീജ
നിത്യനോടൊപ്പമുള്ള ജീവിതം വിലയിരുത്തുമ്പോള്‍ - സുരക്ഷിതത്വബോധം
ഒത്തിരിയുണ്ട് - അതിരുകളില്ലാത്ത സ്വാതന്ത്ര്യം - വ്യക്തിസ്വാതന്ത്ര്യം,
അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, ഇഷ്ടവസ്ത്രധാരണ
സ്വാതന്ത്ര്യം എല്ലാമുള്ളതാണ് ഒപ്പമുള്ള ജീവിതം. ഒന്നും
അടിച്ചേല്‍പിക്കുന്നത്് മൂപ്പര്‍ക്കിഷ്ടമല്ല. മൂപ്പരുടെ ഭാഷയില്‍
പറഞ്ഞാല്‍ 'എന്നെയാരും ഭരിക്കുന്നത് എനിക്കിഷ്ടമല്ല'. എന്നുവച്ചാല്‍
നമ്മള്‍ പറയുന്നതൊന്നും അതേപടി സ്വീകരിക്കുകയില്ല. എന്നാലൊട്ടു
തള്ളിക്കളയാറുമില്ല. സഹായം പാത്രമറിഞ്ഞുവേണം എന്നതെന്റെ നയം.
പുള്ളിക്കതില്ല. അസൂയാവഹമാണ് മൂപ്പരുടെ സുഹൃദ്ബന്ധങ്ങള്‍. ദോഷകരമായി
ബാധിക്കുന്ന ബന്ധങ്ങളെപറ്റി മൂപ്പര്‍ ആലോചിക്കാറില്ല.
അതെനിക്കിഷ്ടവുമല്ല. പുള്ളിയുടെ എഴുത്തുകളില്‍ പരാമര്‍ശിക്കപ്പെടുന്ന
'ധൂമപാനവും മദ്യപാനവും' , മൂപ്പരുടെ ഭാഷയില്‍ വല്ലപ്പോഴുമുള്ള
ദുശ്ശീലങ്ങളെ ഞാന്‍ തീര്‍ത്തും വെറുക്കുന്നു. എന്റെയിഷ്ടങ്ങള്‍ക്കും
തുല്യപ്രാധാന്യം നല്കുന്നതാണ് മൂപ്പരുടെ രീതി. മേല്‍പറഞ്ഞ ദുശ്ശീലങ്ങള്‍
പലപ്പോഴും വിലങ്ങുതടിയാവാറുണ്ടെങ്കിലും.
കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ട്.
ജീവിതത്തില്‍ വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലായ്മയാണ്. കുട്ടികളുടെ വാശിക്ക്
വഴങ്ങിക്കൊടുക്കുകയാണ് പതിവ്. കാശുണ്ടെങ്കില്‍ ചോദിക്കുന്നതൊക്കെ
വാങ്ങിക്കൊടുക്കുകയാണ് രീതി. അതു നല്ലതല്ലെന്നതാണ് എന്റെ അഭിപ്രായം.
ചിലപ്പോള്‍ പുള്ളിയുടെ ചില തീരുമാനങ്ങള്‍ വളരെപെട്ടെന്നായിരിക്കും.
ധൃതിപിടിച്ച്, വേണ്ടത്ര ആലോചനയില്ലാതെ. അതിനോടും വിയോജിപ്പുണ്ട്.
ഈ വിഷയത്തില്‍ വായനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം