മലയാളി എത്ര പ്രാകൃതനാണെന്ന് കാലം ചെല്ലും തോറും തെളിഞ്ഞുവരികയാണ്. ഇല്ലാത്ത സംസ്ക്കാരത്തിന്റെയും മാന്യതയുടെയും അന്തര്‍ദേശീയ നിലവാരത്തിന്റെയും മേനി പറഞ്ഞുനടക്കുമ്പോള്‍, ഒളിഞ്ഞുനോട്ടത്തിന്റെയും ലൈഗികാസൂയയുടെയും ചീഞ്ഞളിഞ്ഞ സദാചാര സങ്കല്പവുമായാണ് മുഴുവന്‍ മലയാളികളും ജീവിക്കുന്നത്. (അല്ലാത്തവരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഈ"അക്രമിഗോത്രകൂട്ട''ത്തില്‍ നിന്ന് പുറത്തുവന്ന് അതു തെളിയിക്കേണ്ട സമയമായി!)
ഉത്തരേന്ത്യയില്‍, പാര്‍ക്കില്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ പരസ്യമായി സല്ലപിച്ചിരിക്കുന്ന യുവതീയുവാക്കളെ മര്‍ദ്ദിക്കലും അപമാനിക്കലും ശിക്ഷിക്കലും തുടങ്ങിയിട്ട് കൊല്ലം ചിലതായി. വനിതാപോലീസിനെയാണിതിന് ഉപയോഗിക്കുന്നത്.
ചില ഹിന്ദുസമുദായ സംഘങ്ങളുടെ പിന്‍തുണയും ഇതിനുണ്ട്. 'വാലന്റയിന്‍ ഡേക്ക്' ഹിന്ദു സംഘങ്ങള്‍ക്കൊപ്പം മുസ്ളീം സംഘടനകളും പിന്‍തുണയുമായെത്തി. ഹിന്ദു-മുസ്ളീം പകയൊന്നും ഇക്കാര്യത്തിലില്ല. അവരെല്ലാം ഒന്നാണ്.
കേരളത്തിലിതാ മാക്സിസ്റ് യുവജനസംഘടനകളും ഇവര്‍ക്കൊപ്പം അണിനിരക്കുന്നു.(ഹെലനാ എന്ന വീട്ടുവേലക്കാരി കാറല്‍മാക്സിന്റെ വെപ്പാട്ടിയായിരുന്നെന്നും, മാര്‍ക്സിനു ജീവിച്ചിരുന്ന ഒരേ ഒരു ആണ്‍കുട്ടി അവരിലുണ്ടായതാണെന്നും, എംഗല്‍ഡ് വിവാഹം കഴിക്കാതെയാണ് തന്റെ കൂട്ടുകാരിയുമായി കഴിഞ്ഞിരുന്നതാണെന്നും ഈ "യുവജനസദാചാരക്കാര്‍'' മറന്നുപോയിരിക്കുന്നു.)
അയല്‍വീട്ടില്‍ വരുന്നവരെ രഹസ്യമായി വീക്ഷിക്കുക, തുടര്‍ന്ന് ആ വീട്ടിലെ സ്ത്രീകളെക്കുറിച്ച് ലൈഗികഭൂഷണം നടത്തുക, അങ്ങിനെ അതൊരു 'വ്യഭിചാര വീടായി' മാറ്റിയെടുക്കുക എന്ന വിദ്യയാണ് കേരളത്തില്‍ മുന്‍പ് അരങ്ങേറിയിരുന്നത്. മലയാളിയുടെ ലാളിത്യം ഈ വിഷയത്തിലുമുണ്ട്. ഇതൊരു പരോക്ഷരീതിയായതിനാല്‍ എല്ലാ മലയാളി കുടുംബങ്ങളും ഇതില്‍ ഭയചകിതരാണ്. വനിതാപ്രവര്‍ത്തകര്‍ ഏറെയും നഗരങ്ങളില്‍ താമസിച്ച് പത്രപ്രസ്താവനകള്‍ മാത്രം നടത്തുന്നതുകൊണ്ട് പാവം നാട്ടിന്‍പുറത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ഈ ഭീതിയും വിഷമവും മനസിലാവില്ല. ഇനി അസമയങ്ങളില്‍ ആരെയെങ്കിലും കണ്ടാല്‍ മാരകമല്ലാത്ത രീതിയില്‍ കയ്യേറ്റം ചെയ്യുവാനും തയ്യാറായിരുന്നു മലയാളി ഗോത്രക്കൂട്ടങ്ങള്‍. ഇപ്പോള്‍ കാര്യങ്ങള്‍ അവിടുന്നും പോയിരിക്കുന്നു. ഒരുക്രിമിനലായ ശബരിനാഥിന്റെ വീടുവളയാനും, ഉണ്ണിത്താനെന്ന രാഷ്ട്രീയക്കാരനെ കുടുക്കാനും, അതിനെതിരെ അഭിപ്രായം പറഞ്ഞ സക്കറിയെ മര്‍ദ്ദിക്കാനും, ഇതൊരു താക്കീതാണെന്ന പാര്‍ട്ടിസെക്രട്ടറിയുടെ പ്രസ്താവനയും വന്നിരിക്കുന്നു. നാമെന്താണ് മനസിലാക്കേണ്ടത്?.....
പുരുഷ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്ന യുവതികളെ പോലീസ് പിടിച്ചിറക്കി സ്റേഷനിലെത്തിക്കുന്നു... ഭര്‍ത്താവിനെ വിളിച്ചു വരുത്തുന്നു... അപമാനിക്കുന്നു...!! കുടുംബം തകരുമെന്ന ഭയം മൂലം ആരും എതിര്‍ക്കുന്നില്ല. കോടതിയെ സമീപിക്കുന്നില്ല. വെള്ളക്കാരന്റെ വര്‍ണവെറിയെകുറിച്ചും, ഗ്വാണ്ടാനാമോയെക്കുറിച്ചും അലറുന്നവര്‍ കേരളത്തിലെ ഈ വക കാര്യങ്ങളെകുറിച്ച് നിശബ്ദരാണ്...
നാം സംശയിക്കേണ്ട- ഇവരെല്ലാം ഫാസിസ്റുകള്‍ തന്നെയാണ്. ഒരേ രക്തമാണ് ഇവരില്‍. അവസരം കിട്ടാന്‍ കാത്തിരിക്കുകയാണിവര്‍.
എന്നാല്‍ ഇവര്‍ക്ക് തടസ്സമായി ഒന്നുണ്ട്. അതാണ് ഇന്ത്യന്‍ ഭരണഘടന. (ദീര്‍ഘദര്‍ശിയായ ഡോ: അംബേദ്ക്കറെ നാം സ്മരിക്കുക. വ്യക്തിയാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനയൂണിറ്റ് എന്ന് അദ്ദേഹം എഴുതിച്ചേര്‍ത്തു; ഗാന്ധിജിയോട് പടവെട്ടിക്കൊണ്ട്.) വ്യക്തിസ്വാതന്ത്യ്രം മൌലീകാവകാശമാക്കിയിരിക്കുന്നു അതില്‍. അതിന്‍ പ്രകാരം ബന്ധുവല്ലാത്ത ഒരു വ്യക്തിക്കൊപ്പം (അത് ആണോ പെണ്ണോ ആകട്ടെ) യാത്രാചെയ്യാനും, പരസ്യമായി ഇടപെടുവാനും, ഒരുമിച്ചു താമസിക്കുവാനും സ്വാതന്ത്യ്രമുണ്ട്.
എന്നാല്‍ ഇതറിയാത്തവരല്ല പോലീസുകാര്‍. പിന്നെങ്ങിനെ അവര്‍ക്കിതിലിടപെടാനാവുന്നു?
അവിടെയാണതിന്റെ രഹസ്യമടങ്ങിയിരിക്കുന്നത്. ഒരേ ഒരു വാക്കാണ് ഈ അക്രമങ്ങള്‍ക്കൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആ ഒരൊറ്റ വാക്കിലാണ് ഇന്‍ഡ്യന്‍ സമൂഹവും സംസ്ക്കാരവും പ്രവര്‍ത്തിക്കുന്നത്. ആ വാക്കാണ്, പുരുഷാധികാരത്തിന്റെ പര്യായമായ "ഇന്‍ഡ്യന്‍ (ലൈംഗിക) സദാചാരം''
എന്നാല്‍ അതിനുമുണ്ട് ഭരണഘടനപോലൊരു തടസ്സം. കാരണം ഹിന്ദുവിനും, മുസ്ളീമിനും, ക്രിസ്ത്യാനിക്കും, പാഴ്സിക്കും, ആഗ്ളോഇന്‍ഡ്യനും ഒരോ സദാചാരമല്ല ഉള്ളത്. ഹിന്ദുക്കളില്‍ തന്നെ നമ്പൂതിരിക്കും നായര്‍ക്കും ദലിതനും ഈഴവനും വ്യത്യസ്ത സദാചാര പാരമ്പര്യമാണുള്ളത്.
എന്നുവച്ചാല്‍ പൊതുവായ ഒരു സദാചാരം കേരളത്തിലോ ഇന്‍ഡ്യയിലോ ഇല്ല എന്നര്‍ത്ഥം. ഇതിനെ മറികടക്കാന്‍ ഇതാ ഒരു പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് ഈ "സദാചാര കപടന്‍മാര്‍.'' ആ തന്ത്രം ഇതാണ് കേരളത്തിന് ഒരു "പൊതു'' സംസ്ക്കാരമാണുള്ളതത്രേ!!
ബ്രിട്ടീഷുകാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇറക്കുമതി ചെയ്ത വിക്ടോറിയന്‍"പള്ളി സദാചാരം'' എല്ലാ വിഭാഗങ്ങളും ഇപ്പോള്‍ സ്വീകരിക്കണമത്രേ! മറ്റൊരു കാര്യത്തിലും യാതൊരു സഹകരണവും സഹായവുമില്ലാത്ത ഈ ജാതി-മത സംഘങ്ങള്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഒരുമിക്കാന്‍ പോകുന്നു. കമ്മ്യൂണിസ്റ് യുവജന സംഘവും അവരോടൊപ്പം മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ പോകുന്നു. (സ്വാതന്ത്രം എന്ന മുദ്രാവാക്യം പിടിച്ച് 'ചെ' യുടെ ടി ഷര്‍ട്ടുമിട്ട് ജാതിമത സംഘങ്ങളുടെ ഫാസിസ്റ് തൊഴുത്തിലേക്കു നീങ്ങുന്ന ഇവരെയോര്‍ത്ത് സഹതപിക്കുക.)
മുപ്പതുകളില്‍ ജര്‍മ്മനിയെ ഒരു ഫാസിസ്റ് ശക്തിയാക്കുന്നതിന് നാസികള്‍ നടത്തിയ ലൈംഗിക അടിച്ചമര്‍ത്തലും ക്രമീകരണവുമാണ് കേരളത്തില്‍ തുടങ്ങിയിരിക്കുന്നത്. സ്വന്തം സമുദായത്തെ ഫാസിസ്റ് രീതിയില്‍ സംഘടിപ്പിക്കുവാനും അതിലൂടെ സ്വന്തം അധികാരസ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുമാണ് എല്ലാവിഭാഗത്തിലേയും നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവസാന യൂണിറ്റിലെ തലവനായി കുടുംബത്തിലെ പുരുഷനുമുണ്ട്.
കേരളീയ പുരുഷന്റെ ലൈംഗിക അവശതയും കൂടിയാവുമ്പോള്‍ ഇതിന് വേഗം പ്രചാരം സിദ്ധിക്കുന്നു. ഇരുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള തൊണ്ണൂറുശതമാനം മലയാളി പുരുഷന്‍മാരും ലൈംഗികത ശരിയായ രീതിയില്‍ ആസ്വദിക്കാനറിയാത്തവരോ അതൃപ്തരോ ആണ്. ഈ നാണക്കേട് അതാസ്വദിക്കുന്നവനോടുള്ള അസൂയയായി മാറുകയും അത് ആക്രമണമായി അവന്റെമേല്‍ പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്.
സ്വന്തം സ്ത്രീകള്‍ ലൈംഗികമായി സ്വാതന്ത്യ്രം പ്രഖ്യാപിച്ചാലോ എന്നുള്ളതാണ് പുരുഷന്റെ പ്രധാന ഭയം. അങ്ങിനെ അപകര്‍ഷതയും ഭയവും ഒരുമിച്ചു ചേര്‍ന്നു ഫാസിസമായി വളരാന്‍ തുടങ്ങിയിരിക്കുന്നു. പോലീസും, മതവും, രാഷ്ട്രീയവും, ഒരുമിച്ചാണിക്കാര്യത്തില്‍. തകര്‍ന്നുകഴിഞ്ഞ കുടുംബസംവിധാനങ്ങളെയും വിശ്വാസ്യത നഷ്ടപ്പട്ട മത-രാഷ്ട്രീയ രൂപങ്ങളെയും തുന്നിക്കൂട്ടാനുള്ള ഒരു വിഫലശ്രമം മാത്രമാണിതെന്ന കാര്യം ആരും തന്നെ ഓര്‍മ്മിക്കാനിഷ്ടപ്പടുന്നില്ല. എങ്കിലും അവര്‍ ലാത്തിയും വടിവാളും ഊരുവിലക്കുമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും.
സ്ത്രീ പുരുഷബന്ധമെന്നാല്‍ ലൈംഗികത മാത്രമാണെന്നാണ് തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഇന്‍ഡ്യക്കാരന്റേയും വിശ്വാസം. ഈ അന്ധതക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങേണ്ടുന്ന സമയം അതിക്രമിച്ചിരക്കുന്നു. ഇല്ലായെങ്കില്‍ സാഡിസവും ഫാസിസവും ഇഴചേര്‍ത്തു നിര്‍മ്മിച്ച ഒരിരുമ്പു മറയ്ക്കു പിന്നില്‍ കൌമാരങ്ങളുടെ നിലവിളികേള്‍ക്കാന്‍ ഇനി അധിക നാളുകളില്ല.