Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - പ്രണയം
arrows എന്റെ വണ്‍വേ പ്രണയത്തെപ്പറ്റി -- രാജേഷ് നന്തിയാംകോട്
 
പ്രേമ നിര്‍ഭരം മൂകമെന്നന്തരാത്മാവിന്നും
ഗ്രാമസൌന്ദര്യപ്പൂവിലവളെത്തിരയുന്നു.
പി. കുഞ്ഞിരാമന്‍ നായര്‍

വര്‍ഷങ്ങള്‍ക്കുമുന്‍മ്പാണ് സുഹൃത്ത് സന്തോഷിന് അവന്റെ കാമുകി ഹയറുന്നിഷ പ്രണയലേഖനം കൈമാറുന്നത് ഞാന്‍ നേരില്‍ കാണുന്നത്. അന്നേരം അവളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു പരിഭ്രാന്തി നിറഞ്ഞിരുന്നു. കിളിവാലന്‍ കുന്നിറക്കത്തിലെ ടാറിട്ടറോഡില്‍ ആളില്ലാനേരവും കാലവും നോക്കി അവര്‍ മിണ്ടിയും പറഞ്ഞും പ്രണയാക്ഷരങ്ങളെ സൌന്ദര്യപ്പെടുത്തി. ഹയറുന്നിഷ സുന്ദരിക്കുട്ടിയായിരുന്നു പ്രായം പതിനേഴോ പതിനെട്ടോ? സന്തോഷ് സുന്ദരനൊന്നുമല്ല. പോരാത്തതിന് സാമാന്യം നന്നായിട്ടുതന്നെ കള്ളും കുടിക്കും, ബീഡിയും വലിക്കും, പാന്‍പരാഗും തിന്നും. എന്നിട്ടുമെന്തോ സുന്ദരിയായ ഹയറുന്നിഷ മതത്തിന്റെ കെട്ടുപാടുകളെ ഭേദിച്ച് അവനെ പ്രണയിച്ചുകൊണ്ടിരുന്നു.
കിളിവാലന്‍ കുന്നിന്‍ചെരുവിലെ കരിമ്പനകളും, പൈനാപ്പിള്‍ച്ചെടികളും കമ്യൂണിസ്റ് പച്ചക്കാടുകളും തൊട്ടുരുമ്മി നിന്ന കൊടിയില്‍ വച്ച് ആരുമറിയാതെ പുണരുകയും ഉമ്മവക്കുകയും ചെയ്യുകയുണ്ടായി. ഒരുനാള്‍ കരിമ്പനപ്പട്ട വെട്ടാന്‍ കരിമ്പനമുകളില്‍ കയറിയ രാമേട്ടന്‍ മുകളില്‍ നിന്ന് താഴെ കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടു. അന്നു വൈകുന്നേരം ഞാനും സന്തോഷും സുഹൃത്തുക്കളും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയിലേക്ക് രാമേട്ടന്‍ കുടിച്ച് ഫിറ്റായി വന്ന് സന്തോഷിനോട് ഇങ്ങനെ പറയുന്നത് ഞങ്ങള്‍ കേട്ടു."സന്തോഷേ യ്യ് ഓളെ തഴയര്ത് നശിപ്പിക്കര്ത്''
മേസണ്‍ തൊഴിലാളിയായ സന്തോഷ് ആരുടേയും അത്രക്കൊന്നും എതിര്‍പ്പുകളില്ലാത്ത ഹയറുന്നിഷയെ കല്യാണം കഴിച്ചു. ഇപ്പോള്‍ രണ്ടു കുട്ടികള്‍. ഒരാണും ഒരുപെണ്ണും.

 

ഇന്നോളം 
എനിക്കുതെറ്റിയ
വഴികളെല്ലാം
നിന്നിലേക്കുള്ളതായിരുന്നു.
ടി.പി. രാജീവന്‍.
ഞാനിവിടെ തെറ്റിക്കൊണ്ടേയിരിക്കുന്നു. അവളിലേക്ക് ഞാന്‍ വെറുതേ വഴി വെട്ടികൊണ്ടിരുന്നു. കാലങ്ങളായി, ഇനിയുമെത്താതെ തെറ്റി തെറ്റി പോകുകയാണ് ഞാന്‍. നിന്നിലേക്കെത്തുമോയെന്ന് ഞാനെന്നോടുതന്നെ നിരന്തരമാവര്‍ത്തിച്ചു.
അവള്‍ക്കിപ്പോള്‍ പ്രായം ഇരുപത് എനിക്ക് ഇരുപത്തെട്ട്. അവള്‍ നന്ദിയം കോട്ടില്‍ നിന്ന് ദൂരെ ദൂരെയൊരു കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി. ഞാനിവടെ തികഞ്ഞൊരു മരപ്പണിക്കാരന്‍ ഞാനെപ്പോഴും അവളെ ഓര്‍ക്കും. അവള്‍ പോകുന്ന വഴികള്‍, ദൂരേ അവളുടെ കാമ്പസ്, അവളുടെ സുഹൃത്തുക്കള്‍, അവളിടാറുള്ള വസ്ത്രങ്ങള്‍, നെറ്റിയിലൊട്ടിക്കാറുള്ള പൊട്ട്, കണ്ണെഴുതാറുള്ള കണ്‍മഷി, കാതില്‍ നിന്നി തോളിലേക്ക് ഊഞ്ഞാലാടുന്ന കമ്മലുകള്‍, എന്നില്‍ അവളാണ് ലോകത്തേറ്റവും സുന്ദരി; അവളുടെ നടപ്പ,് ഇരുപ്പ്, വര്‍ത്തമാനങ്ങള്‍, ചിരി ഇതൊക്കെയും എനിക്കന്യമാണെങ്കില്‍ക്കൂടി സ്വപ്നങ്ങളില്‍ നിറഞ്ഞു തുളുമ്പി വന്നു. ഒരിക്കലും നേര്‍ക്കുനേര്‍ നിന്നൊന്ന് വര്‍ത്തമാനം പറഞ്ഞില്ല. ഇഷ്ടം അറിയിച്ചില്ല. പരസ്പരം തല ഉയര്‍ത്തി നോക്കിയില്ല. പറയാതെ പറയുന്ന മനസ്സുകളുടെ വ്യാപാരമാണ് പ്രണയമെന്ന് ഞാനെന്നോട് മാത്രം നിരന്തരം മന്ത്രിച്ചു. 
ഇടക്കൊരു പേടിയോടെയും നിസ്സംഗതയോടെയും ചിന്തിക്കും ദൈവമേ..... അവള്‍ക്കിനി വല്ല കാമുകന്മാരുമുണ്ടാകുമോ? ഉണ്ടാകാതിരിക്കില്ല. പുതിയ കാലം പുതിയ സാധ്യതകള്‍. പ്രണയത്തിന്റെ നേര്‍ത്തൊരു പാളിയെ തൊട്ടുണര്‍ത്താന്‍ ടങട മാത്രം മതിയാകുന്ന കാലത്ത് കാമുകനില്ലാത്ത ബിരുദ വിദ്യാര്‍ത്ഥിയോ?

 

 

ഉള്ളില്‍ പഴയ കവത തന്നീരടി-
ത്തെല്ലുപോല്‍ നിന്‍ ചിരി
കാത്തു വെച്ചു 
എത്ര ദശാബ്ദങ്ങള്‍ പിന്നിട്ടുപോയ്.
എന്ന് ഞാന്‍ സുഗതകുമാരിയുടെ വരികളോര്‍ത്ത് ഏതെങ്കിലുമൊരു കാലത്ത് മുടിനരച്ചിരിക്കുമ്പോള്‍; തോളിലൊരു സ്പര്‍ശമായി അവളുടെ കൈകള്‍ ചെറുചൂടോടെ സ്നേഹത്തിന്റെ അനക്കങ്ങള്‍ ഓര്‍മ്മിപ്പിക്കുമോ?
പ്രണയം പേരറിയാത്ത കുഞ്ഞുകുഞ്ഞു നൊമ്പരങ്ങളുടെ വലിയ വലിയ അനക്കങ്ങള്‍ എനിക്കു കാണിച്ചു തരുന്നു.

 

 

ജീവിത മോഹമേറുന്ന വ്യാമോഹ പാതയില്‍.
ഒരിക്കല്‍ പെയ്താല്‍ മതി 
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍
പി. ആര്‍. രതീഷ്
അങ്ങനെ വരുമോ? എന്ന് ഞാന്‍ നിരന്തരം ആലോചിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 'പ്രണയമഴ' എന്ന കവിതയിലെ സൂചനയോര്‍ത്ത് ഞാനാശങ്കപ്പെട്ടുപോകുന്നു. പ്രണയം ഒരു കുളിര്‍മഴയാകുമ്പോള്‍, ആ മഴ ഇടക്കൊന്ന് തോര്‍ന്ന് പോയാല്‍ കാലാകാലമതിന്റെ ചോര്‍ച്ചയെപ്പറ്റി വ്യാകുലപ്പെടുന്നതിന്റെ പൊരുളെന്ത്?
കാലം നമുക്കു തരേണ്ടുന്ന കാല്‍പ്പനികത, പ്രണയമല്ലാതെ വേറെന്ത്? തോളോട് തോള്‍ ചേര്‍ന്ന് പോകാന്‍, തളര്‍ന്നിരിക്കുമ്പോള്‍ ചുമലിലൊന്ന് തലചായ്ക്കാന്‍, വര്‍ത്തമാനങ്ങളാല്‍ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പ്രണയം ലോകത്തെ ഏറ്റവും വലിയൊരു കണ്ണാടിയായി ഞാന്‍ കാണുന്നു. അതുമല്ലെങ്കില്‍ കണ്ണോടു കണ്ണു നോക്കിയിരിക്കുമ്പോള്‍ പരസ്പരം കാണുന്ന നമ്മെത്തന്നെ. കാലമോ, ജീവിതമോ, പ്രണയത്തെ ഉദാത്തവല്‍ക്കരിക്കുന്നത് കണ്ണുകളിലൂടെയാകണം. അതുകൊണ്ടുതന്നെ ഒരിക്കല്‍ പെയ്താല്‍ ജീവിതം മുഴുവന്‍ ചോരില്ല എന്ന് ഞാന്‍ വിചാരിക്കട്ടെ.
ഞാനെപ്പോഴും കിനാവു കണ്ടു കൊണ്ടേയിരിക്കുന്നുണ്ട്. നന്ദിയം കോട്ടിലെ ഞാനിഷ്ടപ്പെടുന്ന പെണ്ടകുട്ടി എന്നോട് പ്രണയമെന്ന് മൊഴിയുന്നതും അവളുടെ ഞാനിതുവരെ കാണാത്ത കൈപ്പടയില്‍ ഒരു പ്രണയലേഖനം തലകുനിച്ച് പരിഭ്രാന്തിയോടെ എനിക്ക് നേരെ നീട്ടുന്നതും, റോഡരികിലൂടെയോ, പൂന്തോപ്പിലൂടെയോ മുട്ടിയുരുമ്മി നടക്കുന്നതും, അവള്‍ ഹൃദയം നിറഞ്ഞു തരുന്ന ചുംബനം പ്രണയാര്‍ദ്രതയോടെ ഞാനേറ്റുവാങ്ങുന്നതും കാലം എന്താണ് എനിക്ക് വേണ്ടി മാറ്റിവച്ചതെന്ന് പറയാനാവില്ലല്ലോ? എന്റെ പ്രണയ വിചാരങ്ങളില്‍ നാഴികക്കുനാല്‍പ്പതു വട്ടവും എന്തുകൊണ്ടാണിങ്ങനെ അവള്‍ കയറി വരുന്നതെന്ന് ഞാന്‍ പേര്‍ത്തും പേര്‍ത്തും ചിന്തിക്കാഞ്ഞിട്ടല്ല.

 

 

എന്റെ ദൈവങ്ങളേ
നിങ്ങള്‍ക്ക് 
എന്തെങ്കിലുമൊരു
കഴിവും
പ്രാപ്തിയുമുണ്ടെങ്കില്‍
അവളോടുള്ള
എന്റെ, ഇഷ്ടം 
എനിക്കറിയിക്കാനുള്ള
ശക്തിയും
അവസരവും
തരണമേയെന്ന്
പ്രാര്‍ത്ഥിച്ച്, പ്രാര്‍ത്ഥിച്ച്
വര്‍ഷം
അഞ്ചോ ആറോ
കഴിഞ്ഞുപോയിരിക്കുന്നു.
ചിലകാര്യങ്ങള്‍ അങ്ങിനെയാണ് നടക്കില്ല എന്നറിഞ്ഞിട്ടും നാം മനസ്സിലത് നിരന്തരം കൊണ്ടു നടക്കുന്നു. ഇതൊരു ഭ്രാന്തായിരിക്കണം അല്ലാതെ പിന്നെന്ത്?

 

 

രാജേഷ് നന്തിയം കോട്, 
കൂറ്റനാട്, പാലക്കാട്;
ഫോണ്‍: 9249221988

 

 
 
 [0]  
 
arrows ആദ്യത്തെ പ്രേമലേഖനം - അനിൽ ഫ്രാങ്കോ
arrows കൗമാരസ്വപ്‌നങ്ങളിലെ മഞ്ഞ്‌ -- മൈന
arrows മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം -- അഷിത എം
arrows പ്രണയം -- വിധു വി പി
arrows പ്രണയം-വിധു വി പി
arrows പ്രണയം, നൈരാശ്യം, പ്രവാസം - സതീഷ് സഹദേവന്‍
arrows എന്റെ സ്വപ്നം എന്റെ പ്രണയം-രാജേഷ് നന്ദിയംകോട്
arrows ഇഷ്‌ടം പൂത്ത ചെമ്പനീര്‍ക്കാലം - ടി.സി. രാജേഷ്‌
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us