രോഗവിമുക്തിക്കായുള്ള പ്രവര്‍ത്തനങ്ങളെയാണ് പ്രായേണ നാം ചികിത്സയെന്ന് വിവക്ഷിക്കുന്നത്. ഭാരതത്തില്‍ ഇപ്പോള്‍ ശാസ്ത്രം തൊട്ട് ആയുര്‍വ്വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ. കേരളത്തിലാകട്ടെ ഇവയെല്ലാം ഏറെക്കുറെ നല്ലരീതിയില്‍ ജനങ്ങളാല്‍ സ്വീകരിക്കപ്പെട്ടവയുമാണ്. ഇവയിലാകട്ടെ കാലിക പ്രാധാന്യം കൊണ്ട് മുന്‍പന്തിയില്‍ നില്ക്കുന്നത് ആയുര്‍വ്വേദവും അതുകൊണ്ടുതന്നെ വിവണിവല്ക്കരണം ഏറ്റവും നേരിടേണ്ടിവന്നതും ഈ ശാസ്ത്രത്തിനാണ്. ഈ ലേബലില്‍ എന്തും വിറ്റുകാശാക്കാം എന്ന നിലവന്നപ്പോള്‍ ഈ രംഗത്തേക്ക് വിവണിയുടെ കഴുകന്‍ കണ്ണുകള്‍ സ്വാഭാവികമായും പതിഞ്ഞു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ആയുര്‍വ്വേദത്തിന്റെ പേരില്‍ എന്തും വിറ്റുപോകും എന്ന നിലയാണിപ്പോള്‍.
ആയുര്‍വ്വേദത്തിന്റെ മുതുകില്‍ ചാരി ഞങ്ങളുടെ ഉത്പന്നങ്ങളെ വിപണനം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഈ ശാസ്ത്രത്തെ വ്യഭിചരിക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ അവര്‍ക്ക് ആയുര്‍വ്വേദം എന്താണെന്നറിയുകയില്ല. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് ഈ ശാസ്ത്രത്തെ ചൂഷണംചെയ്യുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്.
ചികിത്സാരംഗത്ത് ആഹാര, വിഹാര ഔഷധങ്ങള്‍ക്ക് തുല്യപ്രാധാന്യമാണുള്ളത്. ആയുര്‍വ്വേദ ചികിത്സയെപ്പറ്റി വിവരിക്കുമ്പോള്‍ ആഹാരങ്ങളേയും വിഹാരങ്ങളേയും പറ്റി വിശദ്ദമാക്കിയ ശേഷമാണ് ഔഷധപ്രയോഗത്തെപ്പറ്റി പറയുന്നത്. പലരോഗങ്ങളും ആഹാരനിയന്ത്രണം കൊണ്ടുതന്നെ ശമിപ്പിക്കാവുന്നവയാണ്. മറ്റു ചിലരാകട്ടെ വിഹാരങ്ങളെ കൊണ്ട് (വ്യായാമ വിശ്രമങ്ങള്‍ കൊണ്ട്) നിയന്ത്രിക്കാം. വേറെ ചിലവയാകട്ടെ ആഹാരനിയന്ത്രണങ്ങളും വിഹാര നിയന്ത്രണങ്ങളും കൊണ്ട് ശമിപ്പിക്കാവുന്നവയാണ്. ഈ രണ്ട് ഘടകങ്ങള്‍ കൊണ്ട് വേണ്ടത്ര ഫലസിദ്ധി കിട്ടാത്തപ്പോള്‍ മാത്രമാണ് ഔഷധസേവ ആരംഭിക്കേണ്ടത്. ഇത് ഏറ്റവും കൂടുതല്‍ വിവരിക്കപ്പെടുന്ന ജീവിത ശൈലിരോഗങ്ങളില്‍ മുന്‍പറഞ്ഞ തത്വം വളരെ പ്രസക്തമാണ്. എന്നാല്‍ ഈ ശാസ്ത്രത്തിന്റെ വിവണി വല്‍ക്കരണം കാരണം ആഹാര വിപാരങ്ങളുടെ പ്രാധാന്യത്തെ തമസ്ക്കരിച്ചു കൊണ്ട് ഔഷധ പ്രാധാന്യമാണ് ചികിത്സ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.
ആയുര്‍വ്വേദത്തില്‍ രോഗത്തേക്കാള്‍ രോഗിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് രോഗനിര്‍ണ്ണയവും ചികിത്സയും നിശ്ചയിക്കുന്നത്. ഓരോ വ്യക്തിയുടേയും ജനിതക ഘടകവും ജീവിത സാഹചര്യങ്ങളും ശീലങ്ങളും പ്രകൃതിയും അയാളുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമായിരിക്കുന്നു. അതുകൊണ്ടുതന്നെ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും ആയുര്‍വ്വേദം ഈ ഘടകങ്ങളെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെ ചികിത്സ പ്രതിവ്യക്തി വിഭിന്നമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരേ ചികിത്സ ഒരിക്കലും നല്കാന്‍ കഴിയില്ല എന്നര്‍ത്ഥം.
പക്ഷെ പരസ്യവിപണിയില്‍ നാം കാണുന്നകാഴ്ച ഇതിന് വിപരീതമാണ്. നിങ്ങളുടെ രോഗം എന്തുമാകട്ടെ, അതിന് ആയുര്‍വ്വേദത്തില്‍ ഒറ്റമൂലിയുണ്ട് എന്നാണ് ഏതു പരസ്യവും നമ്മോട് പറയുന്നത്. ഇന്ന് കാണുന്ന പല പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ നമ്മുക്ക് തന്നെ സംശയമാക്കും കേരളീയരെ അലട്ടുന്ന ഗുരുതരമായ പ്രശ്നം ലൈംഗിക ശേഷിക്കുറവാണെന്ന്. നിങ്ങള്‍ക്ക് സംതൃപ്തമായ ലൈംഗിക ജീവിതമാണ് അവര്‍ ഓഫര്‍ ചെയ്യുന്നത്. നിങ്ങളുടെ മറ്റു ശാരീരിക മാനസിക പ്രശ്നങ്ങളൊന്നും പ്രശ്നമല്ല, ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ മതി. മറ്റൊരു കൂട്ടരാകട്ടെ നിങ്ങളുടെ കുഞ്ഞുങ്ങളെ ബുദ്ധിശക്തി വളര്‍ത്താനുള്ള ഔഷധവുമായാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. പരസ്യങ്ങള്‍ കണ്ടാല്‍ അമിതവണ്ണവും കുടവയറും ഒരു പ്രശ്നമേയല്ല എന്ന തോന്നലുണ്ടാകും. പരിഹാരമായി പുറമെപുരട്ടുന്ന തൈലം മുതല്‍ അകത്തേക്ക് കഴിക്കാവുന്ന ഗുളികകള്‍ വരെ വിപണിയിലുണ്ട്. പാരമ്പര്യഘടകമോ ശാരീരിക മാനസിക പ്രശ്നങ്ങളോ നിങ്ങള്‍ നോക്കേണ്ട, തലയില്‍ എണ്ണ തേച്ച് പ്രമേഹം മാറ്റാം എന്നാണ് വാഗ്ധാനം. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം മൂലക്കുരുവാണെന്നും പ്രതീതിയുളവാക്കുന്ന പരസ്യങ്ങളുടെ ഒരു പ്രളയം തന്നെ നമ്മുക്ക് ഇന്ന് മാദ്ധ്യമങ്ങളില്‍ കാണാം. കേശസംരക്ഷണം തുടങ്ങി മുഖകാന്തി വര്‍ദ്ധനവരെയുള്ള ഏതു പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരമായി ഔഷധങ്ങള്‍ ആയുര്‍വ്വേദത്തിന്റെ ലേബലില്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. രോഗം മാത്രം ശ്രദ്ധിക്കൂ. രോഗിയെ ശ്രദ്ധിക്കേണ്ട എന്ന് പരോക്ഷമായി ഇവ നമ്മോട് പറയുന്നു.
ഇവിടെയെല്ലാം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ആരോഗ്യപ്രശ്നം നിങ്ങളുടെ ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. രോഗനിര്‍ണ്ണയത്തില്‍ യാതൊരു പ്രസക്തിയും കാണുന്നില്ല. രോഗനിര്‍ണ്ണയവും ചികിത്സയുമെല്ലാം പരസ്യങ്ങള്‍ വഴി നിര്‍വ്വഹിക്കാം. ഇങ്ങിനെ പരസ്യങ്ങളാല്‍ വഞ്ചിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് ആരോഗ്യ നഷ്ടവും ധനനഷ്ടവും സമയ നഷ്ടവുമാണ്. നിലവിലുള്ള മാജിക്ക് മെഡീസ് ആക്ട് പ്രകാരം ഇപ്രകാരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇങ്ങനെ ഒരു നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ ഇത്തരം പരസ്യങ്ങള്‍ നിര്‍ബാധം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മാത്രമല്ല, പ്രബുദ്ധരായ മലയാളികള്‍ ഇത്തരം പരസ്യങ്ങളില്‍ വീണുപോകുകയും ഇത്തരം ഉല്പനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്യുന്നു. എത്ര പ്രാവശ്യം വഞ്ചിക്കപ്പെട്ടാലും പാഠം പഠിക്കാത്ത സാക്ഷരരായ മലയാളികള്‍ തുടര്‍ന്നും ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നാലെ പോകുന്നു. മാധ്യമങ്ങളും അധികാരികളും പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇതിനെതിരെ പ്രതികരിക്കുന്നവന്‍ ഒറ്റപ്പെട്ടു പോകുകയാണ് പതിവ്. സങ്കടകരമായ കാര്യം അംഗീകൃതയോഗ്യതയുള്ളവര്‍ കൂടി ഇങ്ങനെ വിപണനത്തിന് വ്യാജന്മാരുടെ ഒപ്പം ഉണ്ട് എന്നുള്ളതാണ്. അതുകൊണ്ട് നിലവിലുള്ള നിയമം കുറെകൂടി കാര്‍ക്കശ്യമാക്കുകയും അതു നടപ്പിലാക്കുകയും ചെയ്തേ മതിയാകൂ.
വിപണിയുടെ തന്ത്രങ്ങള്‍ക്ക് സ്വന്തം തലച്ചോറ് പണയപ്പെടുത്തികഴിഞ്ഞ സാക്ഷര മലയാളിക്ക് എന്തുസംഭവിക്കുന്നുവെന്നത് വര്‍ത്തമാനകാല ചരിത്രമാണ്. പുതിയ കുടങ്ങളില്‍ നറച്ചുതരുന്നത് പഴയ വിത്തു തന്നെയെന്ന് അറിയാതെയല്ല ഇത്തരം ഉല്പ്പനങ്ങളൊന്നും തന്നെ മലയാളികള്‍ വാങ്ങിക്കൂട്ടുന്നതെന്നതാണ് ഏറെ ലജ്ജാകരമായ സ്ഥിതിവിശേഷം. ഒട്ടുംതന്നെ വാണിജ്യവത്ക്കരിക്കപ്പെടരുതാത്ത ആരോഗ്യരംഗവും വിദ്യാഭ്യാസ രംഗവും (ഓര്‍മ്മ, ബുദ്ധി, റാങ്ക്) ഇന്ന് അടക്കിവാഴുന്നത് ആയുര്‍വ്വേദത്തിന്റെ പിന്‍ബലമുണ്ടെന്ന് അവകാശപ്പെടുന്ന വിവിധയിനം ഉല്പനങ്ങളാണ്. ഇതിന്റെ സത്യാവസ്ഥയെ പറ്റി ചിന്തിച്ചു തുടങ്ങുന്ന ഒരു കാലത്തിലേക്ക് നമ്മള്‍ എത്തിപ്പെടാതിരിക്കില്ല എന്നു പ്രത്യാശിക്കാം.