Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

ബൂലോഗം - 
arrows ബൂലോഗ വിചാരണ 31-- എന്‍ കെ
 

അജ്ഞാതനായ എഴുത്തുകാരാ പ്രണാമം. എത്രയോ നാളുകളായി എന്തിനുവേണ്ടിയോ ബൂലോഗത്ത്‌ അലഞ്ഞുകൊണ്ടേയിരിക്കുന്നു. തീര്‍ത്തും ലക്ഷ്യബോധമില്ലാതെയെങ്കിലും ലക്ഷ്യം കണ്ടെത്താനുള്ള ഒരു തീര്‍ത്ഥാടനം പോലെ. കണ്ടതില്‍ ചിലതിനെക്കുറിച്ചെല്ലാമെഴുതി. ലക്ഷ്യബോധമില്ലാത്ത ആ യാത്രയില്‍ കൈവന്ന ലക്ഷ്യമാമെന്നുതോന്നുന്നു മേഘസന്ദേശം.

അക്ഷരങ്ങള്‍ ജീവന്‍തുടിക്കുന്ന വാക്കുകളാവുമ്പോള്‍, ആ ഓരോ വാക്കും വായനക്കാന്റെ ചിന്തയിലുളവാക്കുന്ന ഇടിമിന്നലുകള്‍ നേരിട്ടനുഭവവേദ്യമാകുവാന്‍ കടന്നുപോവുക ദൈവം വിരചിക്കുന്ന മേഘസന്ദേശത്തിലൂടെ. ദൈവത്തെപ്പോലെതന്നെ ദൈവങ്ങളുമായി ഇടപാടുകളില്ലാത്ത ഈയുള്ളവനും സംശയലേശമന്യേ പ്രഖ്യാപിക്കട്ടെ - ഈ വാക്കുകള്‍ ദൈവികമാണ്‌. വരികളും. അത്രമേല്‍ മനോഹരം. ഇതിലും മനോഹരമായി എഴുതാമെന്ന്‌ തോന്നിക്കുന്ന ഒരൊറ്റ വരിപോലുമവശേഷിപ്പിക്കാതെ, വാക്കുകള്‍ ഹൃദയത്തില്‍നിന്ന്‌ വിരല്‍തുമ്പിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന അന്യൂനമായ ക്രാഫ്‌റ്റ്‌.

ബുദ്ധനെയും ജിബ്രാനെയും ആവാഹിച്ച ഒരു ജീവിതം രേഖപ്പെടുത്തുന്ന ഒരു സുന്ദരസന്ദേശകാവ്യം പോലെ മേഘസന്ദേശം. 'ആത്മരതി' യ്‌ക്കുശേഷം 'വിട' എന്ന അടുത്ത പോസ്‌റ്റ്‌ അതുല്യ പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍.സത്യവ്രതന്‍ അനുസ്‌മരണമാണ്‌. എത്രയോ അനുസ്‌മരണക്കുറിപ്പുകള്‍ വായിക്കുവാനുള്ള ദുര്‍വിധി ജീവിച്ചിരിക്കുന്നവര്‍ക്കു സ്വാഭാവികമായും ഉണ്ടാവുന്നതാണ്‌. അര്‍ഹമായതും അനര്‍ഹമായതുമായ സ്‌മരണകള്‍. പലപ്പോഴും അര്‍ഹിക്കുന്നവര്‍ക്കുവേണ്ടിയുണ്ടാവുക തട്ടിക്കൂട്ടിയ വരികളാവുമ്പോള്‍ അനര്‍ഹര്‍ക്കുവേണ്ടി അണിയറയില്‍ തയ്യാറാവുക സുന്ദരമായ കളവുകള്‍കൊണ്ട്‌ മെനഞ്ഞ ഓര്‍മ്മത്തെറ്റുകളുടെ പുഷ്‌പചക്രങ്ങളായിരിക്കും.

ഉചിതമായി അനുസ്‌മരിക്കേണ്ടവരെ, ഉചിതമായ വാക്കുകളില്‍ ആകര്‍ഷകമായ ശൈലിയില്‍, ഹൃദയത്തിന്റെ ഭാഷയില്‍ ഓര്‍മ്മിക്കുന്ന കുറിപ്പുകള്‍ വിരളമാവുമ്പോള്‍ അതിനൊരപവാദമാകുന്നു ദൈവത്തിന്റെ വാക്കുകള്‍. വലിയ ഇടവേളകളില്ലാതെ ബൂലോഗത്തെ സമ്പന്നമാക്കട്ടെ മേഘസന്ദേശത്തിലെ പോസ്‌റ്റുകളോരോന്നും. ദൈവത്തിന്‌ ഒരായിരം അഭിവാദ്യങ്ങള്‍.

 

സ്വപ്‌നയാത്ര

 

swapnayathra.JPG 

പ്രണയം അതിരുകളില്ലാത്ത വികാരവും ജീവിതം കരകാണാകടലും എന്ന പ്രതീതിയുളവാക്കുന്ന നല്ല കഥയുമായി ആഗ്നേയ. അനു എന്ന അനിലാനമ്പ്യാരുടെ ജീവിതം, പ്രവാസം, സൗഹൃദങ്ങള്‍, സുഹൃത്തിന്റെ ജീവിത ദുരന്തം, അവയുടെയെല്ലാം പശ്ചാത്തലത്തില്‍ അഫ്‌ഗാന്‍കാരനായ സനയുമായുള്ള പ്രണയം ജീവിതത്തിനുമുന്നില്‍ ഒരു ചോദ്യചിഹ്നമായി വരുമ്പോള്‍ വികാരത്തിനുമീതെ ഇഴഞ്ഞുകയറിയ വിവേകം 'ചികിത്സയെക്കാളും നല്ലത്‌ പ്രതിരോധമാണെന്ന്‌' അവളെക്കൊണ്ട്‌ ചിന്തിപ്പിക്കുന്നു. പ്രണയത്തിന്റെ അടയാളമോതിരം കാമുകന്റെ കൈകളില്‍ വച്ചുകൊടുത്തു തിരിച്ചുനടന്ന അനു വീണ്ടും പ്രണയത്തിന്റെ അനന്തവിഹായസ്സിലേയ്‌ക്കു പറന്നുയരുമ്പോള്‍ ജീവിതവും പ്രണയവും രണ്ടല്ലെന്നുള്ള സന്ദേശമാണ്‌ ആഗ്നേയ നല്‌കുന്നത്‌ 'ദൂരദൂരം പോകേണ്ടവര്‍' എന്ന നല്ല കഥയിലൂടെ.

 

 


ഉണ്ണിയുടെ ലോകം                          unniyude lokam.JPG

 

ഗതകാലത്തിന്റെ ഹൃദ്യമായ ഒരുപിടി ഓര്‍മ്മകള്‍, ഒരു കാര്‍ഷികസംസ്‌കൃതിയുടെ മണ്‍മറഞ്ഞ നല്ല നാളുകളുടെ ചിന്തകള്‍ പങ്കുവെയ്‌ക്കുകയാണ്‌ ഉണ്ണി 'ഒരു കൊയ്‌ത്തുകാലത്തിന്റെ ഓര്‍മ്മ' യിലൂടെ. അനന്തമായ വയലേലകളും, സ്വര്‍ണനിറത്തിലുള്ള കതിരുകള്‍ വിളഞ്ഞ നെല്ലിന്‍തണ്ടു മണക്കും വഴികളും, പാടത്തെ വെയിലിലും ചെളിയിലും പണിചെയ്യുന്ന തൊഴിലാളികളും അവരുടെ ജീവിതവും പ്രണയവും മരണവും എല്ലാം ഇനി വരുന്ന കുട്ടികള്‍ക്ക്‌ ഒരുപക്ഷേ പരശുരാമന്‍ മഴുവെറിഞ്ഞ പോലൊരു ഐതിഹ്യമായി തോന്നിയേക്കാം.

വിത്തുകുത്തി തിന്നുന്ന നമ്മുടെ പാരമ്പര്യം അതിലേയ്‌ക്കെത്തിച്ചു എന്നു പറയുന്നതാവും നേര്‌. മലബാറില്‍ പാടങ്ങള്‍ മരുന്നിനുപോലുമില്ലാതായിക്കഴിഞ്ഞു. അവിസ്‌മരണീയങ്ങളായ ഓര്‍മ്മകളെ അതിന്റെ സൂക്ഷ്‌മാംശങ്ങളോടെ പുന:സൃഷ്ടിക്കുകയാണ്‌ ഉണ്ണി 'ഒരു കൊയ്‌ത്തുകാലത്തിന്റെ ഓര്‍മ്മയില്‍'

 


 

വസ്‌ത്രം മാറിമാറിവരുന്ന കാലത്തിന്റെ നേര്‍ക്കാഴ്‌ചയെക്കുറിച്ച്‌ നന്ദന. വസ്‌ത്രത്തിന്റെ പരിണാമസിദ്ധാന്തത്തെ സൗന്ദര്യശാസ്‌ത്രപരമായി നന്ദന നോക്കിക്കാണുകയാണ്‌ കവിതയിലൂടെ. സമൂഹത്തിന്റെ വീക്ഷണം കൂടി വസ്‌ത്രത്തില്‍ പ്രതിഫലിക്കാറുണ്ട്‌ എല്ലാകാലത്തും. Attire maketh man എന്നൊരു ചൊല്ലുണ്ട്‌. Man എന്നെഴുതിയതുകൊണ്ട്‌ വനിതകള്‍ക്ക്‌ ഐത്തമൊന്നുമില്ല. പുരുഷമേധാവിത്വ സമൂഹത്തില്‍ ഭാഷയുടെ വികാസപരിണാമഘട്ടങ്ങളില്‍ ആണിനെയും പെണ്ണിനെയും ഒന്നായി സൂചിപ്പിക്കുവാന്‍, അതായത്‌ മനുഷ്യകുലത്തെ മൊത്തത്തിലെഴുതാന്‍ പുല്ലിംഗശബ്ദം ഉപയോഗിച്ചതാവാനാണ്‌ സാദ്ധ്യത.

ഇനി ആണിനെമാത്രം ഉദ്ദേശിച്ചായിക്കൂടെന്നുമില്ല. കാരണം സാമ്പത്തിക സ്വാതന്ത്യം അടുത്തകാലം വരെ ആണിന്റെ കുത്തകയായിരുന്നു. സ്വാഭാവികമായും ആണിനിഷ്ടപ്പെട്ടതെന്തോ അത്‌ പെണ്ണ്‌ ധരിച്ചുകൊള്ളുക എന്ന പ്രവണത വന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ആണിന്റെ മേല്‍ക്കുപ്പായത്തിന്‌ കീശ നാലുവരെയുള്ളപ്പോള്‍ പെണ്ണിന്‌ ഒന്നുപോലുമില്ലാതായത്‌. ചുരീദാറിനു പോക്കറ്റിടിക്കാന്‍ തുടങ്ങിയതുതന്നെ ഇപ്പോഴടുത്താണ്‌. ചുരീദാറിന്റെ പോക്കറ്റടിക്കാന്‍ പിന്നെ വലിയതാമസമുണ്ടായില്ലെന്നതും നേര്‌.

മണ്ണുംചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയാല്‍ പെണ്ണെന്നുതോന്നുന്നതിനെ കയറിപ്പിടിക്കുകയാണ്‌ നമ്മുടെ സ്വഭാവം. ലോകം മൊത്തം മാറിയാലും, മാറാതിരിക്കാന്‍ വല്ല വഴിയും ഉണ്ടോ എന്നു നമ്മള്‍ ചികഞ്ഞുനോക്കും. ഇനി മാറിയില്ലെങ്കില്‍ 'മാറ്റും അതുകളീ നിങ്ങളെത്താന്‍' എന്ന ഘട്ടം വരുമ്പോള്‍ മാറ്റത്തോടു മുഖം തിരിച്ചുനിന്നവര്‍ മാറ്റത്തിനു മുഖം കാണിക്കും.

ഒരു പന്തലുകെട്ടാനുള്ളത്ര തുണിവാരി മുളങ്കുറ്റിക്ക്‌ ചൂടിവരിയുന്നതുപോലെ മേലില്‍ ചുറ്റി, വിശേഷിച്ച്‌ യാതൊരുപകാരവുമില്ലാതെ, മുഴുവനായും ഉപകാരമില്ലെന്നു പറഞ്ഞുകൂടാ, ഒരു ബസ്സിനുപിന്നാലെയോടി സത്യമായും സാരിസഹായിച്ച്‌ കമിഴ്‌ന്നടിച്ചുവീണാല്‍ പൊക്കിയെടുക്കാന്‍ നാട്ടുകാര്‍ മത്സരിക്കുമെന്ന ഒരുപകാരം ഏതായാലും അത്ര ചെറുതൊന്നുമല്ല.

ചുരീദാര്‍ ധരിക്കാം എന്ന ഹൈക്കോടതി വിധി വന്നിട്ടും സാരിതന്നെ ഇന്നും കേരളത്തിലെ അധ്യാപികമാരുടെ അംഗവസ്‌ത്രം. നാലക്ഷരം കൂട്ടിവായിക്കാനറിഞ്ഞില്ലെങ്കിലും അധ്യാപികമാര്‍ ചേലതന്നെ ചുറ്റി വരണം എന്നു നിര്‍ബന്ധമുള്ള മാനേജര്‍മാരുടെ നാടാണിത്‌. ശമ്പളം വാങ്ങിയാല്‍ മാനേജരുടെ തന്തയുടെ പോക്കറ്റിലാണോ ഇടേണ്ടത്‌ എന്നു തിരിച്ചുചോദിക്കാന്‍ ശേഷിയില്ലാത്ത അധ്യാപികമാരുടേയും.

 

അതുകൊണ്ട്‌ തീര്‍ച്ചയായും ഭംഗിയും സൗകര്യവും ആവശ്യവും നോക്കിയായിരിക്കണം വസ്‌ത്രങ്ങള്‍ നെയ്യേണ്ടത്‌. സ്വാഭാവികമായും അപ്പോള്‍ കാലത്തിന്റെ കയ്യൊപ്പ്‌ കുപ്പായത്തില്‍ പതിക്കുകയും ചെയ്യും. ആണിന്റെ പാന്റ്‌സും ഷര്‍ട്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുപോലെയാണ്‌. മാറ്റമില്ലാത്തത്‌, സൗകര്യപ്രദമായത്‌, ഭംഗിയുള്ളത്‌. ജീന്‍സിന്‌ വെള്ളത്തിനോടു വിരോധമുണ്ടാവുമ്പോള്‍ മാത്രമാണ്‌ അന്താരാഷ്ട്രപ്രശ്‌നങ്ങള്‍ ഉടലെടുക്കുക. 
ചുരീദാറിനോടും ജീന്‍സിനോടും മറ്റ്‌്‌ യാതൊരു വിരോധവും ഉണ്ടാവേണ്ടതില്ല. സൗന്ദര്യം ചോര്‍ന്നൊലിച്ചുപോവുകയുമില്ല. എന്തായാലും നന്ദനയുടേത്‌ കളിവാക്കുകളല്ല. ഒന്നൊന്നര കാര്യം തന്നെയാണ്‌. അഭിവാദ്യങ്ങള്‍.

 

 
 
 [1]  
 
arrows ബൂലോഗവിചാരണ 39 -- എന്‍.കെ
arrows ബൂലോഗവിചാരണ 38 -- എന്‍ കെ
arrows ബൂലോഗവിചാരണ 37 -- എന്‍ കെ
arrows ബൂലോഗവിചാരണ 36 --എന്‍.കെ
arrows ബൂലോഗവിചാരണ 35 --എന്‍.കെ
arrows ബൂലോഗവിചാരണ 34 -- എന്‍ കെ
arrows ഏറ്റവും പ്രിയപ്പെട്ട രമ്യയ്ക്ക് ...ഡോ ടി എന്‍ സീമ
arrows ബൂലോഗവിചാരണ 33 -എന്‍.കെ
arrows ബൂലോഗവിചാരണ 32 -- എന്‍.കെ
arrows ബൂലോഗവിചാരണ 30 --എന്‍ കെ
arrows ബൂലോഗവിചാരണ 29 -- എന്‍ കെ
arrows മുല്ലപ്പെരിയാറിനായി ബ്ലോഗ്ഗേഴ്സ്‌.-- സതീഷ് കുമാര്‍
arrows ബൂലോഗ വിചാരണ 28 -- എന്‍ കെ
arrows ബൂലോക വിചാരണ 27-എന്‍.കെ
arrows ബൂലോഗവിചാരണ 26-- എന്‍.കെ
arrows ബൂലോഗവിചാരണ 25 -- എന്‍.കെ
arrows ബൂലോഗവിചാരണ 24 - എന്‍.കെ
arrows ബൂലോഗവിചാരണ 23 - എന്‍.കെ
arrows ബൂലോഗവിചാരണ 22 - എന്‍.കെ
arrows ബൂലോഗവിചാരണ 21-- എന്‍.കെ
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us