?അശാന്തനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ വ്യാകുലചിന്തകളിലേക്ക് സ്വാഗതം എന്നാണല്ലോ താങ്കളുടെ ബ്ലോഗ് ടൈറ്റിലില് തന്നെ പറയുന്നത്. ബൂലോകത്ത് വ്യാകുലചിന്തയ്ക്ക് എത്രത്തോളം സ്ഥാനം കിട്ടി്?
=ഏറെക്കാലം പ്രമുഖ മലയാളംഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഒരാള്‍ വ്യാകുലചിത്തനായില്ലെങ്കിലല്ലേ അതില്‍ വാര്‍ത്തയുള്ളൂ?പാതി വഴി പോലും എത്തും മുന്‍പ് യാത്ര നിര്‍ത്തി ഇറക്കിവിടപ്പെട്ട, പരാജിതനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ ആകുലതകളും ആശങ്കകളും പച്ചയായി, നിര്‍ഭയമായി,തുറന്നെഴുതാന്‍ കഴിയുന്ന ഒരേയൊരു മാധ്യമം എന്ന നിലയിലാണു ഞാന്‍ ബ്ലോഗിനെ തെരഞ്ഞെടുത്തത്.
ആത്മനിന്ദയോടെ,ആത്മഹാസത്തോടെ എഴുതുന്ന ഈ കുറിപ്പുകള്‍ക്ക് ഈയൊരു ആമുഖമല്ലേ ഉചിതം?
മുഖ്യധരാ മാദ്ധ്യമങ്ങള്‍ ഒരിക്കലും ഇടം തരാത്ത നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഒരു മുതലാളിയേയും പേടിക്കാതെ ,സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിനെ പ്രസക്തമാക്കുന്നത്. പഴയ ലിറ്റില്‍ മാഗസിനുകളുടെ ഡിജിറ്റല്‍ പുനര്‍ ജന്മമെന്ന് ഇതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. പക്ഷേ, ലിറ്റില്‍ മാഗസിനുകളുടെ പഴയ പരിവൃത്തത്തിനുമപ്പുറം ഇത് ആഗോളതലത്തില്‍ വ്യാപരിക്കുന്നു. ദേശങ്ങളുടേയും സമയത്തിന്റേയും അതിരുകള്‍ ഭേദിച്ച് ഒരു നിമിഷാര്‍ദ്ധം കൊണ്ട് ലോകത്തിന്റെ ഏതു കോണിലുമെത്തുന്ന സമഗ്രമാധ്യമമായി ഇത് വികസിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്ന ഒരേയൊരു മാധ്യമം. സമഗ്ര മാദ്ധ്യമം.
?അതേ,ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്ന ഒരേയൊരു മാധ്യമം തന്നെ. പക്ഷേ ബ്ലോഗുകള്‍ക്കും പരിമിതിയില്ലേ? എന്തും തുറന്നെഴുതാം, ആരെയും പേടിക്കേണ്ട, അവനവന്‍ പ്രസാധകന്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ മാധ്യമത്തില്‍ നിന്നല്ലേ ചിത്രകാരനെപോലുള്ളവര്‍ക്കു കോടതി കയറേണ്ടി വന്നതും?
=പിറവിയെടുത്തിട്ട് അഞ്ചു വര്‍ഷം മാത്രമുള്ള ഒരു മാധ്യമത്തിന്റെ ബാലാരിഷ്ടതകളാണവ.ആരൊക്കെ ജയിലില്‍ കിടന്നിട്ടാണു, ആരുടെയൊക്കെ കിടപ്പാടം കണ്ടുകെട്ടിയിട്ടാണു നാമിന്ന് പത്രസ്വാതന്ത്ര്യംവ്യവസ്ഥാപിത ആശയപ്രകാശനസ്വാതന്ത്ര്യമായി അനുഭവിക്കുന്നത്.സൈബര്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത്, ബ്ലോഗിലെ എതിരാളികളെ പാഠം പഠിപ്പിക്കാനൊരുങ്ങുന്നവരോട് എനിക്ക് സഹതാപമുണ്ടു. ബ്ലോഗര്‍മാര്‍, അവ ര്‍കാലൂന്നി നില്‍ക്കുന്ന മണ്ണിലെ, മറ്റെല്ലാവര്‍ക്കും ബാധകമായ നിയമങ്ങള്‍ക്ക് വിധേയരാണു.അവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല.അത് ഉണ്ടാകാനും പാടില്ല. പക്ഷേ,വ്യത്യസ്തമായ നിരീക്ഷണങ്ങളെ,ശൈലിയെ നിയമത്തിന്റെ കുന്തമുന ഉപയോഗിക്ക് അടിച്ചമര്‍ത്താന്‍ കഴിയില്ല. ചിത്രകാരന്‍ ചിലരുടെ ദുഷ് ചെയികളുടെ ഇരയാണു. കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുമ്പോലെ , കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് എതിര്‍സബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ബ്ലോഗ് ശൈശവസശയിലായതിനാലാണു. പത്രങ്ങളേയോ ചാനലുകളേയ്യോ ഇങ്ങനെ തൊടാന്‍ ആര്‍ക്ക് ധൈര്യമുണ്ടാകും? ഏതു പൊലീസുകാരനും എപ്പോഴും കയറിനിരങ്ങാവുന്ന ഇടമല്ല ഇതെന്ന് അധികാരികള്‍ക്ക് താമസിയാതെ ബോദ്ധ്യം വരും.
കാരണം ബ്ലോഗുലകം അതിവേഗം വികസിക്കുകയാണു.മറ്റൊരു മാധ്യമത്തിനും കൈവരിക്കാനാവാത്ത വളര്‍ച്ച ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗില്‍ ഉണ്ടായി. ആത്മാവിഷ്‌ക്കാരത്തിനുളള സ്വകാര്യസ്വകാര്യ ഡയറി ക്കുറിപ്പുകള്‍പോലെ തുടങ്ങിയ ബ്ലോഗുകള്‍ എല്ലാ മേഖലയിലേയും ഗൗരവതരമായ പ്രശ്നങ്ങള്‍ തത്സമയം തന്നെ ചര്‍ച്ച ചെയ്യുന്ന, വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മീഡീയമാണിന്ന്.
കേരളത്തിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ നടക്കുന്നത് ഈ മാധ്യമത്തിലാണ്. പുതിയ സാഹിത്യ പ്രതിഭകളുടെ കളരിയും സംഗീത പാഠശാലയും ബ്ലോഗുകളാണ്. സര്‍ഗ്ഗാത്മക രചനയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതും ഇവിടെ തന്നെ. അത് നല്ലൊരു ശതമാനം മറുനാടന്‍ മലയാളികളെ മാതൃഭൂമിയിലേക്കും മാതൃഭാഷയിലേക്കും തിരിച്ചുകൊണ്ടു വന്നു.
? ശരിയാണ് പക്ഷേ, അനേകം ബ്ലോഗുണ്ടായെങ്കിലും എണ്ണത്തിലുണ്ടായ വളര്ച്ച ഉള്ളടക്കത്തിലുണ്ടോ? മുമ്പ് എണ്ണം പരിമിതമായിരുന്നെങ്കിലും മികച്ച വായനാനുഭവം കിട്ടിയിരുന്നു...
എണ്ണം വര്‍ദ്ധിച്ചപ്പോള്‍ തെരഞ്ഞുടുപ്പു അസാധ്യമായി തുടങ്ങിയിട്ടില്ലേ?
=ഉളളടക്കത്തില്‍ വൈവിധ്യമുണ്ടായി. ഉദാഹരണത്തിന്, മലയാളത്തിലെ ഏറ്റവും ആധികാരികമായ ശാസ്ത്രസാങ്കേതിക മാധ്യമം ബ്ലോഗാണ്. പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ പരാജയപ്പെട്ടു പിന്‍വാങ്ങിയ ഫോട്ടോ മാഗസിന്‍, കാര്‍ട്ടൂണ്‍, പരിസ്ഥിതി, ഉപഭോക്തൃ നിയമ മേഖലയിലൊക്കെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങള്‍ ബ്ലോഗില്‍ മാത്രമേ ഇന്നുള്ളൂ.
പിന്നെ , കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ബ്ലോഗിലേക്ക് വന്‍ തള്ളിക്കറ്റമുണ്ടായി. 1980 കളില്‍ ലിറ്റില്‍ മാഗസിന്‍ രംഗത്തും
ഇങ്ങനെ സംഭവിച്ചു. പക്ഷേ, അവശേഷിച്ചവ അംഗുലീപരിമിതം. ബ്ലോഗുകളുടെ എണ്ണം ഇനിയും കൂടും. വെറുമൊരു കൗതുകത്തിനു വന്നവര്‍ വഴിയില്‍ ഇറങ്ങിപ്പോകും. ഗെഴുതുന്നവര്‍ മാത്രം അവയുടെ വായനക്കാരായിരുന്ന കാലം മാറുകയാണ്. മാധ്യമം, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നല്‍കിയ പ്രോത്സാഹനം കാരണം പുറത്തു നിന്ന് വായനക്കാര്‍ ബ്ലോഗുലകത്തില്‍ എത്തുന്നുണ്ട്. അവര്‍ വരുന്നത് വ്യത്യസ്തമായ അനുഭവങ്ങള്‍ തേടിയാണ്. ബ്ലോഗിന്റെ ഭാവി ഇതിനെ ആശ്രയിച്ചിരിക്കുന്നു. പൊതുവായനാ സമൂഹത്തിനു നല്‍കാന്‍ കാര്യമായ ഒന്നുമില്ലെങ്കില്‍ അവര്‍ തിരിച്ചുപോകും തീര്‍ച്ച. എക്കാലവും നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങളും ബാല്യകാലസ്മരണകളും തമാശകളും എഴുതാനാവില്ല. പ്രവാസി ജീവിതമെന്ന ഇനിയും പൂര്‍ണ്ണമായും തുറക്കപ്പെടാത്ത ജീവിത പര്‍വ്വമുണ്ട്.
?പക്ഷേ, ജനകീയ ബ്ലോഗര്‍മാര്‍ ബ്ലോഗുവിട്ടു സ്വന്തം സൈറ്റുകലിലേക്ക് പോവുകയാണല്ലോ...
=സൈറ്റുകളേയും ബ്ലോഗിന്റെ ഗണത്തില്‍പ്പെടുത്താമല്ലോ. virtual space എല്ലാം ഇതില്‍ വരും.
? പക്ഷേ, ഈ മാറ്റം ബ്ലോഗുകളില്‍ (മലയാളത്ത്ില്‍) ഇപ്പോഴും സാമ്പത്തികമായി കാര്യമില്ല..സൈറ്റുകളാവുമ്പോള്‍ ആ നേട്ടം പ്രതീക്ഷിക്കുന്നില്ലേ?
മലയാളം ബ്ലോഗുകള്‍ ഇത്രത്തോളം വളര്‍ന്നിട്ടും advertisement ഈ രംഗത്തേക്കു കാര്യമായി വന്നിട്ടില്ല. മലയാളത്തിലെ പ്രമുഖ അച്ചടിവാരികകളേക്കാള്‍ വായനക്കാരുണ്ടായിട്ടും?
=ഞാന്‍ പറഞ്ഞല്ലോ, പഴയ ലിറ്റില്‍ മാഗസിനുകളുടെ virtual പുനരവതാരമാണ് ബ്ലോഗുകള്‍ എന്നു കരുതുന്നവരാണ് ഈ മാധ്യമത്തിന്റെ ശക്തി. ബദല്‍ മാധ്യമം നടത്തിയവരാരും ഇന്നുവരെ സമ്പന്നരായിട്ടില്ല. മലയാളികളായ വളരെക്കുറച്ച് ബ്ലോഗര്‍മാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാത്തരം പരസ്യങ്ങള്‍ക്കുമായി ബ്ലോഗ് തുറന്നുകൊടുക്കുകയാണെങ്കില്‍, പോപ്പുലര്‍ സിനിമയെക്കുറിച്ചും, മാര്‍ക്കറ്റ് ലീഡേഴ്‌സ് ആയ ഉത്പ്പന്നങ്ങളേയും കുറിച്ച് നിരന്തരം എഴുതാന്‍ തയ്യാറായാണെങ്കില്‍ ബ്ലോഗില്‍ നിന്നും സൈറ്റില്‍ നിന്നു കാശുണ്ടാക്കാം.പക്ഷേ, 99ശതമനം ബ്ലോഗര്‍മാരും അങ്ങനെ കൂലിയെഴുത്ത് നടത്തി കാശുണ്ടാക്കാനായി ബ്ലോഗില്‍ വന്നവരല്ലല്ലോ.മറ്റുള്ളവരില്‍ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നതും ഈ ഘടകമാണ്.
? പോഡ്‌കാസ്‌റ്റ് അത്ര സജീവമല്ലല്ലോ..വളരെ കുറച്ചു പേരല്ലേ ആ രംഗത്തുള്ളു. പലരും യൂടൂബും മറ്റുമാണല്ലോ ഉപയോഗിക്കുന്നത്?
=പോഡ്കാസ്റ്റ് വളരെ ശൈശവ ദശയിലാണ്. അതിനു കാരണം കണ്ടന്റിന്റെ ക്ഷാമമാണ്. എന്റെ ഗ്രീന്‍ റേഡിയോയില്‍ തന്നെ കവിതാലാപനങ്ങള്‍ , കവിത, സ്‌കിറ്റ്, ഇത്രയുമേയുള്ളു. കുഴൂര്‍ വിത്സനെ പോലുള്ളവര്‍ സ്വന്തം കവിതകളാണ് കൊടുക്കുന്നത്. എല്ലാം കൂടി പത്തില്‍ താഴെ പോഡ്കാസ്റ്റുകളേയുള്ളൂ.മറ്റിടങ്ങളില്‍ സംഗീതത്തിലെ പരീക്ഷണങ്ങള്‍ മുതല്‍ ഭാഷാ ക്ലാസ്സുകളും രാഷ്ട്രീയ പ്രചാരണങ്ങളും ആരോഗ്യപരിപാടികളും പോഡകാസ്റ്റില്‍ വരുന്നുണ്ട്. ആ നിലക്ക് നമ്മള്‍ ചിന്തിച്ചിട്ടില്ല.
യൂടൂബില്‍ കൂടുതലും വരുന്നത് വിവാദ സംഭവങ്ങളുടെ/വ്യക്തികളുടെ ക്ലിപ്പിങ്ങുകളാണ്. മറ്റു മാധ്യമങ്ങള്‍ കവര്‍ അപ് ചെയ്യുന്നവ. ഉദാഹരണത്തിന്, വലിയതുറ പോലീസ് വെടി വെയ്പ് ദൃശ്യങ്ങള്‍.കേരളത്തെ പിടിച്ചുലച്ച ചില ലൈംഗികാപവാദക്കേസുകള്‍. അതിനു ഇനിയും വലിയ സാധ്യതകളുണ്ട്. യൂടൂബ് ബദല്‍ വാര്‍ത്താമാധ്യമമാണു..് പോഡ്കാസ്റ്റിന് ആ സാധ്യത കുറവാണ്. അത് മുഖ്യമായും സര്‍ഗ്ഗ പ്രകാശനത്തിനുള്ള മാധ്യമാണ്.ആ തലത്തിലുള്ള വൈവിദ്ധ്യപൂര്‍ണ്ണമായ ഉള്ളടക്കം ഉണ്ടാവുമെങ്കില്‍ പോഡ്കാസ്റ്റും ഇവിടെ പ്രചാരം നേടും.
?സഹജീവികളോടുള്ള കാരുണ്യവും സഹായമനസ്ഥിതിയുമൊക്കെയുള്ള സ്‌നേഹസമ്പന്നര്‍കൂടിയാണ് ബ്ലോഗേഴ്‌സ് എന്നു തെളിയിക്കുന്ന ഒരു കാര്യങ്ങള്‍ നടക്കുന്നുണ്ടല്ലോ..ബൂലോക കാരുണ്യം പോലെ...
=വളരെ മാതൃകാപരമായ ഒരു ആഗോള കൂട്ടായ്മ ബ്ലോഗിലൂടെ നിശബ്ദമായി രൂപപ്പെട്ടിട്ടുണ്ടല്ലോ. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നുണ്ട് കൊട്ടും ഘോഷവുമില്ലാതെ.
? ബൂലോകത്ത് എത്തിയിട്ട് ഇപ്പോള്‍ എന്തു തോന്നുന്നു.
=BRAVE NEW WORLD ! ! പുതിയയ ലോകം പുതിയ അനുഭവങ്ങള്‍...വ്യത്യസ്തരായ മനുഷ്യര്‍.ബൂലോകം അങ്ങനെ വേറിട്ടൊരു
ലോകമാണ്.
--
www.dpk-drishtidosham.blogspot.com
PODCASTS
http://greenradio.podbean.com
www.clickcaster.com/greenradio