മലയാളം വായനയിലും എഴുത്തിലും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുള്ള ഒരു മാദ്ധ്യമമാണ് മലയാളം ബ്ലോഗുകള്‍. സ്വന്തം ആശയങ്ങളും ചിന്തകളും യാതൊരു കെട്ടുപാടുകളും ലാഭേച്ഛയും ഇല്ലാതെ അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും എഡിറ്ററില്ലാതെ പ്രസിദ്ധീകരിക്കാനാവും എന്ന ബ്ലോഗിന്റെ ഗുണകരമായ സ്ഥിതിവിശേഷമായിരിക്കണം ബ്ലോഗെന്ന മാദ്ധ്യമത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ കാരണം.
പ്രവാസി മലയാളികള്‍ക്കിടയിലാണ് മലയാളം ബ്ലോഗിന്റെ വളര്‍ച്ച കൂടുതലായിട്ടുണ്ടായത് എന്നുള്ളത് ശ്രദ്ധേയമായ വിഷയമാണ്. മറുനാടന്‍ മലയാളിക്ക് സ്വഭാഷയോടും, വായനയോടും എഴുത്തിനോടുമൊക്കെയുള്ള ഗൃഹാതുരത്വം കലര്‍ന്ന അഭിനിവേശമാണ് ബ്ലോഗിങ്ങിലൂടെ എടുത്ത് കാണിക്കപ്പെട്ടത്.
യുണികോഡ് ഫോണ്ടുകളുടെ ആവിര്‍ഭാവത്തോടെയാണ് മലയാളം ബ്ലോഗുകളുടെ വളര്‍ച്ച ആരംഭിക്കുന്നത്. കെവിന്‍ രൂപ കല്പന ചെയ്ത അഞ്ജലി ഓള്‍ഡ് ലിപിയും കാര്‍ത്തിക, മീര തുടങ്ങിയ ഫോണ്ടുകളും വന്നതും ഒപ്പം സിബുവിന്റെ വരമൊഴി എന്ന മലയാളം എഴുത്ത് സഹായിയും ഈ വളര്‍ച്ചയില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. പെരിങ്ങോടന്‍ മൊഴി കീ മാപ് പുറത്തിറക്കിയപ്പോള്‍ എഴുതാനുള്ള ഏറ്റവും നല്ല ഉപാധിയായി ബൂലോഗര്‍ അതിനെ കൈ നീട്ടി സ്വീകരിച്ചു. അതോടെ മലയാളും എഴുതുക വളരെ എളുപ്പമുള്ള കാര്യമായി മാറി.
ബ്ലോഗുകള്‍ ജനശ്രദ്ധപിടിച്ചുപറ്റാന്‍ തുടങ്ങിയത് എവിടം മുതല്‍ക്കാണെന്നോ ആരിലൂടെയാണെന്നോ ഒരു അവലോകനം നടത്തിനോക്കിയാല്‍ വിസ്മരിക്കപ്പെടാനാകാതെ പോകുന്ന ഒന്നാണ് വിശാല മനസ്ക്കന്‍ എന്ന ബ്ലോഗ് നാമം. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കൊടകര എന്ന ജന്മനാടിന്റെ കഥകള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ വിശാലമനസ്ക്കന്‍ എന്ന സജ്ജീവ് എടത്താടന്‍ ചെന്നു നിന്നത് വായനക്കാരുടെ മനസ്സില്‍ മാത്രമല്ല, സാധാരണക്കാരായ എഴുത്തുകാര്‍ക്ക് എത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രിന്റ് മീഡിയയില്‍ത്തന്നെയാണ്. വിശാലമനസ്ക്കന് പുറമേ കുറുമാന്‍ , സിമി, പ്രിയ ഉണ്ണികൃഷ്ണന്‍ , ഇത്തിരിവെട്ടം, അനാഗതസ്മശ്രു, രാധിക, കൈതമുള്ള്, തുടങ്ങി നിരവധി ബ്ലോഗേഴ്സിന്റെ രചനകള്‍ പുസ്തകരൂപത്തിലിറങ്ങുകയുണ്ടായി.
കാലക്രമത്തില്‍ വിഷയദാരിദ്ര്യം കൊണ്ടോ , ജീവിതത്തിരക്കുകള്‍ കൊണ്ടോ ആദ്യകാലത്ത് തിളങ്ങിനിന്നിരുന്ന ബ്ലോഗുകള്‍ പലതും നിര്‍ജ്ജീവമായിത്തുടങ്ങിയെങ്കിലും, കാമ്പുള്ളതും ചവറുമൊക്കെയായി പുതിയ പുതിയ ബ്ലോഗുകള്‍ ദിനംപ്രതി മുളപൊട്ടിക്കൊണ്ടിരുന്നു. ബ്ലോഗുകള്‍ക്കൊപ്പം ബ്ലോഗ് കൂട്ടായ്മകളും വളരുകയും മുരടിക്കുകയുമൊക്കെ ചെയ്തു. ബ്ലോഗ് ലേഖനങ്ങളെ ഏകോപിപ്പിച്ച് കാണിക്കുന്ന അഗ്രഗേറ്ററുകള്‍ എന്ന സേവനങ്ങളും നിരവധിയെണ്ണം ഉടലെടുത്തു.
100 കുത്തിക്കുറിക്കല്‍ ബ്ലോഗുകള്‍ മുളയ്ക്കുന്നതിനിടയില്‍ 2 എണ്ണമെങ്കിലും കഴമ്പുള്ളതാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വരെ ബ്ലോഗുകള്‍ ഈ അവസരത്തില്‍ ജന്മം കൊള്ളുകയുണ്ടായി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സിനിമാതാരങ്ങള്‍ , അവരുടെ എത് ചവറ് ലേഖനവും പ്രസിദ്ധീകരിക്കാന്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തന്നെ മത്സരബുദ്ധിയോടെ മുന്നോട്ടുവരുമെന്ന അവസ്ഥയുള്ളപ്പോള്‍ ബ്ലോഗിലൂടെ തങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കിടുന്നത് ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ വിദൂര സാദ്ധ്യതകള്‍ മനസ്സിലാക്കിയിട്ടുതന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇതോടൊപ്പം തന്നെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന നല്ല ലേഖനങ്ങള്‍ മൊത്തമായോ ചില്ലറയായോ കോപ്പിയടിക്കപ്പെടുന്ന ദുഷ്‌പ്രവണതയും വ്യാപകമായ തോതില്‍ വളര്‍ന്നുവന്നു. ഇന്റര്‍നെറ്റില്‍ ആദായകരമായി നടത്തപ്പെടുന്ന വെബ് പോര്‍ട്ടലുകള്‍ മുതല്‍ ഒറ്റപ്പെട്ട ബ്ലോഗുകളിലേക്ക് വരെ ലേഖനങ്ങള്‍ കോപ്പിയടിക്കപ്പെടുകയുണ്ടായി. ഒന്നോ രണ്ടോ മൌസ് ക്ലിക്കുകളിലൂടെ കോപ്പിയടി നടത്താം എന്ന സൌകര്യമാണ് പലരും മുതലെടുത്തത്. കോപ്പി റൈറ്റ് ആക്‍ട് എന്താണെന്ന് കൃത്യമായോ ഭാഗികമായോപോലും അറിയാത്തവര്‍ മുതല്‍ എല്ലാം അറിഞ്ഞിട്ടും കോപ്പിയടി നിര്‍ബാധം നടത്തിപ്പോരുകയും, അതിനെ ന്യായീകരിക്കുകയും ചെയ്തവരുടെ നീണ്ട ഒരു നിരതന്നെ കാണാറായി.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയെ അനുകൂലിക്കുന്ന ബ്ലോഗേഴ്സ് , തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നപോലെ ഒരേതരത്തിലുള്ള ലോഗോയും ലേഖനവും സ്വന്തം ബ്ലോഗില്‍ ഇട്ട് വോട്ടുപിടുത്തത്തിനുള്ള മാദ്ധ്യമമായും ബ്ലോഗിനെ ഉപയോഗിച്ചു എന്നുള്ളതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. വരും നാളുകളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും വോട്ട് പിടിക്കാന്‍ അനുഭാവികളുടെ ബ്ലോഗുകള്‍ ഉപയോഗപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ബ്ലോഗിലെ ലേഖനങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ പ്രിന്റ് മീഡിയയിലെ പ്രമുഖര്‍ പലരും ബ്ലോഗുകള്‍ക്ക് പ്രോത്സാഹനമെന്നവണ്ണം കാമ്പുള്ള പോസ്റ്റുകള്‍ പ്രിന്റ് ചെയ്തിറക്കുകയും, പ്രമുഖ ബ്ലോഗുകളെപ്പറ്റി അവലോകനങ്ങള്‍ എഴുതുകയുമൊക്കെ ചെയ്തു തുടങ്ങി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ബ്ലോഗന എന്ന പംക്തിയും ഇന്ത്യന്‍ എക്‍സ്പ്രസ്സിന്റെ എക്‍പ്രസ്സ് ബിസ്സ് എന്ന കോളവുമൊക്കെ ഇതിനുദാഹരണമാണ്.
അടി, ഇടി, കാലുവാരല്‍ , തൊഴുത്തില്‍ കുത്തല്‍ എന്നുതുടങ്ങി മറ്റെവിടെയുമുള്ള സ്ഥിരം പരിപാടികള്‍ ബ്ലോഗിലും ഉണ്ടാകുകയും, അഭിപ്രായഭിന്നതയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുകാരണം ചില ബ്ലോഗേഴ്സിന് കോടതി കയറേണ്ട അവസ്ഥ വരെ വന്നു ഭവിക്കുകയും ചെയ്തു. അഭിപ്രായങ്ങള്‍ കമന്റ് രൂപേണ ബ്ലോഗുകളില്‍ അറിയിക്കാമെന്നുള്ളതുകൊണ്ട് ഇത്തരം അടിപിടികളെ പെട്ടെന്നുതന്നെ വായനക്കാരനും , പുറമെ നില്‍ക്കുന്നവര്‍ക്കുമൊക്കെ മനസ്സിലാക്കാന്‍ പറ്റുമെന്ന അവസ്ഥയുണ്ടാക്കി.
ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് സമൂഹത്തിന് ഉപകാരപ്രദമായ ഏതെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് ബ്ലോഗുകള്‍ നടത്തിയിട്ടുള്ളതെന്ന് സൂചിപ്പിക്കാതെ വയ്യ. അതില്‍ പ്രധാനപ്പെട്ടത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ബൂലോക കാരുണ്യം എന്ന ബ്ലോഗ് കൂട്ടായ്മയിലൂടെ നടത്തിയിട്ടുള്ള നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും , അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് കിടക്കുന്ന മുസ്തഫ എന്ന വായനശീലമുള്ള സഹോദരന് വീടുണ്ടാക്കി കൊടുക്കുന്നതുവരെയെത്തി നില്‍ക്കുന്ന നിസ്വാര്‍ത്ഥ സേവനങ്ങളുമൊക്കെ ബ്ലോഗേഴ്സിന്റെ തൊപ്പിയിലെ പൊന്‍തൂവലുകള്‍ തന്നെയായിത്തന്നെ എന്നും സ്മരിക്കപ്പെടും.
താനൊരു സിവില്‍ സര്‍വ്വീസുകാരനാണെന്ന വ്യാജ പ്രചരണം സ്വന്തം ബ്ലോഗിലൂടെ നടത്തുക വഴി എളുപ്പപ്രശസ്തിയുണ്ടാക്കി , അതുവഴി സാമ്പത്തിക തട്ടിപ്പുകള്‍ വരെ നടത്തുകയുണ്ടായ ഒരു ബ്ലോഗറെ തെളിവുകള്‍ സഹിതം പിടികൂടി സമൂഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടി, വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ വായനക്കാരെ ജാഗരൂകരാക്കുവാന്‍ വരെ ബ്ലോഗിലൂടെയുള്ള ചില സിറ്റിസണ്‍ ജേണലിസങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ മുതലെടുത്ത് പൊങ്ങിവന്ന ഇത്തരം കള്ളനാണയങ്ങളെ പിടികൂടാന്‍ കഴിഞ്ഞത് എഡിറ്ററും പത്രാധിപരും എഴുത്തുകാരനുമൊക്കെ ഒറ്റയാള്‍ തന്നെയായി വര്‍ത്തിക്കുന്ന ബ്ലോഗ് എന്ന മീഡിയക്കാണ് എന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്.
കേരളത്തേയും തമിഴ്‌നാടിനേയും ഒരുപോലെതന്നെ മോശമായ രീതിയില്‍ ഗ്രസിക്കാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിഷയത്തില്‍ , അതിനെപ്പറ്റിയുള്ള പഠനം, ചര്‍ച്ച, ബോധവല്‍ക്കരണം, എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ബ്ലോഗേഴ്സ് സംഘടിതമായി നടത്തുന്ന ശ്രമങ്ങളാണ് മലയാളം ബ്ലോഗുലകത്തിലെ ഏറ്റവും പുതിയ കാഴ്ച്ച. പല മലയാളം ബ്ലോഗുകളിലും ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ ലോഗോ കാണാന്‍ സാധിക്കും എന്ന് മാത്രമല്ല, മുല്ലപ്പെരിയാറിനെ സംബന്ധിച്ച് എല്ലാ വാര്‍ത്തകളും ലേഖനങ്ങളും ഏകോപിപ്പിച്ച് ബോധവല്‍ക്കരണം നടത്താന്‍ വേണ്ടി http://rebuilddam.blogspot.com/ എന്ന ഒരു പുതിയ ബ്ലോഗ് തന്നെ നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു.
അനന്ത സാദ്ധ്യതകളുള്ള ഒരു മാദ്ധ്യമത്തിന്റെ വളരെ കുറച്ച് പ്രയോജനങ്ങള്‍ മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എങ്കിലും വരും കാലങ്ങളില്‍ ബ്ലോഗിന്റെ കുതിപ്പുകള്‍ കൂടുതല്‍ നല്ല രീതിയില്‍ മലയാള സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.