Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - വായന
arrows അതു നീ ആരെ ഏല്പിച്ചു പോയി? ഖദീജാ മുംതാസ്
 

 

കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കേ ഒരു റോഡപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ, ഡോക്ടര്‍ ദമ്പതികളുടെ മകന്‍ അനൂപ് കുത്തിക്കുറിച്ച കവിതകളും പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കുറിപ്പുകളുമടങ്ങിയ 'വിരാമതിലകം' എന്ന പുസ്തകം വായിച്ചപ്പോള്‍ മനസ്സിലുണര്‍ന്ന ചിന്തകള്‍

 

ഒരു പുഞ്ചിരി! ഒരു പുസ്തക പുറംചട്ടയില്‍ നിന്ന് എന്നിലേക്ക് പറന്നൊഴുകിയ സ്നേഹത്തിന്റെ പൂനിലാവ്. പിന്നെയത് ഹൃദയത്തെ ഞെരിക്കുന്ന വേദനയായി... അനേകം ഉറവകളിലുടെയും നീര്‍ച്ചാട്ടങ്ങളിലൂടെയും ഉറഞ്ഞും, പതഞ്ഞും കരളില്‍ വന്നു നിറയുന്ന സങ്കടമായി...
പുസ്കോത്സവ സ്റാളില്‍ നിന്ന് 'വിരാമതിലകം' സ്വന്തമാക്കി തിരിഞ്ഞു നടക്കുമ്പോള്‍ ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മകനോളം മാത്രം പ്രായമുള്ള കൊച്ചു കനിയെപ്പറ്റി അതി വൈകാരികത തുടിക്കുന്ന ഒരു പുസ്തകം. എങ്കിലെന്ത്, അവനെന്റെ മകനെപ്പോലെയല്ലേ! അത്രയേ അപ്പോള്‍ മനസ്സു പറഞ്ഞുള്ളൂ.
'ഒരോര്‍മ്മക്കുറിപ്പു വായിക്കവെ നിന്‍ മിഴികള്‍ നനഞ്ഞാല്‍ 
ഓര്‍ക്കുക, ഞാനെന്നസത്യം ഇന്നും ശാശ്വതം.
പൊന്‍പുലരി തന്‍ പൂങ്കാറ്റെന്‍ സുഗന്ധം പകര്‍ന്നാല്‍
ഓര്‍ക്കുക, ഞാനെന്ന സ്വപ്നം നിന്നിലേയ്ക്കടുക്കുന്നു...' 
ഇതു മരണത്തെ മുന്‍കൂട്ടിക്കണ്ട ഒരു അപൂര്‍വ്വ ജന്മത്തിന്റെ വചനങ്ങളോ, അതോ പ്രപഞ്ച താളത്തിന്റെ രഹസ്യമറിഞ്ഞ കവിത്വത്തിന്റെ ഉള്‍കാഴ്ചയോ? പുല്ലിലും, പൂവിലും, പൂങ്കാറ്റിലും, ആകാശത്തിലും, മേഘങ്ങളിലും, മഴവില്ലിലും, ആഴിയിലും അനൂപ് നിറഞ്ഞുനില്ക്കുന്നു. അനൂപിന്റെ പ്രണയിനിയും.
' ആദ്യത്തെ മഴ നനഞ്ഞ ഭൂമിയെപ്പോലെ നീ,
ആദ്യത്തെ വെയില്‍ വീണ, പൂവിനെപ്പോലെ നീ...'
'എന്തുകൊണ്ടെന്നാല്‍' എന്ന ഇംഗ്ളീഷ് കവിതയില്‍ അനൂപ് പാടുന്നതിങ്ങനെ.
If a poet asks for a theme for his poem
Then he is not a poet
'Coz he needs a heart, not a theme
അതെ, അനൂപ് പ്രമേയങ്ങളും വിഷയങ്ങളും തേടിപ്പിടിക്കുന്നില്ല. നൈസര്‍ഗ്ഗികമായ ഒരൊഴുക്കാണ് അവന്റെ കവിത. തുടര്‍ന്ന് വരുന്ന വരികളില്‍ അനൂപിന്റെ ഹൃദയമനന പാടവും മനുഷ്യസ്നേഹവും സുന്ദരമായി അനാവൃതമാകുന്നു.
If a man asks for death for his sins
Then he is not the one to die
'Coz he needs love, not death!

 

 

അമ്മയുടെ സ്നേഹം ഉരുകി വെളിച്ചം പകരുന്ന മെഴുകു തിരിപോലെ അനൂപിന്റെ മനസ്സില്‍ നിറയുന്നു.പൂവിതള്‍ സിംഹാസനത്തില്‍ അമ്മയെ വാഴിക്കാന്‍ മോഹിക്കുന്നു അവന്‍. 'ഏഴു ജന്മവും നിന്‍മകനായി ജനിച്ച ആമടിയില്‍ ചാഞ്ഞുറങ്ങുവാനും' എത്ര സുകൃതം ആ മാതൃജന്മം! 
പ്രേമത്തെ ആത്മനാശത്തിലെത്തിക്കുന്ന രോഗമായി ചിത്രീകരിക്കുമ്പോള്‍ തന്നെ, അതു ജീവിതത്തെ പടുത്തുയര്‍ത്താനുതകുന്ന പ്രചോദനവുമാകുന്നു അനൂപിന്. ആത്മനാശത്തിന്, അതായത് അഹത്തിന്റെ നിഗ്രഹത്തിന് ഹേതുവാകുന്നില്ലെങ്കില്‍ പ്രണയമെങ്ങനെ പ്രണയമാകും എന്ന് അനൂപ് തിരിച്ചറിഞ്ഞിരിക്കണം. തീവ്രമായ പ്രണയ ചിന്തകള്‍ തുടിച്ചു നില്ക്കുന്ന കവിതകള്‍ പല ഭാഷകളിലായി ഇതള്‍ വിരിയുന്നു; മലയാളത്തില്‍, ഇംഗ്ളീഷില്‍, ഹിന്ദിയില്‍! സ്നേഹം ചൊരിയാന്‍ അമ്മയും, അച്ഛനും സഹോദരിയും, ഒന്നിച്ചടിച്ചു തിമര്‍ക്കാന്‍ കൂട്ടുകാരും ഉള്ളപ്പോഴും എന്തിനെന്നറിയാത്ത ഏകാകിത്വം അനൂപില്‍ നീറിപ്പിടിച്ചിരുന്നു. തന്റെ മരണത്തോളം നീളുന്ന കടംങ്കഥ പോലെയൊരു ഏകാന്തതയുടെ സാന്നിധ്യം. പിന്നെ, ആ നീറുന്ന വേദനയ്ക്കുള്ള പരിഹാരവും അനൂപ് തന്നെ കണ്ടെത്തുന്നു. 'It was my girl..my....'
'നീ എന്നെ ആകാശത്തും, ഭൂമിയിലും, ആള്‍കൂട്ടത്തിലും, അനന്തതയിലും തിരഞ്ഞേക്കാം. വിഫലമായ ഒരു തിരച്ചിലായേക്കാം അത്. പക്ഷേ നിന്റെ ആത്മാവില്‍, നിന്റെ മനസ്സിന്റെ ആഴങ്ങളില്‍, നിന്റെ ഹൃദയത്തിന്റെ അഗാധതകളില്‍ അപ്പോഴും ഞാനുണ്ടാകും.'Deep with in' ' എന്ന അനൂപിന്റെ ഇംഗ്ളീഷ് കവിതയെ ഞാനിങ്ങനെ വായിക്കുന്നു. പ്രിയപ്പെട്ടവരെ തനിച്ചാക്കി താനൊരിക്കലിങ്ങനെ പോയേക്കാമെന്നും, അപ്പോഴും തന്റെ വരികള്‍ അവര്‍ക്ക് സാന്ത്വനമാകുമെന്നും അവന്‍ എങ്ങനെയൂഹിച്ചു? 
'അവള്‍ മേഘമാണ്. എന്നിലാണ് വര്‍ഷം. അവള്‍ സൂര്യനാണ്. എന്നിലാണ് പ്രകാശം. അവളുടെ ഹൃദയത്തിലൊരു മുറിവുണ്ട്. പക്ഷേ, വേദന എന്നിലാണ്.' '?Is this what we call love? പ്രണയത്താല്‍ തരളിതമായ ആകൊച്ചുകവിയുടെ മനസ്സിന്റെ കല്പനകള്‍ എത്ര ആഴത്തിലാണ് അനുരണങ്ങളുണര്‍ത്തുന്നത്! 
താന്‍പഠിച്ച വിദ്യാലയത്തെ അനുസ്മരിച്ചുകൊണ്ടാകാം അനൂപ് ഒരുപക്ഷേ ഇങ്ങനെ പാടിയത്.
'ദില്‍ കാ രാഗ് ഭീ യഹാം മില
ദില്‍കാ മീത് ഭീ യഹാം മില...
ലേകിന്‍ അബ് ജബ്
യഹാം ഛോട്ന പട്ത്ത ഹൈ
തോ ദില്‍ രോതാ ഹൈ....'
തന്റെ 'ഛോട്ടീ സി ദുനിയാ' വിട്ടു പോകുന്നതിനെപ്പറ്റി അവന്‍ മുന്‍ കൂട്ടി ആര്‍ദ്രമായി പാടിയതെന്തിന്?
അനൂപ്, മകനേ, നീ ഈ ലോകത്തു നിന്നു വിട്ടുപോയി എന്നാരു പറഞ്ഞു? ഒരു റോഡകടത്തിന് നിന്റെ മഞ്ജുള ശരീരത്തെ ഒറ്റ നിമിഷം കൊണ്ടില്ലാതാക്കാന്‍ കഴിഞ്ഞിരിക്കാം. പക്ഷേ, നിത്യമായ യുവത്വമായി, ശാശ്വതമായ സ്നേഹമായി, കടലിലെ തിരയായി, തീയെത്തണുപ്പിക്കുന്ന മഞ്ഞായി, ആകാശത്തിലെ മഴവില്ലായി നീ നിറഞ്ഞു നില്ക്കുക തന്നെയാണല്ലൊ! ഒരൊറ്റ സങ്കടം മാത്രം. നിന്റെ പിറന്ന നാടായ തലശ്ശേരിയുടെ ഇന്നത്തെ ദുഃസ്ഥിതിയോര്‍ത്ത് വേദനിച്ചിട്ടൊടുവില്‍ നീ പാടുന്നില്ലേ?
'ഞങ്ങള്‍ യുവാക്കള്‍ ഒരിക്കല്‍ ഒരു പുതിയ യുഗം കൊണ്ടുവരും. ഒരിക്കല്‍ സന്തോഷത്തിന്റെ ഗാനങ്ങള്‍ ഞങ്ങളിവിടെ പാടും. അങ്ങനെ എന്റെ തലശ്ശേരി വീണ്ടും ശാന്തിയുടെ നഗരമാകും' Placid was my place... എന്ന്.
ആ സ്വപ്നം പൂര്‍ത്തീകരിക്കുകയെന്ന ദൌത്യം നീ ആരെ ഏല്പിച്ചു പോയി?

 

 


'വിരാമതിലകം'
അനൂപ്മോഹന്‍
സമയം പബ്ളിക്കേഷന്‍സ്

 

 

 
 
 [0]  
 
arrows പന്നിവേട്ടയിലേര്‍പ്പെട്ട തെരുവുനായ്ക്കളുടെ കഥ-മനോജ് കുറൂര്‍
arrows കാമമോഹങ്ങളുടെ ആയുസ്സറുതി -- ലാസര്‍ ഡിസില്‍ വ
arrows നിധിതേടുന്നവരുടെ കൈപ്പുസ്തകം -- ലാസര്‍ ഡിസില്‍ വ
arrows വേരുകളില്ലാതെ നഗരം -- സന്തോഷ് പല്ലശ്ശന
arrows നേര്‍രേഖയില്‍ ചരിത്രം -- ലാസര്‍ ഡിസില്‍വ
arrows ആടുജീവിതങ്ങള്‍ -- എസ് കുമാര്‍
arrows കുഞ്ഞിരാമേട്ടനും കുട്ടികളും -- ബി ടി അനില്‍
arrows ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും -- അനില്‍ നെടുങ്ങോട്
arrows ചരിത്രത്തില്‍ ഇല്ലാത്ത ചിലത് .--. രാജേഷ്‌ ചിത്തിര
arrows പ്രണയകവിതകളുടെ റിഥം.-- രാജേഷ് നന്ദിയംതോട്
arrows നാട്ടുപച്ചവിടാത്ത കവിതകള്‍ - -രാജേഷ് നന്തിയംകോട്
arrows തത്തക്കുട്ടിയുടെ ഇതിഹാസം-- മുഞ്ഞിനാട്‌ പത്‌മകുമാര്‍
arrows കേരള ഡയറക്റ്ററി
arrows എന്‍മകജെ-പ്രകൃതിക്കുനേരെ തിരിയുന്ന കണ്ണ്‌
arrows ഒറ്റപ്പെടലുകളുടെ പേമാരികള്‍ എം.അഷിതയുടെ കഥകളെക്കുറിച്ച് ഒരവലോകനം. -- ഗിരീഷ് പി
arrows പേജ് നമ്പര്‍ . 99 ജ്വാലകള്‍ ശലഭങ്ങളെക്കുറിച്ച് ചില വാക്കുകള്‍.-- ദേവസേന
arrows താരം ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍ ---സാജന്‍ എ.
arrows നേരനുഭവങ്ങള്‍ -- യാസ്മിന്‍
arrows ജീവിക്കാനായ് - യാസ്മിന്‍
arrows (വായനയുടെ) നരകരാജ്യം ആര്‍ക്കുള്ളതാവുന്നു?? - ഡോ. കാവേരി.എസ്
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us