Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

വര്‍ത്തമാനം - 
arrows ഗുല്‍ഗുലു തിക്തകം -- രാജീവ് ശങ്കരന്‍
 
അബ്ദുന്നാസര്‍ മഅ്ദനി മുതല്‍ അബ്ദുന്നാസര്‍ മഅ്ദനി വരെ, പിണറായി വിജയന്‍ മുതല്‍ പിണറായി വിജയന്‍ വരെ, വി എസ് അച്യുതാനന്ദന്‍ മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെ, കെ മുരളീധരന്‍ മുതല്‍ കെ മുരളീധരന്‍ വരെ - 2009ലെ കേരളത്തിന്റെ പരിച്ഛേദം ഇതില്‍ ഒതുങ്ങും. വര്‍ധിച്ചുവരുന്ന ആത്മഹത്യാ നിരക്ക്, കാസര്‍കോട്ടു നിന്ന് തുടര്‍ച്ചയായി കാണാതാവുന്ന പെണ്‍കുട്ടികള്‍ (ജാതി, മത ഭേദമെന്യെ എന്ന് പ്രത്യേകം എഴുതണം ഇല്ലെങ്കില്‍ ലവ് ജിഹാദിന്റെ ഭാഗമാണെന്ന് വിലയിരുത്തലുണ്ടാവും), അവശ്യവസ്തുക്കളുടെ കുതിച്ചുയര്‍ന്ന വില, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും ദൂബൈ സാമ്പത്തിക പ്രതിസന്ധിയുടെയും ഭാഗമായി തിരിച്ചെത്തിയ മലയാളികള്‍, ഇതുമൂലം വിദേശ നാണയത്തിന്റെ ഒഴുക്കിലുണ്ടായ കുറവ്, ഈ കുറവ് സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ എന്നു തുടങ്ങി നിരവധിയായ പ്രശ്നങ്ങള്‍ സമുഹത്തില്‍ നിലനില്‍ക്കെയാണ് മുകളില്‍ പറഞ്ഞ നാലു പേരുകള്‍ ഒരു വര്‍ഷം കേരളത്തെ കീഴടക്കിയത്. ഭീകരവാദ ബന്ധമാരോപിച്ച് കൂടുതല്‍ പേര്‍ അറസ്റിലായതും 'ലവ് ജിഹാദ്' എന്ന വ്യാജ ആരോപണം പ്രചരിപ്പിച്ച് സാധൂകരിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളും ഈ പേരുകള്‍ക്കൊപ്പം ശ്രദ്ധ നേടിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പും തുടര്‍ന്നു നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളുമായിരുന്നു രാഷ്ട്രീയ രംഗത്തെ വലിയ സംഭവങ്ങള്‍. കേരളത്തില്‍ കാര്യമായ വേരോട്ടമുണ്ടെന്ന് സ്വയം അവകാശപ്പെടാത്ത പി ഡി പിയും അതിന്റെ നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയും ലോക്സഭാ തിരഞ്ഞെടുപ്പിലെ താരങ്ങളായി. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെന്ന ആശയം മഅ്ദനി മുന്നോട്ടുവെക്കുകയും സി പി എം അത് സ്വീകരിക്കുകയും ചെയ്തതോടെ പരമ്പരാരതമായി പൊന്നാനിയില്‍ പരാജയം സ്വീകരിക്കാറുള്ള സി പി ഐ ഇടഞ്ഞു. ഇതുയര്‍ത്തിയ പൊടിപടലം തീരുമ്പോഴേക്കും മഅ്ദനിയെന്ന 'ഭീകരനു'മായി ബന്ധമുണ്ടാക്കിയതിനെ വിമര്‍ശിച്ച് യു ഡി എഫ് രംഗത്തെത്തി.

                       Abdul_Nasser_Madani_300.jpg  

ഭീകരവാദികളുമായി മഅ്ദനിക്കുള്ള ബന്ധത്തിന് 'തെളിവു' നിരത്തി ദൃശ്യ, പത്ര മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ കളം കൊഴുത്തു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയ നിലപാടുകളും അത് ജനങ്ങള്‍ക്ക് സമ്മാനിച്ച നേട്ട കോട്ടങ്ങളും വിലയിരുത്തേണ്ട തിരഞ്ഞെടുപ്പ് മഅ്ദനിയിലേക്ക് ചുരുക്കി എല്ലാവരും ആഘോഷിച്ചു. അല്‍പ്പം രാഷ്ട്രീയം ശ്രദ്ധിക്കുന്നവരൊക്കെ പ്രതീക്ഷിച്ച ഫലമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും വിജയിച്ച് കോണ്‍ഗ്രസും യു ഡി എഫും ഇടതുമുന്നണിയെ സമ്മര്‍ദത്തിലാക്കി.

എസ് എന്‍ സി ലാവ്ലിന്‍ കേസില്‍ ഒമ്പതാം പ്രതിയായി (കേസിലെ രണ്ടു പ്രതികള്‍ മരിച്ചുപോയതുകൊണ്ട് ഇപ്പോള്‍ ഏഴാം പ്രതി) സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുകയും പ്രോസിക്യൂഷന് അനുമതി തേടുകയും ചെയ്തതോടെ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനു ലഭിച്ച 'വില്ലന്‍' പരിവേഷം പി ഡി പി ബന്ധത്തെ ന്യായീകരിക്കുകയും മഅ്ദനിയുമായി വേദി പങ്കിടുകയും ചെയ്തതോടെ കൂടുതല്‍ ഉറപ്പിക്കപ്പെട്ടു. വേദി പങ്കിടല്‍ ശരിയായില്ലെന്ന് തിരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ സി പി ഐ (എം) കേന്ദ്ര കമ്മിറ്റി പിന്നീട് തിരുത്തി. കളമശ്ശേരി ബസ്സു കത്തിക്കല്‍ ഒന്നാംതരം ഭീകരവാദമാണെന്ന് ആരോപിച്ച് സൂഫിയ മഅ്ദനിയെ പോലീസ് അറസ്റ് ചെയ്ത ശേഷവും പി ഡി പിയെയും മഅ്ദനിയെയും പൂര്‍ണമായും തള്ളിപ്പറയാതിരുന്ന പിണറായി വിജയന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

                     pinarayi-vijayan.jpg 

പി ഡി പിയുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും പിന്നീട് യാതൊരു ലജ്ജയുമില്ലാതെ അതെല്ലാം നിഷേധിക്കുകയും ചെയ്ത മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് അല്‍പ്പമെങ്കിലും വ്യത്യസ്തനാവാന്‍ പിണറായി വിജയന് കഴിഞ്ഞു. ലാവ്ലിന്‍ കേസില്‍ സി ബി ഐ കോടതിയുടെ പ്രതിക്കൂട്ടില്‍ നിന്ന് പിണറായി വിജയന്‍ ജാമ്യമെടുത്ത് ഇറങ്ങുന്നതാണ് വര്‍ഷാന്തത്തിലെ കാഴ്ച.

പാര്‍ട്ടിയിലെ ഗ്രൂപ്പുപോരില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്താണ് വി എസ് അച്യുതാനന്ദന്‍ നിറഞ്ഞുനിന്നത്. ലാവ്ലിന്‍ കേസില്‍ സി ബി ഐ പ്രതിയാക്കിയ പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് മൂന്നുവട്ടം പറഞ്ഞ വി എസ്, ശംഖുമുഖത്ത് മാര്‍ച്ച് അവസാനിച്ചപ്പോള്‍ വേദിയിലെത്തി. പാര്‍ട്ടി കേന്ദ്ര നേതൃത്വവും ഘടകകക്ഷികളിലെ ചില നേതാക്കളും നടത്തിയ അക്ഷീണ ശ്രമത്തിനൊടുവിലുള്ള മനംമാറ്റം. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച വി എസ്സിന് ലെനിനിസ്റ് സംഘടനാ തത്വങ്ങള്‍ പാലിക്കാതിരുന്നതിന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ ശിക്ഷ വിധിച്ചു.

              achuthananda.JPG

കേന്ദ്ര കമ്മിറ്റിയിലേക്ക് തരംതാഴ്ത്തല്‍. വിട്ടുവീഴ്ചകള്‍ക്കില്ലാത്ത നേതാവ്, 1964ലെപ്പോലെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിവന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അച്ചടക്കത്തിന്റെ ആള്‍രൂപമായി മൌനത്തില്‍ മുങ്ങിയ വി എസ്, വര്‍ഷാന്ത്യത്തില്‍ പി ഡി പി ബന്ധത്തിലെ പിണറായിയുടെ ഒടുവിലത്തെ നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി കാത്തിരിക്കുന്നു.

             muraleedharan_karunakaran_20090427.jpg 

ഇനി കോണ്‍ഗ്രസിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ശഠിച്ചിരുന്ന കെ മുരളീധരന്‍ എന്‍ സി പിയില്‍ നിന്ന് രാജിവെച്ച് മൂന്നുരൂപയുടെ അംഗത്വം തേടി എ ഐ സി സിക്ക് അപേക്ഷ നല്‍കി. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പരമാവധി എതിര്‍ക്കുന്നുണ്ടെങ്കിലും എ കെ ആന്റണിയുടെ പരോക്ഷ പിന്തുണയുള്ളതിനാല്‍ മുരളി കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നുറപ്പ്. പുനപ്രവേശം പരമാവധി വൈകിപ്പിക്കാന്‍ രമേശിനും ഉമ്മന്‍ ചാണ്ടിക്കും സാധിച്ചേക്കുമെന്നുമാത്രം.

ഈ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ബജറ്റില്‍ പതിനായിരം കോടിയുടെ സര്‍ക്കാര്‍ നിക്ഷേപം പ്രഖ്യാപിച്ച് ഡോ. തോമസ് ഐസക്ക് നടത്തിയ പ്രഖ്യാപനം നടപ്പായോ എന്ന പരിശോധനയുണ്ടായില്ല, സ്മാര്‍ട്ട് സിറ്റി പ്രശ്നത്തില്‍ വേണ്ടത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്താക്കാന്‍ കഴിഞ്ഞോ എന്ന വിലയിരുത്തലുണ്ടായില്ല, വിവിധ വകുപ്പുകള്‍ക്ക് ഇടതു മുന്നണി ആലോചിച്ച് നിശ്ചയിച്ച കര്‍മ പദ്ധതി നടപ്പാവുന്നുണ്ടോ എന്ന് അറിയാനും കഴിഞ്ഞില്ല. വിമാനയാത്രക്കിടെ സഹയാത്രക്കരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കുറ്റവിമുക്തനായ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മന്ത്രിസഭയില്‍ തിരിച്ചെത്തി. ദീര്‍ഘകാലം ഇടതുമുന്നണിക്കൊപ്പം നിന്നതിന്റെ പ്രതിഫലം പോലെ കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായി. ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ ജി സുധാകരന്റെ വാഗ്ധോരണികളുടെ മൂര്‍ച്ച നഷ്ടപ്പെട്ടു. രണ്ടാം ഭൂപരിഷ്കരണമെന്ന ആശയത്തിലൂന്നി ചെങ്ങറയിലെ ഹാരിസണ്‍ തോട്ടത്തില്‍ അവകാശം സ്ഥാപിച്ച് സമരം ചെയ്തിരുന്ന ളാഹ ഗോപാലനും കൂട്ടരും സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ (ഉച്ചിഷ്ടം എന്ന് ളാഹ ഗോപാലന്റെ വാക്ക്) സ്വീകരിച്ച് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. മൂന്നു മാസത്തിനകം വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസിലൊതുങ്ങാനാണ് സാധ്യത.

            muthoot paul.JPG 

മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. എസ് ആകൃതിയിലുള്ള കത്തി, കേസിലെ പ്രതികള്‍ക്ക് മന്ത്രി പുത്രനുമായി ബന്ധമുണ്ടെന്ന ആരോപണം എന്നിവ കൊഴുപ്പേകാനുണ്ടായി. സംശയങ്ങളുടെ നിഴലില്‍ പോലീസ് നിന്നു. വര്‍ക്കലയിലെ ഒരു കൊലപാതകം ദളിതുകള്‍ക്ക് 'സ്വന്തമായി തീവ്രവാദ സംഘടന'യെ സമ്മാനിച്ചു - ഡി എച്ച് ആര്‍ എം. ഇവര്‍ തീവ്രവാദികളാണെന്നും വര്‍ക്കലയിലെ കൊലക്കു പിന്നില്‍ ഇവരാണെന്നും പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി. കൊലപാതകവും ഡി എച്ച് ആര്‍ എമ്മും അവര്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയുമെല്ലാം ദുരൂഹമായി തുടരുന്നു. സിസ്റര്‍ അഭയ കേസില്‍ രണ്ട് പുരോഹിതരെയും രുെ കന്യാസ്ത്രീയെയും പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചതും 2009ന്റെ സവിശേഷതയാണ്.

ലശ്കറെ ത്വയ്യിബയുടെ പ്രധാന പ്രവര്‍ത്തകരെന്ന് കരുതുന്ന സര്‍ഫറാസ് നവാസിനെ ഒമാനില്‍ നിന്നും തടിയന്റവിട നസീറിനെ ബംഗ്ളാദേശില്‍ നിന്നും പിടികൂടിയതോടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമായി. ഇവര്‍ പോലീസിനോട് പറയുന്ന ഓരോ വാക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് തത്സമയം ലഭിച്ചു. അവര്‍ അത് ആഘാഷിച്ചു. ഭീകര സംഘടനയുടെ വ്യാപനത്തെ പര്‍വതീകരിക്കും വിധത്തില്‍ ഇത് കാര്യങ്ങളെ എത്തിച്ചു.

            naseeer.JPG 

തടിയന്റവിടെ നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനിയെ ഒമ്പതാം പ്രതിയാക്കി, അറസ്റ് ചെയ്തു. നേരത്തെ ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മൂന്നുപേരെ പോലീസ് ഒഴിവാക്കുന്നതും ഇതിന് തൊട്ടുമുമ്പ് കണ്ടു.

             np_jihad_for_love.jpg 

ഇതിനിടയിലാണ് ലവ് ജിഹാദ് എന്ന വാക്കുകള്‍ പൊട്ടിമുളച്ചത്. പ്രണയം നടിച്ച് അന്യ സമുദായത്തില്‍പ്പെട്ട (കുലീന കുടുംബങ്ങളിലേത് എന്നത് പ്രത്യേകം പ്രസ്താവ്യം) പെണ്‍കുട്ടികളെ ഇസ്ലാമില്‍ ചേര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്നായിരുന്നു ആരോപണം. മുന്‍പിന്‍ നോക്കാതെ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചു. മതം മാറ്റുന്ന പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നുവെന്ന് വരെയായി ആരോപണം. ഈ ആരോപണം നേരിടുന്ന പത്തനംതിട്ടയിലെ രണ്ട് യുവാക്കളുടെ കേസ് പരിഗണിച്ച ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി ഇത് സംബന്ധിച്ച അന്വേഷണത്തെയും മറ്റും രൂക്ഷമായി വിമര്‍ശിച്ചതോടെ ലവ് ജിഹാദ് പ്രചാരണത്തിന് പെട്ടെന്ന് തിരശ്ശീല വീണു.

കേന്ദ്രത്തില്‍ ആറ് മലയാളി മന്ത്രിമാരുണ്ടായത്, തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ മലയാളി ഉദ്യോഗസ്ഥര്‍ എത്തിപ്പെട്ടത് ഇതൊക്കെ നേട്ടങ്ങലായി വാഴ്ത്തപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് റെയില്‍വേ സഹമന്ത്രി സ്ഥാനം ലഭിച്ചതാണ് കൂട്ടത്തില്‍ വലുതായി വിശേഷിപ്പിക്കപ്പെട്ടത്. കമല സുറയ്യ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ലോഹിതദാസ്, മുരളി, രാജന്‍ പി ദേവ് തുടങ്ങിയവര്‍ മലയാളികള്‍ക്കിടയില്‍ നിന്ന് വിട വാങ്ങുകയും ചെയ്തു.

സംഭവങ്ങളുടെ തുടര്‍ച്ച കണക്കിലെടുത്താല്‍ 2009 അവസാനിക്കുന്നില്ലെന്ന് കരുതേണ്ടിവരും. ലാവ്ലിന്‍, സി പി എമ്മിലെ ഗ്രൂപ്പ്, മുരളീധരന്റെ പുനപ്രവേശം, അബ്ദുന്നസാര്‍ മഅ്ദനിയും പി ഡി പിയും, തടിയന്റവിടെ നസീറും എന്‍ ഐ എ അന്വേഷണങ്ങളും, പോള്‍ എം ജോര്‍ജ് കേസ് ഒക്കെ വരും ദിവസങ്ങളിലും തുടരും.

 
 
 [1]  
 
arrows നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം
arrows ലാല്‍ സലാം
arrows ദീപസ്തംഭം മഹാശ്ചര്യം.....നിത്യന്‍
arrows മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം. -- നാരായണസ്വാമി
arrows ചോരശാസ്ത്രം പോസ്റ്റുമോഡേണ്‍ -- നിത്യന്‍
arrows വേണം നമുക്കൊരു യോ യോ എഴുത്തുകാരന്‍ -- ജി മനു
arrows ഒരു 'വെറും' പെണ്‍ കഥ -- അഷിത എം
arrows വര്‍ഗ്ഗീയതയ്ക്കൊരു ഫത്വ -- വിനീത്
arrows കാബൂളില്‍ നിന്നും കേരളത്തിലേയ്ക്ക് -- നിത്യന്‍
arrows ‘കോമണ്‍ വെല്‍ത്ത്’ ഒന്നുകില്‍ കോച്ചിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ സ്റ്റേഡിയത്തിനു പുറത്ത് --
arrows രോഷാകുലനായ മിത്രം -- രാംദാസ്
arrows ചില സ്വകാര്യങ്ങള്‍ -- നീലന്‍
arrows ജാതിക്കൊലയും ജാതിരാഷ്ട്രീയവും -- നിത്യന്‍
arrows അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍
arrows ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും --രാജീവ് ശങ്കരന്‍
arrows നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍
arrows ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു
arrows കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ
arrows വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം
arrows സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us