Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

വര്‍ത്തമാനം - 
arrows കോപ്പന്‍ ഹേഗനിലെ യുദ്ധങ്ങള്‍ --രാജീവ് ശങ്കരന്‍
 

കോപന്‍ ഹേഗനില്‍ നടക്കുന്നത് എന്താണ്? കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത്
കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍
വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചകള്‍ എന്ന് ലളിതമായി
വിവരിക്കാം. അതിനപ്പുറത്ത് ലോകത്തെ സമ്പന്ന രാജ്യങ്ങളും ദരിദ്ര
രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായും വ്യാഖ്യാനിക്കും. വെള്ളത്തിനും
പ്രകൃതി വിഭവങ്ങള്‍ക്കും മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനായിരിക്കും
ഇനിയുള്ള യുദ്ധങ്ങളെന്ന് മഹത്തുക്കള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ആക്രമണവും ഇറാനില്‍

ആക്രമണ ഭീഷണിയും അമേരിക്ക നടത്തുന്നത് എണ്ണ എന്ന പ്രകൃതി വിഭവത്തെ ലക്ഷ്യമിട്ടാണ്.
ഛത്തീസ്ഗഢ്, ഒറീസ്സ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ
സംസ്ഥാനങ്ങളുള്‍ക്കൊള്ളുന്ന വലിയ മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന
പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന ശക്തമായ നടപടി ഈ
ഭൂമേഖലയിലെ ഖനന സാധ്യതകള്‍ പരിഗണിച്ചു കൂടിയാണ്. ഖനനത്തിന്
ലക്ഷ്യമിടുന്നത് അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വലിയ കമ്പനികളോ
അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കുത്തകകളോ ആണ്. ഇത്തരം
യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും സമാഹൃതരൂപമാണ് കോപന്‍ ഹേഗനില്‍
നടക്കുന്നത്. അതുകൊണ്ട് അതിനെ സമ്പന്ന - ദരിദ്ര രാജ്യങ്ങള്‍ തമ്മിലുള്ള
യുദ്ധമെന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.

 climatechange1023.jpg

കാര്‍ബണ്‍ വാതകങ്ങള്‍ അനിയന്ത്രിതമായി പുറന്തള്ളുന്നത് താപനില
വര്‍ധിക്കാന്‍ കാരണമാവുന്നു. താപ നില വര്‍ധിക്കുന്നത് ലോകത്തെ വിവിധ
ഭാഗങ്ങളിലുള്ള (അന്റാര്‍ടിക്ക, ഹിമാലയം പോലുള്ള) മഞ്ഞുമലകള്‍ ഉരുകാന്‍
കാരണമാവും. ഇത് നദികളിലെയും സമുദ്രങ്ങളിലെയും ജല നിരപ്പ് ഉയര്‍ത്തും.
മാലി ദ്വീപ് പോലെ ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പിനൊപ്പം നില്‍ക്കുന്ന
പ്രദേശങ്ങള്‍ ഭാവിയില്‍ വെള്ളത്തിനടിയിലാവും. ഇത് ജീവജാലങ്ങളില്‍ വലിയൊരു
വിഭാഗത്തിന്റെ നാശത്തിന് വഴിവെക്കും. താപനില വര്‍ധിക്കുന്നത് മരുവത്കരണം
വര്‍ധിപ്പിക്കും. അപ്രതീക്ഷിതമായ കനത്ത മഴ, ശക്തമായ കാറ്റുകളുടെ
ആവര്‍ത്തിച്ചുള്ള ആഞ്ഞടിക്കല്‍ ഇവക്കും കാരണമാവും. ഇത്തരം
കാര്യങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നവര്‍ ഇതിനകം
പ്രവചിച്ചതാണ്. ഇത് തടയണമെങ്കില്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍
കുറക്കണം. കാര്യങ്ങളുടെ ഗൌരവം ബോധ്യപ്പെട്ട ലോക രാജ്യങ്ങള്‍ 1997ല്‍
ക്യോട്ടോ പ്രോട്ടോകോളിന് രൂപം നല്‍കി. കാര്‍ബണ്‍ വാതകങ്ങളുടെ
പുറന്തള്ളല്‍ 1990ലുണ്ടായിരുന്നതിനെ അപേക്ഷിച്ച് 5.2 ശതമാനം
കുറക്കാമെന്ന് 37 വ്യവസായവത്കൃത രാജ്യങ്ങള്‍ അംഗീകരിച്ചതായിരുന്നു
പ്രോട്ടോകോള്‍. എന്നാല്‍ ഈ തീരുമാനം നടപ്പാക്കാന്‍ അമേരിക്കയടക്കമുള്ള
വ്യവസായവത്കൃത രാജ്യങ്ങള്‍ തയ്യാറായില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള
ദുരിതം കൂടുതല്‍ അനുഭവിക്കാന്‍ ഇടയുള്ള ചെറു, ദരിദ്ര രാജ്യങ്ങളുടെ മൊത്തം
ആഭ്യന്തര ഉത്പാദനത്തിലും (ഗ്രോസ് ഡൊമസ്റിക് പ്രൊഡക്ട് - ജി ഡി പി) അധികം
ജി ഡി പിയുള്ള കമ്പനികള്‍ വ്യവസായവത്കൃത രാജ്യങ്ങളില്‍ പലതാണ്. അവരുടെ
ഉത്പാദനത്തെയും വിപണനത്തെയും ബാധിക്കുന്ന വിധത്തില്‍ കാര്‍ബണ്‍
വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കാന്‍ അമരിക്കയടക്കമുള്ള രാജ്യങ്ങളുടെ
ഭരണകൂടങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. അത്രക്കാണ് ഈ കമ്പനികളുടെ
സമ്മര്‍ദ ശക്തി.
ഇതേ രാജ്യങ്ങളാണ് കോപ്പന്‍ ഹേഗനിലെ പുതിയ കരാറിനെക്കുറിച്ച് ചര്‍ച്ച
ചെയ്യുന്നത്. ആരാണ് കാര്‍ബണ്‍ വാതകങ്ങള്‍ കൂടുതല്‍ പുറന്തള്ളാന്‍ സാധ്യത.
വ്യവസായികവും സാമൂഹികവുമായ പുരോഗതി നേടിയ രാജ്യങ്ങള്‍ തന്നെയാണ്.
സൊമാലിയയെയോ സുഡാനെയോ പോലെ കടുത്ത ദാരിദ്യ്രം നേരിടുന്ന രാജ്യങ്ങള്‍
ഇതിലേക്ക് നല്‍കുന്ന സംഭാവന തുച്ഛമായിരിക്കും. പക്ഷേ, കാര്‍ബണ്‍
വാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കാനുള്ള ബാധ്യത എല്ലാ രാജ്യങ്ങളും
ഏറ്റെടുക്കണമെന്നതാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വാദം. ഈ വാദം
അംഗീകരിക്കപ്പെട്ടാല്‍ ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ ദാരിദ്യ്രത്തിലേക്ക്
നീങ്ങുകയാവും ഫലം. ഇത്തരം രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ വ്യവസായങ്ങളോ
തൊഴിലവസരങ്ങളോ കുറവ്. അതിനു പുറമെ കാര്‍ബണ്‍ പുറന്തള്ളല്‍
കുറക്കുന്നതിനുള്ള ഉയര്‍ന്ന സാങ്കേതിക വിദ്യ സ്വീകരിക്കണമെന്നത്
നിര്‍ബന്ധമാക്കുക കൂടി ചെയ്താല്‍ ഉള്ള വ്യവസായസ്ഥാപനങ്ങള്‍ കൂടി
പൂട്ടേണ്ടിവരും. ദാരിദ്യ്രത്തില്‍ നിന്ന് പട്ടിണിയിലേക്ക്
തള്ളപ്പെടുകയാവും ഫലം. സമ്പത്തും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമുള്ള
രാജ്യങ്ങള്‍ പുറത്തുവിടുന്ന മാലിന്യം മൂലമുണ്ടാവുന്ന അപകടം തടയാന്‍
ദരിദ്ര കോടികളുടെ അടുപ്പില്‍ നിന്ന് ഉയരുന്ന പുക നിയന്ത്രിക്കണമെന്നാണ്
വാദം. ഇന്നത്തെ അധികാരഘടന പരിശോധിച്ചാല്‍ ഈ വാദം അംഗീകരിക്കപ്പെടാന്‍
തന്നെയാണ് സാധ്യത.

coal_fired.jpg
സമീപകാലത്ത് അമേരിക്കയോട് കൂടുതല്‍ അടുത്ത ഇന്ത്യയെപ്പോലുള്ള
രാജ്യങ്ങള്‍ക്ക് ഇടനിലക്കാരന്റെ വേഷമാണ് ഈ യുദ്ധത്തില്‍. ദരിദ്ര
രാജ്യങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്ന് തോന്നിപ്പിച്ച് വന്‍ശക്തികളുടെ
താത്പര്യം സംരക്ഷിക്കുക എന്ന തന്ത്രപരമായ ദൌത്യം. കാര്‍ബണ്‍ വാതകങ്ങളുടെ
പ്രതിശീര്‍ഷ പുറന്തള്ളലിന്റെ കണക്കെടുക്കണമെന്നും അതിന്റെ
അടിസ്ഥാനത്തിലുള്ള കരാറുണ്ടാവണമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍
സിംഗ് വാദിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ അത് ഗുണകരമായി തോന്നാം. പക്ഷേ,
ഫലത്തില്‍ ദരിദ്രന്റെ അടുപ്പില്‍ നിന്നുയരുന്ന പുകയുടെ കണക്ക്
എടുക്കണമെന്ന് തന്നെയാണ് മന്‍മോഹന്‍ സിംഗ് പറയുന്നത്. പുതിയ സാങ്കേതിക
വിദ്യ സ്വീകരിക്കാന്‍ സമ്പത്തുള്ള വികസിത രാജ്യങ്ങള്‍ക്കും അവിടുത്തെ
കമ്പനികള്‍ക്കും പ്രതിശീര്‍ഷ പുറന്തള്ളല്‍ കുറക്കാന്‍ നടപടി സ്വീകരിക്കുക
എളുപ്പമാണ്. പക്ഷേ, അതിന് ത്രാണിയില്ലാത്ത രാജ്യങ്ങള്‍ എന്ത് ചെയ്യും.
ഇത് ഏറെ അകലത്തില്‍ നടക്കുന്ന കാര്യമായി കാണേണ്ടതില്ല. നിങ്ങള്‍
ഇന്നുപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ നിശ്ചിത അളവിലധികം കാര്‍ബണ്‍
വാതകങ്ങള്‍ പുറന്തള്ളുന്നതാണ്. അതിനാല്‍ ഒരു വര്‍ഷത്തിനപ്പുറം ഇത്
ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന ഒരു മുന്നറിയിപ്പ് സമീപ ഭാവിയില്‍
പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കണമെന്ന്
നിര്‍ബന്ധമാണെങ്കില്‍ വാതക പുറന്തള്ളല്‍ കുറക്കാന്‍ പാകത്തിലുള്ള
സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ഒന്ന് പുതുതായി വാങ്ങണം. അത്
വിപണിയിലെത്തിച്ചിട്ടുള്ളത് അമേരിക്കയിലെയോ യൂറോപ്പിലെയോ ഏതെങ്കിലും
കമ്പനിയോ അതിന്റെ ഇന്ത്യയിലെ സാമന്തനോ ആയിരിക്കും. കാലാവസ്ഥാ
വ്യതിയാനത്തിന്റെ തോത് കുറക്കുന്നതിന് സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ വലിയൊരു വിപണി സാധ്യത
മുന്നില്‍ കണ്ടുള്ളത് കൂടിയാണ്. യുദ്ധത്തിന്റെ മറ്റൊരു മുഖമാണ് വിപണി.
ഇതിനെയെല്ലാം പരാജയപ്പെടുത്താന്‍ ദരിദ്ര രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക്
കഴിയുമോ? അതോ ഇടനിലക്കാരുടെ മായം തിരിയലില്‍ സമ്പന്നരുടെ ഇംഗിതം
സാധിക്കപ്പെടുമോ?

 

 

 
 
 [0]  
 
arrows നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം
arrows ലാല്‍ സലാം
arrows ദീപസ്തംഭം മഹാശ്ചര്യം.....നിത്യന്‍
arrows മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം. -- നാരായണസ്വാമി
arrows ചോരശാസ്ത്രം പോസ്റ്റുമോഡേണ്‍ -- നിത്യന്‍
arrows വേണം നമുക്കൊരു യോ യോ എഴുത്തുകാരന്‍ -- ജി മനു
arrows ഒരു 'വെറും' പെണ്‍ കഥ -- അഷിത എം
arrows വര്‍ഗ്ഗീയതയ്ക്കൊരു ഫത്വ -- വിനീത്
arrows കാബൂളില്‍ നിന്നും കേരളത്തിലേയ്ക്ക് -- നിത്യന്‍
arrows ‘കോമണ്‍ വെല്‍ത്ത്’ ഒന്നുകില്‍ കോച്ചിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ സ്റ്റേഡിയത്തിനു പുറത്ത് --
arrows രോഷാകുലനായ മിത്രം -- രാംദാസ്
arrows ചില സ്വകാര്യങ്ങള്‍ -- നീലന്‍
arrows ജാതിക്കൊലയും ജാതിരാഷ്ട്രീയവും -- നിത്യന്‍
arrows അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍
arrows ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും --രാജീവ് ശങ്കരന്‍
arrows നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍
arrows ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു
arrows കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ
arrows വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം
arrows സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us