മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്. പണ്ട് മുത്തശ്ശിമാര്‍ പരസ്പരം പറഞ്ഞിരുന്ന നാട്ടുവര്‍ത്തമാനങ്ങളുടെ ഒരു സ്വാദ് ഓരോകവിതകളിലും നമ്മുക്ക് കണ്ടെത്താനാകുന്നുണ്ട്. പറഞ്ഞ് പറഞ്ഞ് പതിരാകാത്ത നാട്ടുമൊഴികള്‍....... കേട്ടു കേട്ടു മടുക്കാത്ത സ്നേഹവായ്പ്പുകളുടെ പുതുസങ്കേതങ്ങള്‍..... ഇവിടെ കവിത ജീവിതമോ, പ്രണയമോ, കാലമോ, പ്രതീക്ഷയോ ആയിട്ടല്ല അനുഭവിക്കുന്നത് ഒരുനാടായിട്ടാണ് അല്ലെങ്കില്‍ ഒരു ഗ്രാമത്തില്‍ നിന്നുയരുന്ന സ്നേഹത്തോടെയുളള പിറുപിറുക്കലുകള്‍. (ഭയപ്പെടുത്തുന്നവര്‍) എന്ന കവിത നോക്കൂ ഞായറാഴ്ചയും ഒഴിവാക്കാതെവരും. തിങ്കളാഴ്ച രാവിലെ വരുന്നവര്‍ ബൈക്കിലാണ്. ദേഷ്യപ്പെടാത്തയാള്‍ ചൊവ്വാഴ്ചയാണ്; ബുധനാഴ്ചക്കാരന്‍ ഉച്ചയ്ക്കായതിനാല്‍ മിക്കവാറും കാണാറില്ല. ആളില്ലെന്നു കണ്ടാല്‍ തിരികെപോകും; വൈകീട്ടുവരുന്ന വ്യാഴാഴ്ചക്കാരന്‍. അടച്ചിട്ട വാതിലിനോട് ദേഷ്യം തീര്‍ക്കും, വെള്ളിയാഴ്ചക്കാരന്‍....... സത്യം പറയാല്ലോ ശനിയാഴ്ച ഒളിഞ്ഞിരിക്കയാണ് പതിവ്. വട്ടിപ്പലിശക്കാരെയും പേടിച്ച്, പണിയില്ലാതെ ഒളിഞ്ഞിരിക്കേണ്ടിവരുന്ന ഗ്രാമീണമനസ്സാണ് ഈ കവിത. 'കല്യാണക്കുറി' എന്ന കവിത പറയുന്നത് ശ്രദ്ധിക്കൂ. ചിലപ്പോള്‍ വാതില്‍പ്പാളികള്‍ക്കിടയില്‍, അല്ലെങ്കില്‍ ജനാലക്കരികില്‍, ഇടയ്ക്ക് ഇറയത്ത് തിരുകിയ നിലയില്‍....... പോയാലന്നൊക്കെയാദ്യം ഇരുപത്തഞ്ചായിരുന്നു, പിന്നെയമ്പതായി, ഇപ്പോള്‍- നൂറ്റൊന്നില്ലാതെയെങ്ങിനെ? എന്നിട്ടും എനിക്കറിയാത്ത ഒന്നുണ്ട് എന്നെപ്രണയിച്ച നിന്റെ കല്യാണത്തിന് ഞാനെന്താണ് നിനക്കുതരേണ്ടത്........ ഒരു നാട്ടുപ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ രൂപകമാണി കവിത. ഈ കുറിപ്പെഴുതുമ്പോഴും, ഞാനറിയുന്ന നന്തിയം കോട്ടിലെ പല പ്രണയങ്ങളുടെയും അറ്റം ഇങ്ങനെയൊക്കെത്തന്നെയെന്ന് പ്രഖ്യാപിക്കാന്‍ എനിയ്ക്കു കഴിയുന്നുണ്ട്. നാട്ടിന്‍ പുറങ്ങളിലെ കല്യാണങ്ങള്‍ക്ക് ക്ഷണിച്ചാല്‍ പോകേണ്ട എന്ന് പിറുപിറുക്കുന്ന ഗ്രാമീണര്‍. വെറുതെ പോയാലും പോര നൂറ്റൊന്നുരൂപയെങ്കിലും ഇല്ലാതെയെങ്ങിനെ. പക്ഷേ? കവിതയിലെ കാമുകന് തന്റെ പഴയ പ്രണയിനിക്ക് നല്‍കേണ്ട പ്രസന്റേഷന്‍. അവള്‍ അവളുടെ കല്യാണം ക്ഷണിച്ചു എന്നുറപ്പ്. ആ അവസ്ഥയില്‍ അവള്‍ക്ക് നല്‍കാന്‍ അവന്‍ എന്ത് സമ്മാനമാണ് കരുതേണ്ടത്. കല്യാണക്കുറി കിട്ടുമ്പോള്‍ പതറിയിരിക്കുന്ന ഗ്രാമീണര്‍........ 'പേടിപ്പനി' എന്ന കവിതയിങ്ങനെ. ദേഹത്ത് തീകോരിയിട്ട് പനി.... പണിക്കുപോയേടത്ത് എന്തേലും കണ്ട് പേടിച്ചിട്ടുണ്ടാവുമെന്ന് ചമ്മന്തിക്കായി വറമുളകു വറക്കുന്നതിനിടയിലമ്മ..... കഞ്ഞിയിലിത്ര കയ്പ്പു നിറച്ചതാര്....? തൊട്ടേയില്ല ചമ്മന്തി. കയ്പ്പിനേയിരട്ടിപ്പിച്ചിറങ്ങിപ്പോയി, തൊണ്ടവഴി താഴോട്ട് ഒരിഞ്ചു നീളത്തിലൊരു ഗുളിക..... പൊന്നോ നീ വെറക്കണതെന്തടാ........? പാതിരാത്രി പായക്കരികില്‍ വിളക്കുവെട്ടത്തിലപ്പന്‍....... വാ തുറക്ക്, പനിപറ പറക്കും, നാവറിഞ്ഞത് തുളസിച്ചാറിന്റെ ചവര്‍പ്പ്... പനിവിട്ട് രാവിലെ അപ്പനേയടക്കിയേടത്ത് ചെന്നു നോക്കിയപ്പോള്‍, വിറയ്ക്കുന്നു. കുഴിമാടത്തിനു മുകളിലെ തുളസിച്ചെടി പനിവന്നിട്ടെന്നപോലെ..... അച്ഛന്റേയും മകന്റേയും ആത്മബന്ധത്തിന്റെ ഉല്‍കൃഷ്ടമാതൃക കാണിച്ചുതരാന്‍ കഴിയുന്ന ശ്രേഷ്ടകവിതകളുടെ മാതൃകയിലേക്ക് നമ്മുക്ക് പേടിപ്പനി എന്ന കവിതയെകൊണ്ടിരുത്താം. അമ്മയുടെ ചമ്മന്തിക്കും, നീളന്‍ ഗുളികക്കും മാറ്റിനിര്‍ത്താനാകാത്ത പേടിപ്പനിയെ സ്വപ്നത്തിലൂര്‍ന്നിറങ്ങിവന്ന് തുളസിച്ചാര്‍ വായിലേക്ക് പകര്‍ന്ന അച്ഛനെന്ന സാന്നിദ്ധ്യം. മരിച്ചുപോയവര്‍ ജീവിതത്തിലേക്ക് ഇങ്ങിനെയൊക്കെയല്ലാതെ ഏത് തരത്തില്‍ അടയാളപ്പെടുത്താനാണെന്ന് വിറയ്ക്കുന്ന തുളസിച്ചെടി കാണിക്കുന്നു. അഹങ്കരിക്കയൊന്നും വേണ്ട നീ, ഊതിയൂതി കണ്ണിലെ വെളളം കളഞ്ഞ് നിനക്ക് ജീവന്‍ തരുന്നത് വയറ്റിലെരിയുന്ന നിന്നേക്കാള്‍ വലിയൊരുത്തനെ അടക്കുവാന്‍ വേണ്ടിത്തന്നെയാണ്....... 'തീ' എന്ന കവിത വിശപ്പിനെ അടക്കുവാന്‍ വെമ്പുന്ന ഒരാളുടെ അടുപ്പിനോടുളള മനോവ്യഥ സൂചിപ്പിക്കുന്നു. മനസ്സില്ലാ മനസ്സോടെ, മനമൊരിടത്തും ശരീരം മറ്റൊരിടത്തുമായി ജീവിത- വേനലേറ്റു വാങ്ങിയുളള മടക്കമില്ലാത്ത മേയല്‍....... "പ്രവാസം'' എന്ന കവിത ജീവിതത്തില്‍ നിന്ന് ആര്‍ദ്രത വറ്റിപ്പോകുന്ന പ്രവാസികളുടെ ഉത്കണ്ഠയാണ്, മേയലുകളുടെ ആവര്‍ത്തന വിരസത നാടിനോടുളള കലശലായ പ്രണയം കൊണ്ടു നടക്കുമ്പോഴും പ്രാരാബ്ദങ്ങളുടെ കെട്ടുപാടുകളില്‍ കുടുങ്ങിക്കുടുങ്ങി ജീവിതവും സ്വാതന്ത്യ്രവും നഷ്ടപ്പെടുത്തുന്ന പ്രവാസം എന്ന മൂന്നക്ഷരം ഓര്‍മ്മപ്പെടുത്തുന്നത് പുതുകാലത്തിന്റെ ചില കയ്പ്പുകളെയാണ്. സര്‍ഗാത്മകതകളൊക്കെയും കാലത്തോട് ചേര്‍ന്ന് നില്‍ക്കലുകളാകണം എന്ന് നിഷ്‍ക്കര്‍ഷിക്കുന്ന സത്യസന്ധതകളിലേക്ക് തന്നെയാണ് സുനില്‍ കുമാര്‍ എം. എസ്സിന്റെ കവിതകളും തലയെടുപ്പോടെയും നെഞ്ചൂക്കോടെയും വന്നുനില്‍ക്കുന്നത്. അവനവനില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ചില സന്ദേഹങ്ങള്‍; കവിതയുടെ പകര്‍പ്പുകളാകേണ്ട, നിശ്വാസങ്ങളുടെയും, നെടുവീര്‍പ്പുകളുടെയും കൂട്ടം കുത്തലുകള്‍; പറച്ചിലുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് 'പേടിപ്പനി' എന്ന സമാഹാരം എനിക്ക് പറയാനും അടയാളപ്പെടുത്താനും ഇതൊക്കെതന്നെയെന്നോ; അല്ലെങ്കില്‍ ഞാന്‍ കാണുന്നത് കേള്‍ക്കുന്നത്, അനുഭവിക്കുന്നത് ഇങ്ങിനെയൊക്കെയാണെന്നോ കവി നിരന്തരമാവര്‍ത്തിക്കുന്നു. അതില്‍ ആവര്‍ത്തന വിരസത തീരെ വരുന്നില്ല എന്നത് സത്യവും. 'നെല്ലുണക്കം' എന്ന കവിതയെ കുറിച്ച് കൂടി പറഞ്ഞ് നിര്‍ത്താം. വെയില്‍ സൂര്യന്റെ പക്കലാണ് മുറ്റം മെഴുകേണ്ട ചാണകം അടുത്തവീട്ടിലെ തൊഴുത്തിലാണ്. പുഴുങ്ങേണ്ട കലം വീടിനകത്ത് വേരുപിടിച്ച് മൂലയ്ക്കിരിപ്പാണ്. കൊയ്തെടുക്കേണ്ട അരിവാള്‍ കൊയ്ത്തുമറന്ന് രോഗശയ്യയിലാണ്. നെല്ല് കിനാവിന്റെ കൊയ്ത്തുപാടങ്ങളില്‍ മാത്രമായി വിളഞ്ഞു നില്‍പ്പാണ്. എല്ലാമന്യമായ കാലത്ത് പാളങ്ങള്‍ താണ്ടിവരുന്ന വിശപ്പിന്റെ മരുന്നിനായി കാത്തിരിക്കുമ്പോഴും, സ്വന്തമെന്നു പറയാന്‍ കാല്‍വെളളയില്‍ ഉറഞ്ഞിരിപ്പുണ്ട് നെല്ലുണക്കിച്ചിക്കുമ്പോഴുളള പോയകാലത്തിന്റെ കിരുകിരുപ്പ്.............. മലയാളിയുടെ, മലയാളിത്തത്തിന്റെ, കൃഷിയുടെ, പരസ്പരാശ്രയത്തിന്റെ നമ്മുടെ ജൈവസത്തയുടെ ഒക്കെതന്നെയും നഷ്ടപ്പെടലിനെ 'നെല്ലുണക്കം' എന്ന കവിത സൂചിപ്പിക്കുന്നുണ്ട്. കിനാവിന്റെ കൊയ്ത്തുപാടങ്ങളില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകളും, രോഗശയ്യയിലായ അരിവാളും, വലിയ കലം വേരുപിടിച്ചിരിക്കലും, ചാണകം തൊഴുത്തില്‍ കെട്ടികിടക്കലും സൂര്യന്റെ ഇഷ്ടാനിഷ്ടമായി വെയിലും, ഒക്കെ അന്യമായി വരുന്ന കാലത്ത് തീവണ്ടി പാളങ്ങള്‍താണ്ടിവരുന്ന വിശപ്പിന്റെ മരുന്ന്, എന്തൊക്കെ പറഞ്ഞാലും കാലിനടിയിലെ നെല്ലുചിക്കുമ്പോഴുളള നഷ്ടപ്പെടലിന്റെ കിരുകിരുപ്പ്. നാം ഇതുവരെ കേട്ടും അനുഭവിച്ചും നിരന്തരമാവര്‍ത്തിക്കുന്ന കവിതകളുടെ ഉളളടക്കങ്ങളിലൂടെയല്ല 'പേടിപ്പനി' എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ സഞ്ചരിക്കുന്നത്. അവ സ്വതന്ത്രമായോ, കണ്‍വെട്ടത്തുനിന്നോ, കാണും കാഴ്ചകളിലൂടെയങ്ങിനെ കവിതയായി മാറുകയാണ്. പുതു കവിതയുടെ വിത്തിറക്കല്‍ എന്ന് വേണമെങ്കില്‍ പറഞ്ഞുവെയ്ക്കാവുന്ന കവിതകള്‍. പഴയ കവിതാ സിസ്റ്റ്ത്തില്‍ നിന്ന് കുതറലോ വഴുതിമാറലോ എന്നൊന്നും ഞാന്‍ ഉറപ്പിച്ചുപറയുന്നില്ല. എങ്കിലും പുതു മലയാള കവിതയുടെ ഏതെങ്കിലും ഒരു ഫൈബര്‍ കസാരയില്‍ കയറിയിരിക്കാനുളള തന്റേടം സുനില്‍ കുമാര്‍ എം. എസ്സിന്റെ കവിതകള്‍ക്കുണ്ട് എന്ന് ഉറപ്പിക്കാം. അതിനുമൊക്കെയപ്പുറം ഡി.സി ബുക്സ് പുറത്തിറക്കിയ ഈ സമാഹാരം ആരോടുവേണമെങ്കിലും ഒന്നു വാങ്ങി വായിച്ചു നോക്കൂ എന്ന് ധൈര്യമായിട്ടു തന്നെ പറയാം. വീടിനെ തണലുകൊണ്ടും സൌഹൃദത്തെ ആകാശം കൊണ്ടും എന്റെ പ്രണയത്തെ കവിതകൊണ്ടും അനുഭവത്തിന്റെ ഭൂപടത്തില്‍ ഞാനടയാളപ്പെടുത്തി. 'ഭൂപടത്തില്‍' എന്ന കവിതയിലൂടെ പറയുന്നതിനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുക തന്നെ.
രാജേഷ് നന്തിയംകോട് കൂറ്റനാട് പാലക്കാട് - 679533 ഫോണ്‍: 9249221988 |
|