എയിഡ്സിനെ സംബന്ധിച്ച ‘പായാര’ങ്ങളുടെ വാര്‍ഷികാവര്‍ത്തനങ്ങള്‍ നമ്മെ മടുപ്പിച്ചുതുടങ്ങിയിരിക്കുന്നു. സ്ഥിരമായ അവകാശലംഘനങ്ങളും അനുദിനം ചിലവേറുന്ന ചികിത്സകളും ചികിത്സാ തട്ടിപ്പുകളും രോഗത്തെ സംബന്ധിച്ച എത്ര ഒഴിച്ചാലും തീരാത്ത അജ്ഞതയും ഒക്കെ പലപ്പോഴും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ കടുത്ത നിരാശയുളവാക്കുന്ന സംഗതികളാണ്. ഈ സന്ദര്‍ഭത്തിലാണ് ഈവര്‍ഷത്തെ എയിഡ്സ് ദിന ലക്ഷ്യങ്ങളായി ലോകാരോഗ്യസംഘടന രണ്ട് കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് - സാര്‍വജനീനമായ എച്.ഐ.വി ചികിത്സാലഭ്യതയും എയിഡ്സ് രോഗികളുടെ മനുഷ്യാവകാശങ്ങളും.
ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ റിട്രോവൈറല്‍ മരുന്നുകള്‍ കൊണ്ട് ചികിത്സ വേണ്ടിവരുന്നവരുടെ ഏകദേശ എണ്ണം 15 ലക്ഷത്തോളം വരും. ഇതില്‍ യഥാര്‍ത്ഥത്തില്‍ ചികിത്സ ലഭ്യമാകുന്നത് 6 ലക്ഷത്തില്‍ താഴെ രോഗികള്‍ക്കും ! അതായത് ഏതാണ്ട് 37 % മാത്രം ! ലോകമൊട്ടുക്കുള്ള കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ 42 % എയിഡ്സ് രോഗികള്‍ക്കാണ് എന്തെങ്കിലും തരത്തിലുള്ള റിട്രോവൈറല്‍ മരുന്നുകള്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ലക്ഷ്യമിട്ടതില്‍ നിന്നൊക്കെ താഴെയാണ് ഈ സംഖ്യകളെങ്കിലും ഇതുതന്നെ ആശാവഹമായ പുരോഗതിയാണെന്നാണ് ലോകാരോഗ്യസംഘടനാ കണക്കുകള്‍ കാണിക്കുന്നത്. 2003ല്‍ 5% രോഗികള്‍ക്ക് മാത്രമായി കിട്ടിക്കൊണ്ടിരുന്ന എയിഡ്സ് റിട്രോവൈറല്‍ മരുന്നുകള്‍ ഏഴുവര്‍ഷം കൊണ്ട് 42% രോഗികളിലേക്കെത്തിക്കാന്‍ കഴിഞ്ഞത് ചില്ലറ നേട്ടമല്ല.
എച്.ഐ.വി രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ എത്തിക്കുന്നതിന് ഓരോ സമൂഹത്തിലും ഓരോ രീതിയിലാണ് തടസ്സം നേരിടുന്നത്. സാമ്പത്തിക ഭാരമാണ് ഭൂരിഭാഗം നാടുകളിലെയും മുഖ്യ പ്രശ്നം. എന്നാല്‍ നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റ് ചില പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിലൊന്ന് രോഗ ചികിത്സയെ സംബന്ധിച്ച ഗൌരവകരമായ അജ്ഞതയും ആ ഗ്യാപ്പില്‍ കയറിക്കളിക്കുന്ന തട്ടിപ്പു പ്രസ്ഥാനങ്ങളും ഗൂഢാലോചനാ സിദ്ധാന്തക്കാരുമാണ്.
റിട്രോവൈറല്‍ മരുന്നുകളും എയിഡ്സ് ചികിത്സയും
എയിഡ്സ് ചികിത്സയെപ്പറ്റി സാമാന്യ ജനം അറിയേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു. വിസ്താരഭയം മൂലം പരമാവധി ചുരുക്കിയാണ് കൊടുക്കുന്നത് :
1. എച്.ഐ.വി ബാധിച്ച ഉടനെ എല്ലാ രോഗികളെയും മരുന്നുകള്‍ കഴിച്ചുതുടങ്ങാന്‍ പ്രേരിപ്പിക്കാറില്ല. എച്.ഐ.വി ബാധയുണ്ടെന്ന് രണ്ടോ മൂന്നോ വട്ടം പല സമയങ്ങളിലായി ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചുകഴിഞ്ഞ രോഗിയെ സ്ഥിരമായ രക്തപരിശോധനകള്‍ക്ക് വിധേയമാക്കും. സി.ഡി.-4 എന്ന ഉപവിഭാഗത്തില്‍പ്പെട്ട ഒരു വെളുത്ത രക്താണുക്കളെയാണ് എച്.ഐ.വി വൈറസ് ആക്രമിക്കുക. സ്വാഭാവികമായും ഈ സി.ഡി-4 കോശങ്ങളുടെ കൌണ്ട് ആണ് ചികിത്സ തുടങ്ങുന്നതിന്റെ മുഖ്യമാനദണ്ഡം. സി.ഡി-4 എന്ന കോശങ്ങള്‍ നമ്മുടെ രോഗപ്രതിരോഷശേഷിയെ നിര്‍ണയിക്കുന്ന മുഖ്യ കോശസംഘാതങ്ങളിലൊന്നാണ്. എച്.ഐ.വി ആക്രമണത്തില്‍ ഇവ നശിക്കുമ്പോള്‍ മറ്റു രോഗങ്ങളെ നേരിടാനുള്ള കഴിവ് നശിക്കുകയും ഒരു സാധാരണ ജലദോഷം പോലും താങ്ങാനാവാതെ വരുകയും ചെയ്യുന്നതാണ് എയിഡ്സ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുന്ന അന്യരോഗങ്ങളാണ് മഹാഭൂരിപക്ഷം എയിഡ്സ് രോഗികളില്‍ മരണകാരണമാകുന്നത്.
നമ്മുടെ നാട്ടില്‍ സി.ഡി-4 കൌണ്ട് 200ല്‍ താഴെ പോകുമ്പോഴാണ് റിട്രോവൈറല്‍ മരുന്നുകള്‍ കഴിച്ചുതുടങ്ങാന്‍ നിര്‍ദ്ദേശിക്കാറ് (സി.ഡി-4 കോശങ്ങളുടെ സാധാരണ നില 500-1200/cu.mm ആണ്).
2. എച്.ഐ.വി അണുബാധയ്ക്ക് ശേഷം അനേക വര്‍ഷങ്ങള്‍കൊണ്ടാണ് മിക്ക രോഗികള്‍ക്കും സി.ഡി-4 കൌണ്ട് താഴുന്നത്. അത് പക്ഷേ എപ്പോഴും ടെസ്റ്റ് ചെയ്ത് ആവശ്യത്തില്‍ത്താഴെ പോകുന്നില്ല എന്നുറപ്പിക്കേണ്ടത് ചികിത്സയില്‍ അത്യാവശ്യമാണ്. രോഗതീവ്രത നിര്‍ണയിക്കാന്‍ സി.ഡി-4 കൌണ്ട് കൂടാതെ ലോകവ്യാപകമായി ഉപയോഗിക്കുന്നത് ലോകാരോഗ്യസംഘടനയുടെ ക്ലിനികല്‍ സ്റ്റേജിംഗ് രീതിയാണ്. ഇതനുസരിച്ച് സ്റ്റേജ് 1, 2 എന്നിവയില്‍ സി.ഡി-4 കൌണ്ട് 200ല്‍ താഴെപ്പോകുമ്പോള്‍ മാത്രം ചികിത്സ ആരംഭിച്ചാല്‍ മതിയാകും. സ്റ്റേജ് 3, 4 എന്നിവയില്‍ തൂക്കം അമിതമായി നഷ്ടപ്പെടുക, രോഗപ്രതിരോധശേഷി ക്ഷയിക്കുന്നതിനെ തുടര്‍ന്ന് കടുത്ത രോഗങ്ങള്‍ വരാന്‍ തുടങ്ങുക എന്നിവയൊക്കെയാണ് സംഭവിക്കുന്നത്. ഈ സ്റ്റേജുകളില്‍ സി.ഡി4 കൌണ്ട് എത്രതന്നെയായാലും ചികിത്സ ഉടന്‍ തുടങ്ങണം.
3. ചികിത്സയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഇരുപതില്പരം മരുന്നുകള്‍ ഗവേഷണത്തിലൂടെ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും കൃത്യമായ നിഷ്ഠയോടെ ഉപയോഗിക്കാമെങ്കില്‍ എയിഡ്സ് രോഗികളില്‍ ആയുര്‍ദൈര്‍ഘ്യവും ജീവിതത്തിന്റെ ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും എന്നത് സംശയലേശമെന്യേ തെളിയിക്കപ്പെട്ടതാണ്.
4. റിട്രോവൈറല്‍ മരുന്നുകള്‍ എച്.ഐ.വി വ്യാപനത്തിന്റെ പല ഘട്ടങ്ങളിലാണ് ഇടപെടുന്നത്. അഞ്ച് വിഭാഗങ്ങളിലായി വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു ഈ മരുന്നുകള്‍. മറ്റു വൈറസുകളെപ്പോലെത്തന്നെ എയിഡ്സ് വൈറസും നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് നമ്മുടെ ജനിതകവസ്തുവിനെ ഉപയോഗിച്ച് സ്വന്തം ജീനുകളെയും വംശത്തെയും വര്‍ധിപ്പിക്കുക എന്ന രീതിയാണ് പ്രയോഗിക്കുന്നത്. കോശങ്ങളെ ആക്രമിക്കുന്ന ഘട്ടം മുതല്‍ കോശത്തിനകത്ത് കയറി സ്വയം പെരുകുന്നതും ഒടുവില്‍ കോശത്തെ നശിപ്പിച്ച് വൈറല്‍ കുഞ്ഞുങ്ങളായി പുറത്തുവരുന്നതും വരെയുള്ള വിവിധ ഘട്ടങ്ങളിലെ പ്രക്രിയകളെയാണ് റിട്രോവൈറല്‍ മരുന്നുകള്‍ തടയുന്നത്.
5. ഒന്നില്‍ കൂടുതല്‍ ഘട്ടങ്ങളിലായാണ് എച്.ഐ.വി വൈറസ് കോശങ്ങളെ ആക്രമിക്കുന്നതും പെരുകുന്നതും എന്നതിനാല്‍ ഒറ്റ മരുന്നല്ല മറിച്ച് രണ്ടോ മൂന്നോ ഉപവിഭാഗങ്ങളിലുള്ള 3 മരുന്നുകളെങ്കിലും ചുരുങ്ങിയത് എയിഡ്സ് ചികിത്സയ്ക്ക് ഒരേ സമയം ഉപയോഗിക്കേണ്ടിവരും. ഉദാഹരണത്തിന് അബാകവിര്‍ , ലാമിവുഡീന്‍, സിഡോവുഡീന്‍ എന്നിങ്ങനെ മൂന്ന് മരുന്നുകളുടെ ഒരു കോമ്പിനേയ്ഷനാണ് ‘ട്രൈസിവിര്‍ ’ ഇന്ന് അറിയപ്പെടുന്നത്. ലാമിവുഡീന്‍ + സ്റ്റാവുഡീന്‍ + നെവിറാപ്പിന്‍ എന്നിങ്ങനെയുള്ളത് മറ്റൊരു കോമ്പിനേഷന്‍. ഇതാണ് എയിഡ്സ് ചികിത്സയുടെ ചിലവേറ്റുന്ന മറ്റൊരു പ്രശ്നം. മരുന്നുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുക എന്നത് ഇന്നത്തെ നിലയില്‍ സാധ്യമല്ല, കാരണം ഒറ്റയ്ക്കൊറ്റയ്ക്ക് ഈ മരുന്നുകള്‍ക്ക് കാര്യമായ ഫലം ചെയ്യാനാവില്ല എന്ന് ഗവേഷണങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എച്.ഐ.വി വൈറസിന്റെ ചലനാത്മക പ്രകൃതിതന്നെയാണ് ഇതിനും മൂല കാരണം.
6. കോമ്പിനേഷന്‍ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ധാരാളമുണ്ട്. സാധാരണ വയറിളക്കം മുതല്‍ പ്രമേഹസാധ്യത കൂട്ടുന്നത് വരെയുള്ള പ്രശ്നങ്ങള്‍ ഈ മരുന്നുകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രലോകം കൂടുതല്‍ ഫലപ്രദവും ഒറ്റയ്ക്ക് എച്.ഐ.വിയെ നേരിടാന്‍ തക്ക പ്രാപ്തിയുമുള്ള മരുന്നുകള്‍ക്കായി നിരന്തരം അന്വേഷണത്തിലാണ്. പാര്‍ശ്വഫലങ്ങള്‍ മൂലമോ വിലക്കൂടുതല്‍ കൊണ്ടോ പല രോഗികളും കുറഞ്ഞ ഡോസുകളിലും കുറഞ്ഞ എണ്ണത്തിലുമൊക്കെ ഈ മരുന്നുകള്‍ അശ്രദ്ധമായും വൈദ്യോപദേശമില്ലാതെയും കഴിക്കുന്നത് വ്യാപകമാണ്. ഇതുമൂലം എച്.ഐ.വിയെ അമര്‍ത്താനാവില്ലെന്ന് മാത്രമല്ല, ആന്റിബയോട്ടിക്കുകള്‍ക്കെതിരേ ബാക്റ്റീരിയകള്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുമ്പോലെ എച്.ഐ.വിയും പല മരുന്നുകള്‍ക്കുമെതിരേ പ്രതിരോധശേഷി ആര്‍ജിക്കുന്നതിനുമിടയാക്കുന്നു.
7. ചികിത്സയുടെ ചിലവ് എയിഡ്സ് രോഗികള്‍ക്ക് സാധാരണ ഗതിയില്‍ താങ്ങാന്‍ പ്രയാസമാണ് എന്നതില്‍ സംശയമില്ല. ഇതോടൊപ്പം എയിഡ്സ് രോഗികള്‍ നേരിടുന്ന സാമൂഹിക വിവേചനങ്ങളും കൂടിയാകുമ്പോള്‍ ഇന്ത്യപോലെയുള്ള അന്ധവിശ്വാസപ്രധാനമായ സമൂഹങ്ങളില്‍ തഴച്ചുവളരുന്ന സമാന്തര ചികിത്സകര്‍ എയിഡ്സ് ചികിത്സയെ മന്ത്രവാദത്തിന്റെയും ലാടവൈദ്യത്തിന്റെയും നിലവാരത്തിലേക്കെത്തിക്കുന്നു. ഇമ്മ്യൂണോ ക്യു.ആര്‍ എന്നൊക്കെയുള്ള പേരുകളില്‍ ആളെപ്പറ്റിക്കുന്ന മരുന്നുകള്‍ക്ക് ഭാഗ്യവശാല്‍ കോടതികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യര്‍ത്ഥ ചികിത്സകള്‍ക്ക് തലവച്ചുകൊടുത്ത് ആരോഗ്യവും ധനവും കളഞ്ഞ ആയിരങ്ങള്‍ സമൂഹത്തിനൊരു പാഠമാണ്.
8. വര്‍ധിച്ചുവരുന്ന ചികിത്സാചെലവുകള്‍ മുന്നില്‍ക്കണ്ട് നമ്മുടെ സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ എയിഡ്സ് മരുന്ന് സൌജന്യ നിരക്കുകളില്‍ ഇപ്പോള്‍ കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ക്ഷയരോഗത്തിന് അനുവര്‍ത്തിച്ച ഡോട്സ് (നേരിട്ടുള്ള നിരീക്ഷണത്തില്‍ രോഗി മരുന്നെടുക്കുന്ന രീതി) പ്രസ്ഥാനത്തിന്റെ ചുവട് പിടിച്ച് എയിഡ്സ് ചികിത്സയുടെ ശൃംഖലയും ശക്തമാക്കുന്നതിന് നടപടികള്‍ വരുന്നത് ആശാവഹമാണ്.
9. അശ്രദ്ധമായി കിട്ടുന്ന സൂചിക്കുത്ത്, കത്തികൊണ്ടുള്ള മുറിവ്, ഷേവിംഗ് റേയ്സര്‍ മാറി ഉപയോഗിക്കല്‍, എച്.ഐവി രോഗമുള്ള ആളുടെ രക്തത്തില്‍ സ്പര്‍ശിക്കേണ്ടി വരുക (ഉദാ: വാഹനാപകടം/വീഴ്ച/മുറിവ്), എച്.ഐവി രോഗിയുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഒക്കെ വഴി എച് .ഐ.വി ബാധയുണ്ടായി എന്ന് സംശയമുണ്ടെങ്കില്‍ 36 മണിക്കൂറിനുള്ളില്‍ രണ്ട് വിഭാഗത്തിലെ റിട്രോവൈറല്‍ മരുന്നുകള്‍ കൊണ്ട് ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദം. 28 ദിവസത്തേയ്ക്കാണ് മരുന്ന് കഴിക്കേണ്ടത്. ആദ്യ 36 മണിക്കൂറിനുള്ളില്‍ ചികിത്സ തുടങ്ങിയാല്‍ കിട്ടുന്ന ഫലം പലപ്പോഴും പിന്നീട് ആരംഭിക്കുന്ന ചികിത്സ കൊണ്ട് കിട്ടാറില്ല. എന്നാലും 72 മണിക്കൂര്‍ നേരം വരെയായാലും ചികിത്സ തുടങ്ങുന്നതിന് ഫലമുണ്ട്.
പലപ്പോഴും ഇങ്ങനെ സ്പര്‍ശിക്കുന്ന രക്തമോ ബന്ധപ്പെടുന്ന ശുക്ലം പോലുള്ള സ്രവങ്ങളോ എച്.ഐ.വി രോഗബാധയുള്ളയാളുടേതാണോ എന്ന് നമുക്ക് അറിയാനാവില്ല - അത് ഒരു ആശുപത്രിയിലോ മറ്റോ ആണ് നടക്കുന്നതെങ്കില്‍ രക്തത്തിന്റെ ഉടമയെ ടെസ്റ്റ് ചെയ്യാന്‍ സൌകര്യമുണ്ട്. അല്ലാത്തപ്പോള്‍ എങ്ങനെ ഉടനടി ചികിത്സിക്കും എന്നതിനെ സംബന്ധിച്ച് ചില്ലറ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട് വൈദ്യരംഗത്ത്. അങ്ങനെയുള്ള അവസരങ്ങളില്‍ ഈ കാര്യങ്ങള്‍ നോക്കാം : രക്തം/സ്രവം വന്നത് എച്.ഐ.വി ബാധയുണ്ടായിരിക്കാന്‍ സാധ്യതയുള്ള ആളില്‍ നിന്നാണോ (ഉദാ: സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നയാള്‍ , ലൈംഗിക തൊഴിലാളി, മയക്കുമരുന്നുകള്‍ എടുക്കുന്നയാള്‍ , രോഗബാധിതരുമായി ലൈംഗികവൃത്തിയിലേര്‍പ്പെടാന്‍ സാധ്യതയുള്ള ആള്‍ ) എന്ന് അന്വേഷിക്കാം. അല്ലങ്കില്‍ ആ സമൂഹത്തില്‍ 1%ത്തില്‍ കൂടുതല്‍ ആളുകളില്‍ എച്.ഐ.വി ബാധ ഉള്ളതാണെന്ന് കണക്കുകളുള്ളതാണ് എങ്കില്‍. ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെങ്കില്‍ ചികിത്സയെടുക്കുന്നതാണ് നല്ലത്.
എക്സ്പോഷര്‍ ഉണ്ടായിക്കഴിഞ്ഞ് 4 - 6 ആഴ്ചകളില്‍ ആദ്യ എലൈസ ടെസ്റ്റ് ചെയ്യാം. പിന്നത്തെ ടെസ്റ്റ് 3 മാസമാകുമ്പോള്‍ . അവസാനത്തെ ടെസ്റ്റ് 6 മാസം പൂര്‍ത്തിയാകുമ്പോള്‍. ഇങ്ങനെ മൂന്ന് ടെസ്റ്റുകള്‍ ചെയ്ത് രോഗബാധയുണ്ടായിട്ടില്ല എന്നുറപ്പാക്കണം എന്നാണ് വൈദ്യലോകത്തിന്റെ ശുപാര്‍ശ.
10. എച്.ഐ.വി ബാധയുള്ള അമ്മയില്‍ നിന്ന് കുട്ടിക്ക് അത് കിട്ടാതിരിക്കാനും മരുന്നുകള്‍ ഉണ്ട്. പ്രസവത്തിനു മുന്‍പ് അമ്മയുടെ രക്തത്തില്‍ വൈറസിന്റെ എണ്ണം കുറയ്ക്കാന്‍ അമ്മയ്ക്കും, പ്രസവാനന്തരം കുട്ടിക്കും റിട്രോവൈറല്‍ മരുന്നുകള്‍ കൊടുത്ത് ചികിത്സിക്കുന്നതുകൊണ്ട് 70-90% വരെ ഫലം കിട്ടും. 48 മണിക്കൂറിനുള്ളില്‍ ചികിത്സ തുടങ്ങുന്നതാണ് ഏറ്റവും ഫലപ്രദം. മുലപ്പാലിലൂടെ എച്.ഐവി പകരാമെന്നതിനാല്‍ എച്.ഐ.വി ബാധിതയായ അമ്മ കുട്ടിക്ക് മുലയൂട്ടരുത്.
മനുഷ്യാവകാശലംഘനങ്ങളുടെ തുടര്‍ക്കഥകള്‍
അതിവേഗം പടര്‍ന്ന് പിടിക്കുന്ന ഒരു മഹാമാരിയായി മാറിക്കഴിഞ്ഞ എച്.ഐ.വി രോഗാണുബാധയെ തടയാന്‍ ഒന്നാമതായി ഒരു സമൂഹത്തിനു വേണ്ടത് രോഗത്തെ സംബന്ധിച്ച തിരിച്ചറിവാണ്. ഇത് നേരിടുന്നതിന്റെ ആദ്യപടിയെന്നത് നമുക്കിടയില്‍ ഇതൊരു മുഖ്യ പ്രശ്നമാണെന്ന് അംഗീകരിക്കലാണ്. രക്തത്തിലൂടെ പകരുന്ന രണ്ട് പ്രധാനപ്പെട്ട അണുബാധകളാണ് എച്.ഐ.വിയും ഹെപ്പറ്റൈറ്റിസ്-ബിയും. രണ്ടും നമ്മുടെ നാട്ടിലടക്കം മൂന്നാം ലോകത്ത് വ്യാപകവും. അങ്ങനെയാണ് കാര്യങ്ങളെന്നിരിക്കെ പിന്നെ വേണ്ടത് ഈ അണുബാധയുള്ള രോഗികളെ കണ്ടെത്തി ചികിത്സിക്കുകയും രോഗത്തിന്റെ കൈമാറ്റം തടയുകയുമാണ്. അതിന് രോഗി വേട്ടയാടപ്പെടുന്ന അവസ്ഥ മാറുകയും സമൂഹത്തിനു മുന്നില്‍ പകല്‍ വെളിച്ചത്തില്‍ ചികിത്സയെടുക്കാനും സമയാസമയം ചെക്ക് അപ്പുകള്‍ ചെയ്യാനുമുള്ള സൌകര്യവും സ്വകാര്യതയും ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്.
ഒരിടയ്ക്ക് സ്കൂളുകളില്‍ നിന്ന് ഇറക്കിവിടപ്പെടുന്ന എയിഡ്സ്/എച്.ഐ.വി ബാധിതരായ കുട്ടികളുടെയും സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കുടുംബങ്ങളുടെയും കഥകളായിരുന്നു എയിഡ്സ് ദിനത്തോടനുബന്ധിച്ചുള്ള അവലോകനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ‘രോഗിയെയല്ല രോഗത്തെ വെറുക്കൂ’ എന്നൊക്കെ ജനത്തെ ഉദ്ബോധിപ്പിച്ചിരുന്ന മെഡിക്കല്‍ സമൂഹത്തിന്റെ ഇതേ മുദ്രാവാക്യത്തോടുള്ള ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന വാര്‍ത്തകളാണ് കഴിഞ്ഞ പല മാസങ്ങളിലായി നാം കേട്ടത്. എയിഡ്സ് രോഗിക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ , എച്.ഐ.വി ബാധിതരെ സര്‍ജ്ജറിക്കെടുക്കാത്ത ഡോക്ടര്‍മാര്‍ , നിര്‍ബന്ധിച്ച് എച്.ഐ.വി ടെസ്റ്റ് നടത്തിമാത്രം രോഗികളെ എടുക്കുന്ന ക്ലിനിക്കുകള്‍ ... രോഗത്തെസംബന്ധിച്ച മിഥ്യകളെ ഭഞ്ജിക്കാന്‍ ബാധ്യതപ്പെട്ട, ശാസ്ത്രീയമെന്ന് പരക്കെ ധരിച്ചിരിക്കുന്ന വൈദ്യലോകം തന്നെ പ്രതിസ്ഥാനത്ത് വരുന്നു. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയ വിവേചനമല്ല.
എച് ഐ വി അണുബാധ കണ്ടെത്താനും അതിന്റെ സംക്രമണം തടയുന്നതിലേക്കുമുള്ള ഉജ്ജ്വലമായ ഒരു കാല്‍വയ്പ്പായിരുന്നു വിസിടിസി അഥവാ വോളന്ററി കൌണ്‍സിലിംഗ് ആന്റ് ടെസ്റ്റിംഗ് എന്ന പഴയൊരു കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഒരാള്‍ അര്‍ഹിക്കുന്ന മാന്യതയോടും സ്വകാര്യതയോടും കൂടി തന്റെ രക്തം ടെസ്റ്റ് ചെയ്ത് നോക്കാനും രോഗത്തെ സംബന്ധിച്ചും അത് വരാനുണ്ടായ കാരണത്തെപ്പറ്റിയും ഒരു വിദഗ്ധന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്ന സൌകര്യമായിരുന്നു വി.സി.ടി.സി. ഇതോടനുബന്ധിച്ചുണ്ടായ നിയമങ്ങളിലൊന്നാണ് എച്.ഐ.വി രോഗം ടെസ്റ്റ് ചെയ്യാന്‍ രോഗിയുടെ പൂര്‍ണബോധ്യത്തോടെയുള്ള സമ്മതം വേണമെന്നത്. കാര്യങ്ങള്‍ ഏട്ടില്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നമ്മുടെ ആശുപത്രികളില്‍ രോഗിയോട് ചോദിക്കുക പോലും ചെയ്യാതെ എച്.ഐ.വി ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. വിശേഷിച്ച് ഓപ്പറേഷനുകള്‍ക്ക് മുന്‍പുള്ള മറ്റ് ടെസ്റ്റുകളുടെ കൂട്ടത്തില്‍ ഗൂഡമായി കടത്തിവിട്ടാണ് ഇതും കൂടി ചെയ്യിക്കുന്നത്. കാരണമോ ? സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ക്കും സഹായികളായ നേഴ്സുമാര്‍ക്കും രക്തം സ്പര്‍ശിക്കുന്നതിലൂടെയും കത്തി/സൂചികൊണ്ടോ ഉണ്ടാകാവുന്ന മുറിവിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്നത് കൊണ്ട് !
അപ്പോള്‍പ്പിന്നെ ബാക്കിയുള്ളവര്‍ക്കൊക്കെ ഇവര്‍ കൈയ്യുറ ഇടാതെ വെറും കൈകൊണ്ടാണോ ഓപ്പറേഷന്‍ നടത്തുന്നത് ? ബാക്കിയുള്ളവരുടെ രക്തത്തില്‍ മുങ്ങിയ കത്തിയും സൂചിയും ഇവരുടെ കൈയ്യില്‍ കൊണ്ടാല്‍ പ്രശ്നമൊന്നുമില്ലേ ? വൈദ്യരംഗത്ത് ഇന്നും നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളുടെയും ആണിക്കല്ലിലേക്കാണ് ഈ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. രക്തം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെല്ലാം രോഗിയുടെ എയിഡ്സ് അവസ്ഥകള്‍ക്ക് ഉപരിയായി സ്വീകരിച്ചിരിക്കേണ്ട ഒരുകൂട്ടം മുന്‍കരുതലുകള്‍ ലോകാരോഗ്യസംഘടന മുന്നോട്ട് വച്ചിട്ടുണ്ട് - Universal Work Precautions എന്നറിയപ്പെടുന്ന ഈ നിര്‍ദ്ദേശകതത്വങ്ങളനുസരിച്ച് രോഗിയെ ടെസ്റ്റ് ചെയ്ത് എച്.ഐ.വിയോ ഹെപ്പറ്റൈറ്റിസോ ഉണ്ടെന്ന് കണ്ടാല്‍ മാത്രമല്ല ഈ മുന്‍കരുതലുകളെടുക്കേണ്ടത്, എല്ലാ രോഗികളെയും കൈകാര്യം ചെയ്യുമ്പോള്‍ ഇവ പാലിക്കാന്‍ ശ്രദ്ധിക്കണം. ഈ നിര്‍ദ്ദേശം മൂന്ന് ഉദ്ദേശ്യങ്ങള്‍ വച്ചുള്ളതായിരുന്നു. എല്ലാ രോഗികളും ഇന്‍ഫക്റ്റഡ് ആകാന്‍ സാധ്യതയുണ്ടെന്നിരിക്കെ ടെസ്റ്റ് നെഗറ്റിവ് ആണെന്ന മിഥ്യാ സുരക്ഷിതത്ത്വബോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അബദ്ധം കാണ്‍ക്കാന്‍ ഇവരരുത് എന്നത് ഒന്ന്. രണ്ട്, ടെസ്റ്റ് ചെയ്യുന്നതും വേണ്ടെന്ന് തീരുമാനിക്കുന്നതും പൂര്‍ണമായും രോഗിയുടെ ഇച്ഛയും അവകാശവുമാണെന്നിരിക്കെ സ്വന്തം സുരക്ഷയ്ക്കായി മാത്രം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗിയെ ടെസ്റ്റിംഗിനു നിര്‍ബന്ധിക്കേണ്ട സ്ഥിതിവരരുത് എന്നത്. മൂന്നാമത്, ടെസ്റ്റ് ചെയ്ത് പോസിറ്റിവ് ആണെന്നു കണ്ടാല്‍ രോഗിക്കെതിരേ ഉണ്ടാകാന്‍ സാധ്യതയുള്ള അവഹേളനവും അയിത്തവും ഒഴിവാക്കുക എന്നത്.ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന ‘യൂണിവേഴ്സല്‍ മുന്‍കരുതലുകള്‍ ’ പോയിട്ട് എച്.ഐ.വി ടെസ്റ്റ് ചെയ്യുന്നത് സ്വേച്ഛപ്രകാരം തിരുമാനിക്കാനുള്ള മിനിമം അവകാശം പോലും രോഗിയില്‍ നിന്ന് തട്ടിപ്പറിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ രോഗചികിത്സയില്‍ കുറവുകളും ഉപേക്ഷയുമുണ്ടാകരുതേ എന്നുകരുതി അവര്‍ നിശബ്ദമായി ഈ അവകാശലംഘനം സഹിക്കുന്നു.
അവലംബം :
1. WHO : Universal access by 2010
2. WHO Data and Statistics 2009 AIDS Epidemic Update
3. WHO : Antiretroviral therapy for HIV infection in adults and adolescents Recommendations for a public health approach (2006 revision)
4. Centers For Disease Control and Prevention: Guidelines for the use of antiretroviral agents in HIV-1 infected adults and adolescents’.
5. NEJM Volume 361:1768-1775 Oct 29, 2009
6. VCTC : www.aids-free-india.org (AIDS-free India)
7. Ethical and legal issues in HIV/AIDS counseling and testing : Malavade et al., (2002)