ക്രിസ്തുവിന്റെ പ്രധാന പ്രസംഗമായിരുന്ന പര്‍വ്വത പ്രസംഗങ്ങളിലെ തിരുമൊഴികളിലൊന്നാണ്' ‘സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവനെല്ലാം അവളോട് വ്യഭിചാരം ചെയ്തുപോയി‘ എന്നു. (പുരുഷന്മാര്‍ക്ക് നേരെയുള്ള കാടടച്ചുള്ള വെടിവെയ്ക്കലാണു); സ്ത്രീകളുടെ കാര്യമിവിടെ പരാമര്‍ശിക്കുന്നേയില്ല. വ്യഭിചാരം ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യം അവകാശമാക്കുകയില്ല എന്നും കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. എന്നുവെച്ചാല്‍ ഒരൊറ്റ പുരുഷനും ക്രിസ്തുവിന്റെ സ്വര്‍ഗ്ഗത്തിലുണ്ടാവില്ലന്നര്‍ത്ഥം. ക്രിസ്തു ഫെമിനിസ്ത് ആയിരുന്നുവോ? ജ്വാലകള്‍ ശലഭങ്ങളുടെ എഴുത്തുകാരന്‍ ഫെമിനിസ്റ്റാണോ? നല്ലതും ചീത്തയുമായ സ്ത്രീകളെകൊണ്ടലങ്കരിച്ചിരിക്കുന്ന പുസ്തകമാണു ജ്വാലകള്‍ ശലഭങ്ങള്‍.
ക്രിസ്തുവിനെയും കൈതമുള്ളിനേയും തമ്മില്‍ താരതമ്യപ്പെടുത്തുകയോ? ആരും മൂക്കത്തു വിരല്‍ വെയ്ക്കണ്ട. ക്രിസ്ത്യാനികള്‍ എന്റെ നേര്‍ക്ക് കൊടുവാളോങ്ങുകയും വേണ്ട. ഉപമ -ഉപമാനം എന്നാലെന്താണെന്ന് ആരും ക്ലാസെടുക്കുകയും വേണ്ട. കാരണം ഒന്നും തലയില്‍ കയറാത്ത കാലമാണ്.
15 സ്ത്രീകളുടെ ജീവിതം. അവരുടെ ജീവിതത്തിലൂടെയുള്ള യാത്ര. ആ സ്ത്രീകള്‍ ഭാഗ്യവതികളാണ്. ഒരു പുരുഷനാലെങ്കിലും മനസിലാക്കപ്പെട്ട / പരിഗണിക്കപ്പെട്ട / ബഹുമാനിക്കപ്പെട്ട സ്ത്രീകളാണവര്‍. 15 സ്ത്രീകള്‍ക്ക് എഴുത്തുകാരന്റെ മനസിലുള്ള ഇടമാണ് 152 പേജുകളിലായി ചിതറിക്കിടക്കുന്നത്.
കാമുകനാല്‍ ചതിക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട ഗാഥ. ജീവിതത്തെ ഒരുവിധേനയും ചുവടുറപ്പിച്ച് സ്വസ്ഥമായ ഗാഥയെ തേടി വന്ന പഴയ കാമുകനെ ‘പോടാ പട്ടീ'ന്ന ഒറ്റ വിളിയില്‍ കുടഞ്ഞെറിഞ്ഞ് ജയിക്കുന്നതു മുതല്‍, ജെന്നിഫര്‍ എന്ന ജെന്നിയെന്ന മറിയം ഇപ്പോഴും ചോര പൊടിക്കുന്ന ഓര്‍മ്മയാകുന്നതും, വെറും കണ്ട്രി ഇന്ത്യാക്കാരിയില്‍ നിന്ന് ലണ്ടന്‍ ലേഡിയാവാന്‍ ശ്രമിക്കപ്പെട്ട് പരാജയപ്പെടുന്ന മിഥുനയും, പെണ്‍ലോകത്തിനു തന്നെ അപമാനം വരുത്തുന്ന നിലൂഫറും, ഒരു നല്ല ജീവിതത്തിലേക്കു ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ജ്യോസ്നയും, ആത്മവിശ്വാസത്തിന്റെയും അദ്ധ്വാനത്തിന്റെയും ആള്‍രൂപമായി മാറിയ സുംഭാംഗിയും, ദീപശിഖയും മകള്‍ ഉജ്വലും, ഹനാന്‍ ഹക്കീമെന്ന മൊറോക്കാക്കാരിയും, സൂസനെന്ന പടിഞ്ഞാറുകാരിയും (ഇവരൊന്നും ഒരത്ഭുതമേയല്ല) പെണ്ണെന്നാല്‍ ഇങ്ങനെയൊക്കെയുമാകാമെന്നെ സാധാരണ സ്ത്രീകളുടെ തൊലിയുരിക്കുന്ന ശ്രീദേവിയും, വിഷാദരോഗത്തിനടിമയായ രേഖയും. എഴുത്തുകാരനായ കൈതമുള്ളിന്റെ കയ്യില്‍ സുരക്ഷിതരായി ജനിക്കുമ്പോള്‍ ; വിധിയോ / കാലമോ / ദൈവമോ, ആരാണു / എന്താണു സൌഹൃദങ്ങളെ സ്നേഹങ്ങളെ /പ്രണയത്തെ സമ്മാനിക്കുന്നതെന്ന് സംശയിപ്പിക്കുന്നു.
എന്നിട്ടും വെളിച്ചത്തിനു നേര്‍ക്ക് മതിഭ്രമത്തോടെ പറന്നടുക്കുന്ന ശലഭങ്ങളായ സ്ത്രീകളാണിവരെന്നും, ദഹിച്ച് ചാരമായ ശലഭങ്ങളെയാണു കൈതമുള്ള് 152 പേജുകളില്‍ കഷ്ടപ്പെട്ട് വരച്ചിട്ടിരിക്കുന്നതെന്നും കേരളത്തില്‍ നിന്നുള്ള വിമാനം കയറിയാലുടന്‍ ഉടുവസ്ത്രമഴിഞ്ഞു പോകുമെന്നും (അങ്ങനെ വസ്ത്രമുതിര്‍ന്നു പോകാന്‍ കടല്‍ കടക്കേണ്ടതില്ലന്നുമാര്‍ക്കാണറിയാത്തത്) എഴുത്തുകാരന്‍ പലരുടെയും പലതും കവര്‍ന്നെടുത്ത് കടന്നു കളഞ്ഞുവെന്നുമൊക്കെയുള്ള വ്യാഖ്യാനവും, നിരൂപണവുമൊക്കെ വന്നിരിക്കുന്നു. അങ്ങയെങ്കില്‍ പെണ്ണെന്നാല്‍ ശരീരം മാത്രമെന്ന ഹരിയുടെ നേര്‍ക്കുള്ള എഴുത്തുകാരന്റെ നിലപാടും, അയാളിലെ വിടനില്‍ നിന്നു രക്ഷപെടൂ ; സത്യം മനസിലാക്കൂവെന്ന് പറയാന്‍ കഴിയാതെ സംഘര്‍ഷപ്പെടുന്ന എഴുത്തുകാനെ മനസിലാകാതിരിക്കുന്നതെങ്ങനെ? സുഹൃത്തായ ഹരിയുടെ കുടിലത മനസിലാക്കൂ രക്ഷപെടൂവെന്ന് സീനയോടു പറയാനാവാതെ സ്വയം ഞെരിയുന്ന കൈതയില്‍ ഏതു തരം വക്രതയാണുള്ളത്? വായനക്കാരന് എങ്ങനെയും വ്യാഖ്യാനിക്കാമെങ്കിലും ലക്കും ലഗാനുമില്ലാത്ത കാടുകയറലിനെ /വിലയിരുത്തലിനെ എന്തു പറഞ്ഞു ന്യായീകരിക്കും?
മുള്ളുകളാല്‍ ചുറ്റപ്പെട്ട് കൈതച്ചെടിക്കു നെറുകയില്‍ കുലച്ചുനില്‍ക്കുന്ന, പാരെങ്ങും സുഗന്ധം പരത്തുന്ന പൂവുകളുള്ള ചെടിയാണു കൈതെയെന്നും, കവിതകള്‍ക്കു, സിനിമാ ഗാനങ്ങള്‍ക്കുംവേണ്ടി മാത്രമല്ല കൈതകള്‍ പൂക്കുന്നതെന്നുമൊക്കെ വൈകി മനസിലാക്കിയ കാര്യങ്ങള്‍.
സുഹൃത്തു പറഞ്ഞ കഥയാണു : പണ്ടു കാലത്ത്, ഭക്തമതികളായ മുസ്ലിം സ്ത്രീകള്‍ വിശുദ്ധമായി സൂക്ഷിക്കുന്ന നിസ്കാരപായക്കുള്ളില്‍ സുഗന്ധത്തിനായി വയ്ക്കുമായിരുന്ന രണ്ടോ മൂന്നോ കൈതപ്പൂവിതളുകളെക്കുറിച്ച്. സംഗതി സത്യം. മിഡില്‍ഈസ്റ്റും, യുണൈറ്റഡ് സ്റ്റേറ്റ്സുമൊക്കെ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള കാലം. അത്തറുകളും, സെന്റുകുപ്പികളും കടല്‍ കടക്കുന്നതു മുന്‍പുള്ള കാലം. പക്ഷേ കേരളത്തിലെ വീടുകളില്‍ തൊടികള്‍ക്കും, പറമ്പുകള്‍ക്കുംക്ഷാമമില്ലാത്ത കാലം. മുല്ലയും പിച്ചയും, ചെമ്പകവും, റോസയും സുലഭമായ കാലം. എന്നിട്ടും അവരുടെ കന്യാകത്വത്തിന്റെയും, പാതിവൃത്യത്തിന്റെയും, പരിശുദ്ധിയുടെയും പ്രതീകമായി പ്രാര്‍ത്ഥനപോലെ അവര്‍ സൂക്ഷിച്ചിരുന്നത് കൈത പൂവിതളുകളായിരുന്നതെന്നത് അത്ഭുതകരമായ സത്യം. വരണ്ട ഉടലും കൂര്‍ത്തമുള്ളുകളും നീട്ടി സ്വയം പ്രതിരോധിക്കുന്ന കൈതച്ചെടിയുടെ ഓല അരിഞ്ഞു കീറി മെടഞ്ഞുണക്കി പായുണ്ടാക്കി സുഖമായി കിടന്നുറങ്ങിയിരുന്നു സ്ത്രീകള്‍.
ശലഭമെന്നാല്‍ അഴകെന്നും ജ്വാലയെന്നാല്‍ പ്രകാശമെന്നോ സംഹാരമെന്നോ സാധാരണ വായനക്കാരിയുടെ നിലവാരത്തില്‍ നിന്ന് മനസിലാക്കുന്നു
ബ്ലോഗില്‍ നിന്ന് പുറത്തിറങ്ങിയ പുസ്തമെന്ന ആഹ്ലാദമെന്നതിനോടൊപ്പം ഇതൊരു ആസ്വാദന കുറിപ്പു മാത്രമാണ്. കുറിപ്പവസാനിപ്പിക്കുമ്പോള്‍ ശൈശവത്തില്‍ തന്നെ പെണ്ണത്വത്തിനു പരിക്കേല്‍പ്പിക്കപ്പെട്ടിട്ടും ജീവിതത്തിലേക്ക് എങ്ങനെയെങ്കിലും ഉയര്‍ത്തെഴുന്നേല്‍പ്പെട്ട ജ്യോത്സനയെന്ന ചിരഞ്ജീവിയായ ശലഭത്തിന്റെ വാക്കുകള്‍ മാത്രം കടമെടുക്കട്ടെ "മുന്നില്‍ കാണുന്ന ഏതു പെണ്ണിനേയും കണ്ണു കൊണ്ട് നഗ്നയാക്കി രസിക്കുന്നില്ല നീ, നിന്റെ നോട്ടം വരുന്നതു മനസില്‍ നിന്നാണ്, അത് സ്നേഹത്തിന്റേതാണ് കൈതേ.‘ (page 99).