പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട സാഹിത്യസമൂഹം സൃഷ്ടികളെ അതിരുകള്‍ വരച്ച് അകം പുറം ക്രീഡകള്‍ക്ക് വിധേയമാക്കുക വര്‍ത്തമാനകാല വിശകലന രീതിയാണു.പിറന്നുവീഴുന്ന കലാസൃഷ്ടികള്‍ ഏതേത് കളത്തിലാണു കിടത്തേണ്ടത് എന്നത് വിശകലന വിശാരദന്മാര്‍ കൂട്ടിയും കിഴിച്ചും ഗണിച്ചും നടത്തുന്ന പരിശോധനകളിലാണു പ്രസ്ഥാനങ്ങളുടെ അകം പുറങ്ങള്‍ക്കപ്പുറത്ത് പാലായന ജീവിതത്തിന്റെ ആത്മനൊമ്പരങ്ങള്‍ക്ക് വാക്കുകളുടെലഘുത്വത്തോടെ ആഖ്യാനം നടത്തുകയാണു എം.അഷിത "ജന്നിഫറും പൂച്ചകണ്ണുകളും"എന്ന കഥാസമാഹാരത്തില്‍.
ആവിഷ്കരണത്തിന്റെ ലാളിത്യവും അസങ്കീര്‍ണമായ ആഖ്യാനശൈലിയും അഷിതയുടെ കഥകളുടെ പ്രത്യേകതയാണു.പരിചിതമായ കഥാപാത്രങ്ങളും അനുഭവങ്ങളുടെ നുറുങ്ങുകളുമാണു അഷിതയുടെ കഥകളെ വലം വെക്കുന്നതെന്ന് ആസ്വാദന ഘട്ടത്തില്‍ തന്നെ വായനക്കാരനു ബോധ്യപ്പെടുന്നു. ചുറ്റിലുമുള്ള കാഴ്ചകളും കേള്‍വികളുമാണു മിക്ക കഥകളുടേയും അടിസ്ഥാനമായ് വര്‍ത്തിച്ചിട്ടുള്ളത്.
വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താതെ ലളിതമായ ആഖ്യാനരീതിയാണുഈ കഥകളിലെല്ലാം നിറഞ്ഞുകാണുന്നത്.എന്നാല്‍ കഥാഘടനയുടെ സ്പര്‍ശനമേല്‍ക്കാത്ത കഥകളും ഈ സമാഹാരത്തിലുണ്ട്."ഗുലാബി, ജന്നിഫറും പൂച്ചക്കണ്ണുകളും, ആന്മേരിയും കുരിശുമരണവും, പെണ്ണെഴുത്ത്,അലിഖിതം" തുടങ്ങിയ കഥകളെല്ലാം കഥാലോകത്ത് അഷിതയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന രചനകളാണ് .ലൈംഗികതയുടെ ആവിഷ്കരണത്തില്‍ തന്മയത്വം പാലിക്കാന്‍ കഥാകാരി ശ്രമിച്ചിട്ടുണ്ട്.അലിഖിതം,പെണ്ണെഴുത്ത്,ആന്മേരിയും കുരിശുമരണവും തുടങ്ങി ഈ സമാഹാരത്തിലെ മിക്കകഥകളിലും ലൈംഗികതയുടെ സാന്നിധ്യമുണ്ടെങ്കിലും പ്രകടനപരതയോ അനിയന്ത്രിതത്വമോ ഇല്ലാതെ തന്റെ കൈപ്പിടിയിലൊതുക്കുവാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
പുരുഷാധിപത്യത്തിനു കീഴില്‍ അസ്വതന്ത്രകളായ് കഴിയുകയാണു കഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍."പെണ്ണെഴുത്തിലെ" ലക്ഷ്മി വിവാഹത്തെ ഓര്‍ക്കുന്നത് "ആരൊ വരച്ച ചതുരക്കള്ളിക്കുള്ളില്‍ ജ്ജിവിതം അടുക്കിപ്പെറുക്കി വെക്കുന്ന അനിവാര്യതയാണു വിവാഹം"എന്നാണു.നാലുവരി കോപ്പിക്കുള്ളില്‍ അക്ഷരങ്ങളെ യാന്ത്രികമായ് ഒതുക്കുമ്പോഴുണ്ടാകുന്ന അതേ മടുപ്പാണു വിവാഹജീവിതത്തിനെന്ന് അവള്‍ തിരിച്ചറിയുന്നു.ജെന്നിഫര്‍,‘പേടി‘യിലേയും ‘തീണ്ടാരി'യിലേയും കഥാപാത്രങ്ങള്‍ , ‘അലിഖിത‘ത്തിലെ കുട്ടിമാളു തുടങ്ങിയവരെല്ലാം കീഴടക്കപ്പെട്ട സ്ത്രീകളുടെരൂപങ്ങളാണു.സ്ത്രീത്വത്തിന്റെ ശക്തിയുയര്‍ത്തിപ്പിടിക്കുന്ന ഒറ്റ കഥാപാത്രങ്ങളെയും കഥയിലെവിടെയും കാണുക പ്രയാസമാണു.അടിമത്വത്തിന്റെ ദീനരോദനങ്ങളാണു എവിടെയും. പ്രതീക്ഷയും പ്രത്യാശയുമില്ലാത്ത ശവതുല്യരായ കഥാപാത്രങ്ങള്‍ കഥയുടെ ശക്തിയെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്നു പറയാതെ വയ്യ.എങ്കിലും കഥാലോകത്ത് നിന്ന്ഈ കഥാകാരിയെ വായനക്കാരനു പുറത്താക്കാന്‍ കഴിയുകയില്ല.
ജന്നിഫറും പൂച്ചക്കണ്ണുകളും.
എം അഷിത
വോയ്സ് ബുക്സ് .വില 60/-