
ശലഭങ്ങള്‍ക്ക് ആയുസ്സ് കുറവാണു,ശരാശരി ലൈഫ് സ്പാന്‍ 14-20 ദിവസം.അതിനിടയില്‍ ഇണചേരലും മുട്ടയിടലും കഴിയും.പിന്നീട് അവയ്ക്ക് കര്‍മ്മങ്ങളൊന്നും ബാക്കിയാവുന്നില്ല. ഇവിടെ ഞാന്‍ പറന്നുനടന്നിരുന്നു എന്നതിന് ഒരവശേഷിപ്പും ബാക്കിവെയ്ക്കാതെ.....അതുപോലാണൊ പെണ്ണുങ്ങള്‍..?വെളിച്ചത്തിനു നേര്‍ക്ക് മതിഭ്രമത്തോടെ പറന്നടുത്ത്,അതില്‍ ദഹിച്ച് ഒരുപിടി ചാരം മാത്രം അവശേഷിപ്പിക്കുന്നവള്‍.....?
ഒരാണിന്റെ കണ്ണിലൂടെയുള്ള പതിനഞ്ചു പെണ്ണുങ്ങളാണു പുസ്തകത്തില്‍,അച്ചിലിട്ടു വാര്‍ത്തത് പോലെയുള്ള പതിനഞ്ചു പെണ്ണുങ്ങള്‍. പുറംചട്ടയിലെ പ്രതിമകള്‍ക്ക് സമാനം,ആത്മാവില്ലാത്ത വെറും ശരീരങ്ങള്‍.
അടച്ചുമൂടപ്പെട്ട കേരളീയ സമൂഹത്തിന്റെ നേര്‍കാഴ്ചയല്ലിതെന്ന് അവതാരികയെഴുതിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുന്‍കൂര്‍
ജാമ്യമെടുക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുറന്നിടപഴകുവാന്‍ സ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തിലാണിതെന്ന ഒരു മുന്‍കൂര്‍ ജാമ്യം.
കടല്‍ കടന്ന് അക്കരെയെത്തിയാല്‍ കേരളീയ സ്ത്രീകള്‍ക്ക് ഇങ്ങനൊരു മുഖമുണ്ടാകുമോ..? നിലനില്‍പ്പിനായ് ഏതറ്റവും വരെ പോകാനും അവര്‍ തയ്യാറാവുമോ..?സ്വന്തം കാര്യസിദ്ധിക്കായി ആരുടെ മുന്നിലും ഉടുപുടവ അഴിക്കാന്‍ തയ്യാറാകുമോ അവള്‍? കൈതക്ക് ഇനിയും പെണ്ണിന്റെ നേരനുഭവങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ശരീരത്തിന്റെ ദാഹം തീര്‍ക്കാന്‍ ഒരിക്കലും പെണ്ണ് ഒരാളോടും അടുക്കില്ല,രതി അതിനുപാധിയാക്കില്ല അവള്‍. പകരം മനസ്സിലേക്കാവും അവള്‍ നോക്കുന്നത്-മനസ്സിന്റെ ദാഹം തീര്‍ക്കാന്‍....,അതിനു സെക്സ് ഒരു അവശ്യഘടകമേയല്ല എന്ന് ആണുങ്ങള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.ശരീരത്തിന്റെ നിമ്നോന്നതങ്ങളുടെ അളവുകളെടുക്കുന്നതിനിടയില്‍ മനസ്സിലേക്ക് നോക്കാനെവിടെ നേരം...? പ്രണയം നടിച്ച് ,എല്ലാം നേടിയെടുത്തിട്ട് എത്ര വിദഗ്ധമായ് അവന്‍ കൈകഴുകുന്നു.പഞ്ചപാവം,ശുദ്ധന്‍.
ഈ പതിനെഞ്ച് പേരില്‍ കുറച്ചെങ്കിലും നേരിനോടടുത്തു നില്ക്കുന്നത് മിഥുനയും ജെന്നിയും മാത്രം.ബാക്കിയൊക്കെ എക്സാജെരേഷന്‍സ്...അകം പൊള്ള. രുക്സാനക്ക് കഥാകാരനോടുള്ള വികാരം എന്തായിരുന്നു...?പ്രണയം..?
പെണ്ണ് വിളക്കാണു,ജ്വാല...കത്തിക്കപ്പെടണം അത്.സ്നേഹം കൊണ്ട് ,സൌഹൃദം കൊണ്ട്,പ്രണയം കൊണ്ട്, മനസ്സിന്റെ ഇഴയടുപ്പം കൊണ്ട് കത്തിക്കപ്പെടണം.ഇടക്കിടെ ഊതിക്കൊടുത്ത് കാറ്റിനെതിരെ കൈകൊണ്ട് മറപിടിച്ച് കെടാതെ നോക്കണം ആ ജ്വാല.എങ്കിലത് ചുറ്റുമുള്ളവരിലേക്ക് വെളിച്ചം പ്രസരിപ്പിച്ച് കത്തിക്കൊണ്ടേയിരിക്കും.
ഇനിയും ഒരുപാട് പെണ്ണനുഭവങ്ങള്‍ ഉണ്ടാകട്ടെ കൈതക്ക്,ഇങ്ങനത്തെ പെണ്ണുങ്ങളല്ല,പകരം സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും ക്ഷമയുടേയും സഹനത്തിന്റേയുമൊക്കെ ജീവന്‍ തുടിക്കുന്ന പെണ്ണുങ്ങള്‍.
ജ്വലകള്‍ ശലഭങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലിപി പബ്ലിക്കേഷന്‍സ്.വില 100 രൂപ.
വാല്‍കഷ്ണം: ഇംഗ്ലീഷില്‍ Z എന്നെഴുതിയ പോലെയാണു കൈതോലയില്‍ മുള്ളുകള്‍ അടുക്കി വച്ചിരിക്കുന്നത് ദൈവം തമ്പുരാന്‍.
മുകളിലെക്കും താഴേക്കും ഉഴിയാന്‍ പറ്റില്ല.കൊണ്ടുകേറും.ഈ മുള്ളുകളൊക്കെയും എങ്ങനെ എവിടെയൊളിപ്പിച്ചൂ കൈതേ നീ....?