
പണ്ട് ഇന്ത്യ- ചീനി ഭായി ഭായി എന്ന് പറഞ്ഞുകൊണ്ടിരുന്ന നമ്മെ എത്ര വിദഗ്ധമായാണ് ചൈന പറ്റിച്ചതെന്ന് ചരിത്രം.എന്നിട്ടിപ്പോ അരുണാചല്‍ പ്രദേശിന് അവകാശം പറയുന്ന ചൈനക്കെതിരെ നട്ടെല്ലു വളയാതെ നിന്ന് നാലു വാക്ക് പറയാന്‍ നമ്മെ കൊണ്ടാവുന്നില്ല. യുദ്ധം വേണമെന്നല്ല, അതെന്നും കെടുതികളെ കൊണ്ടു വരൂ. പക്ഷേ നാം ദുര്‍ബലരല്ലെന്ന് എതിര്‍പക്ഷത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.അതിന് അതാദ്യം സ്വയം ബോധ്യപ്പെടണം.
ഇങ്ങനെയുള്ള കലുഷിതമായ സാഹചര്യത്തിലാണു, ചൈനീസ് നോവലിസ്റ്റ് യൂ ഹ്വാ യുടെ“ ജീവിക്കാനായ്” എന്ന പുസ്തകം എന്റെ കൈയിലെത്തുന്നത്. അല്ലേലും അക്ഷരങ്ങള്‍ക്ക് അതിര്‍ത്തികളില്ല. അതിങ്ങനെ കാലദേശങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇപ്പറയുന്ന വിപ്ലവത്തിനും മുദ്രാവാക്യങ്ങള്‍ക്കുമപ്പുറം ചൈന എന്തെന്ന് നമ്മെ കാണിച്ചു തരുന്നു നോവലിസ്റ്റ്. മാവോയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയില്‍, അതെങ്ങനെ ഒരു ജനതയെ ദാരിദ്ര്യത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിവിട്ടതെന്ന് പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മുദ്രാവാക്യങ്ങളുടെ കാലം കഴിഞപ്പോഴേക്കും ആ ജനത പുരോഗതിയില്‍നിന്നും ഒരുപാട് ദൂരം പിന്നോക്കം പോയിരുന്നു.സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തെന്നി ത്തെറിച്ചുപ്പോയ ഒരു തലമുറയുടെ കഥയാണിത്. പടിഞ്ഞാറന്‍ നാഗരികതയില്‍ മുങ്ങിത്താഴുന്ന ഇന്നത്തെ തലമുറക്ക് ആ ചരിത്രങ്ങളൊക്കെ അന്യം!!!
സമ്പന്നനായ ഭൂവുടമയുടെ മകന്‍ ഫ്യൂഗി.ചൂതു കളിച്ചും മദ്യപിച്ചും എല്ലാം നശിപ്പിക്കുന്നു. തന്റെ കുടുംബപ്പേരടക്കം ദു:ഖം താങ്ങാനാവാതെ പിതാവു മരിച്ചു, പിന്നാലെ അമ്മയും.അതോടെ ഫ്യൂഗി മാറുകയാണു. സായാഹ്നത്തില്‍ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുണ്ടായിരിക്കുക എന്നതാണു ഏറ്റവും വലിയ സന്തോഷം എന്നയാള്‍ അറിയുന്നു.. പക്ഷെ ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അയാളെ വേട്ടയാടുകയാണു. അപ്പോഴേക്കും ഭൂമിയെല്ലാം പാര്‍ട്ടി ഏറ്റെടുത്തിരുന്നു. ഗ്രാമത്തില്‍ എല്ലാര്‍ക്കും കുടി ഒരു അടുക്കള എന്നതായിരുന്നു പാര്‍ട്ടി സിദ്ധാന്തം. പക്ഷേ വിപ്ലവം കൊണ്ട് അടുപ്പ് പുകയില്ല. താമസിയാതെ അടുക്കള പൂട്ടി. ഗ്രാമം മുഴുവന്‍ കൊടിയ ദാരിദ്ര്യത്തിലെക്ക് എടുത്തെറിയപ്പെടുകയാണു. തനിക്ക് സ്വന്തമായി കിട്ടിയ തുഛമായ സ്ഥലത്ത് കൃഷി ചെയ്യുകയാണു ഫ്യൂഗി. ഒരുദിവസം അയാളെ നാഷണിലിസ്റ്റുകള്‍ പിടിച്ചു കൊണ്ട്പോയി. അവിടെ അയാള്‍ യുദ്ധം ചെയ്യുന്നത് മ്മ്യൂണിസ്റ്റ്കാരോടല്ല, വിശപ്പിനോട്!!!!

കമ്മ്യൂണിസ്റ്റുകാരുടെ ജയത്തോടെ അയാള്‍ നാട്ടില്‍ തിരിച്ചെത്തുന്നു. കൊല്ലത്തില്‍ ഫ്യൂഗിക്ക് വേണ്ടി ഒരു ജോഡി കാലുറകള്‍ തുന്നാന്‍ കഴിയണം എന്ന ഏക ആഗ്രഹം മാത്രേ ഭാര്യ ജിയാഷനുള്ളു.എല്ലാ ഉയര്‍ച്ചതാഴചകളിലും ഫ്യൂഗിയോട് ചേര്‍ന്നുനിന്നിരുന്നു അവള്‍. ജിയാഷനു പിന്നാലെ ഏക മകന്‍ യൌക്കിങ്ങും പോയി, ഫ്യൂഗിയുടെ വലിയ പ്രതീക്ഷയായിരുന്നു അവന്‍.ഒരു പതിമ്മൂന്ന് വയസ്സുകാരന്റെ ശരീരത്തില്‍ നിന്നും എത്ര കുപ്പി രക്തം ഊറ്റിയെടുക്കാം? ചോരക്ക് പ്രത്യയശാസ്ത്ര വിത്യാസങ്ങളൊന്നുമില്ല. അതൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ സമ്പന്നയായ ഭാര്യക്കാവുമ്പോ പ്രത്യേകിച്ചും. പിന്നെ മകള്‍, പ്രസവത്തോടെ അവളും മരിച്ചു. ഗ്രാമത്തിലെ
ഡോക്റ്റര്‍മാരെയെല്ലാം ഉപരിപഠനത്തിനു പറഞ്ഞയച്ചിരുന്നു!!!!
അടുത്ത ഊഴം മരുമകന്‍, പിന്നെ പേരക്കുട്ടി.., ആറ് വയസ്സായിരുന്നു ക്യൂഗനു, അവനു വേണ്ടിയാണു ഫ്യൂഗി ജീവിച്ചിരുന്നത്. പക്ഷെ തൊണ്ടയില്‍ കുരുങ്ങിയ പയര്‍മണികളായിരുന്നു ഇത്തവണ വില്ലന്‍.ജീവിക്കാനായ് ജീവിക്കുന്നത് ഇനി ഫ്യൂഗി മാത്രം.
നിലം ഉഴുകയാണയാള്‍....മഴക്ക് മുന്‍പേ വിത്തെറിയണം. അയാളുടെ കൂടെ ഒരു വയസ്സന്‍ കാളയുമുണ്ട്. ചന്തയില്‍ നിന്നും വാങ്ങിയതാണതിനെ, ആരാലും വാങ്ങപ്പെടാതെ, ഇറച്ചിക്ക് കൊള്ളുമെന്ന് വിധിയെഴുതപ്പെട്ട അവനെ ഫ്യൂഗി വാങ്ങുകയാണ്. താനല്ലാതെ അവനെ ആരുവാങ്ങും എന്ന ന്യായം. അവനെ അയാള്‍ ഫ്യൂഗി എന്നുതന്നെ വിളിക്കുന്നു. തന്നെപ്പോലെ ഒരുവന്റെ പേരല്ലാതെ ഈ കാളക്ക് വേറെന്തു പേര്‍ എന്നാണയാള്‍ ചോദിക്കുന്നത്!!! അവര്‍ നിലമുഴുകയാണു.... രണ്ട് ഫ്യൂഗിമാര്‍....
ലളിതമായ് ജീവിക്കാന്‍ അധികമൊന്നും ആവശ്യമില്ലായെന്ന തത്വം പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ബുദ്ധികൊണ്ടല്ല, മനസ്സുകൊണ്ടാണു ഈ പുസ്തകം വായിക്കേണ്ടത്.
"To Live"മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എ.വി.ഗോപാലകൃഷ്ണന്‍.
പ്രസാധനം ഡി.സി ബുക്ക്സ്.
വില Rs 100 /