കേട്ടു കേള്‍വിയൊന്നുമല്ല. നേരിട്ട് കണ്ടതും വായിച്ചറിഞ്ഞതുമാണ്. ആദ്യത്തെ ഓണപ്പതിപ്പ് ഒരു പക്ഷെ അതായിക്കൊള്ളണമെന്നില്ല. പക്ഷെ ഞാന്‍ ആദ്യമായി കണ്ട ഓണപ്പതിപ്പ് അത് തന്നെ ആയിരുന്നു. 1965ലോ മറ്റോ ഇറങ്ങിയ ഒരു കൌമുദി ഓണം വിശേഷാല്‍പ്രതി. വീടിന്റെ തട്ടുംപുറത്ത് ദ്രവിച്ച നിലയില്‍ അത് കിടന്നിരുന്നു. കഥകള്‍ക്കും കവിതകള്‍ക്കും ലേഖനങ്ങള്‍ക്കുമൊന്നുമൊപ്പം എഴുതിയവരുടെ പേര് കൊടുത്തിരുന്നില്ല എന്നതായിരുന്നു ആ പ്രതിയുടെ ഒരു സവിശേഷത..! രചനകളുടെ ഐഡന്റിറ്റി കൊണ്ടു വായനക്കാരന്‍ എഴുതിയ ആളെ തിരിച്ചറിഞ്ഞോട്ടെയെന്ന എന്ന പത്രാധിപരുടെ നിര്‍ബന്ധ ബുദ്ധിക്ക് എഴുത്തുകാരൊന്നും എതിരു നിന്നില്ല എന്ന് വേണം കരുതാന്‍. മുച്ചീട്ടു കളിക്കാരന്റെ മകനും ശബ്ദിക്കുന്ന കലപ്പയുമൊക്കെ ആദ്യമായി വായിക്കുന്നത് ആ വിശേഷാല്‍പ്രതിയില്‍ നിന്നായിരുന്നു.. പേര് കൊടുത്തില്ലെങ്കിലും ആര്‍ക്കും കോട്ടമൊന്നും തട്ടിയില്ലെന്നു വേണം മനസ്സിലാക്കാന്‍.
അന്ന് വേറെ ഓണപ്പതിപ്പുകള്‍ ഇറങ്ങിയിരുന്നോ എന്നൊന്നും അറിയില്ല, പക്ഷെ ഇന്ന് പത്രങ്ങളുടെയും പ്രസിധീകരണങ്ങളുടെയും വെബ് സമാന്തര മാസികകളുടെയും എല്ലാം വകയായി നൂറില്‍ പരം ഓണപ്പതിപ്പുകളാണ് ഇറങ്ങുന്നത്. പേരു മാത്രമല്ല ഫോട്ടോകൂടി കളറില്‍ തന്നെ വേണമെന്നാവും എഴുത്തുകാരന്റെ വാശി. വായനക്കാരാണെങ്കിലോ എഴുത്തുകാരന്റെ മേല്‍വിലാസവും ഫോണ്‍ നമ്പരുമാണ് ഓരോന്നും വായിച്ചു കഴിയുമ്പോള്‍ തേടുന്നത്. കാശും സമയവും നഷ്ടപ്പെട്ടതിന്റെ വികാരം എങ്ങനെയെങ്കിലുമൊന്നു പ്രകടിപ്പിക്കാന്‍ ഒരവസരം വേണ്ടേ. ലോകത്തില്‍ പത്രാധിപരും മോശപ്പെട്ട രചനകള്‍ കൊണ്ടു ഒരു ഓണപ്പതിപ്പിറക്കാമെന്നു കരുതി ഇന്നേവരെ ഒരുങ്ങി പുറപ്പെട്ടിട്ടുണ്ടാവില്ല. അപ്പോള്‍ പിന്നെ വായനക്കാരനെ വെടി വെക്കുന്നത് ആരാണ്? എഡിറ്ററുടെ വിളി കേള്‍ക്കുന്ന മാത്രയില്‍ സ്ലോട്ടര്‍ ടാപ്പിങ്ങിനു ഇറങ്ങുന്ന എഴുത്തുകാരല്ലാതെ...! ഈ വര്‍ഷത്തെ ചില മുഖ്യ ഓണപതിപ്പുകള്‍ വായിക്കുമ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.
ഒരു കാലത്തും മാര്‍ക്കറ്റ് നഷ്ടപ്പെട്ടു പോവാത്ത പ്രണയം എന്ന ചരക്കിനെ വിഷയമാക്കി ഓണപ്പതിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ മാതൃഭൂമി ഒരുപാട് കണക്കു കൂട്ടിയിട്ടുണ്ടാവും.. പ്രണയഋതുക്കള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടു വോള്യങ്ങളുടെയും മുഖചിത്രങ്ങളും പരസ്യങ്ങളും എല്ലാവരിലും തന്നെ ഒരുപാട് പ്രതീക്ഷ മുളപ്പിച്ചു. പക്ഷെ വായന കഴിഞ്ഞപ്പോള്‍ പ്രൊവോക്കിങ് ആയ കവറിലെ മോഡലുകളുടെ തുറിച്ചു നോട്ടം മാത്രം ബാക്കിയായി.. മാതൃഭൂമിയിലെ ഭേദപ്പെട്ട ചില വായനകള്‍ എന്ന് പറയാവുന്നത് ടി.പി.രാജീവന്റെ പ്രണയശതകവും വി.ആര്‍.സുധീഷിന്റെ എഴുതിയ കാലവും സന്തോഷ് ഏച്ചിക്കാനത്തിന്റെയും ആര്‍.ഉണ്ണിയുടെയും അനുഭവങ്ങളും മാത്രം!
എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട ഒരു കവിക്ക് ഇത്രയും ലളിതവും സുതാര്യവുമായി ടീനേജുകാരുടെ എസ്.എം.എസ്. മനസ്സോടെ ചമ്മലൊന്നും കൂടാതെ നൂറു പ്രണയ കവിത എഴുതി പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് കാണിച്ചു തന്നാണ് രാജീവന്‍ ഞെട്ടിച്ചത്. ലളിതമാക്കുന്നത് വല്യ സംഭവമാണെന്ന് മേനി നടിക്കുന്ന വീരാന്‍കുട്ടിയുടെയും പിന്നെ പേരില്ലാത്ത എഴുപതിനായിരം മിനി മാസിക/ബ്ലോഗ് കവികളുടെയും കഞ്ഞിയില്‍ ഒറ്റയടിക്കാണ് രാജീവന്‍ ഉമിക്കരി വാരിയിടുന്നത്. സുധീഷിനു കിട്ടിയ കത്തുകള്‍ അവയില്‍ അടക്കം ചെയ്ത ജീവിതങ്ങളുടെ തുടിപ്പ് കൊണ്ടു വായനയ്ക്ക് ഉന്മേഷം തരുന്നുണ്ട്. സുധീഷ് വെറുമൊരു ചാലകം മാത്രമാണെങ്കിലും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്! എച്ചിക്കാനത്തിന്റെ “മിലൂപ്പ എന്ന കുതിരയും" ഉണ്ണിയുടെ "വാഴ്ത്തപ്പെട്ട പാപിയും "കഥയെന്ന ലാബെലിലോ മറ്റേതെങ്കിലും സാഹിത്യ രൂപമെന്ന നിലയിലോ വായിക്കുമ്പോള്‍ റീഡബിലിറ്റ് ഉണ്ട്. എന്നാല്‍ പ്രണയാനുഭവം എന്ന പേരിട്ടു വിളമ്പുമ്പോള്‍ കൂടെ ഒന്നര ലിറ്റര്‍ രസവും കുറച്ചു സംഭാരവും കൂടി വിതരണം ചെയ്യാമായിരുന്നു: ദഹന ശുദ്ധിക്കായി! എന്നാല്‍ പ്രണയത്തിന്റെ അക്കൌണ്ടില്‍ വരേണ്ട ഉപന്യാസമെഴുതിയ മറ്റു മഹാപാപികളെ വച്ചു നോക്കുമ്പോള്‍ ഇവര്‍ മുറിമൂക്കന്‍ രാജാക്കന്മാര്‍ തന്നെ! സുസ്മേഷ് ചന്ത്രോത്തൊക്കെ പതിനായിരം ആവര്‍ത്തിച്ച തന്റെ അനുഭവം ഒരു തേര്‍ഡ് പെര്‍സന്റെ പെടലിക്കിട്ടു ദയനീയമായ ക്രാഫ്റ്റോടെ അവതരിപ്പിച്ചു പരിഹാസ്യനാവുന്നുണ്ട്. പ്രണയ ഋതുക്കള്‍ക്കിടയില്‍ സുകുമാര്‍ അഴീക്കോട്, അക്ബര്‍ കക്കട്ടില്‍, ജഗദീഷ്, ഹരികിശോര്‍, മുതുകാട് തുടങ്ങിയ കഷായ രുചികള്‍ക്കൊക്കെ എന്താണ് സ്ഥാനമെന്ന് മാതൃഭൂമി എഡിറ്റര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്.
എം.ടി, ടി.പദ്മനാഭന്‍, എം. മുകുന്ദന്‍, ആനന്ദ്, എന്‍.എസ്.മാധവന്‍, പുനത്തില്‍, സാറ ജോസഫ് തുടങ്ങിയ വമ്പന്‍ പേരുകള്‍ അച്ചടിച്ചു വെച്ച കവരാണ്‍് മനോരമ ഓണപ്പതിപ്പിന്റെ പ്രലോഭനം. എന്നാല്‍ വാങ്ങിച്ചു വായിച്ചു നോക്കുമ്പോഴാണ് കഷ്ടം. എം.ടി പണ്ടു അമേരിക്കയില്‍ തിരക്കഥ നോക്കാന്‍ പോയതും പത്മനാഭന്‍ ദുബായില്‍ മൂപ്പനെ കാണാന്‍ പോയതുമാണ്, വായനക്കാര്‍ക്കോ തങ്ങള്‍ക്കു തന്നെയോ ഒട്ടു താല്‍പ്പര്യമില്ലാത്ത പുളിപ്പില്‍ മനോരമയുടെ നിര്‍ബന്ധത്തിനു വഴങ്ങി മഹാസംഭവങ്ങളായി പടച്ചുവിട്ടിരിക്കുന്നത്! പുനത്തില്‍ കുഞ്ഞബ്ദുള്ളയാവട്ടെ ബര്‍മക്ക് പോയ കഥയാണ് അളക്കുന്നത്. പോയത് കുഞ്ഞബ്ദുള്ളയായത് കൊണ്ടു മുന്‍പേ പറഞ്ഞവരെക്കാളും ഭേദമായി വായിക്കാമെന്ന് മാത്രം. എം.മുകുന്ദന്റെ "എങ്ങനെ എഴുതാതിരിക്കാം" വളരെ ലൈവ് ആയി എഴുതിയിട്ടുള്ളത് കൊണ്ടു ലൈറ്റ് ആയി വായിച്ചു പോകാം. പക്ഷെ അതൊരു നോവല്‍ ആണെന്ന് മുകുന്ദന് പോലും അവകാശ വാദമുണ്ടാവുമെന്നു തോന്നുന്നില്ല. എന്‍.എസ്.മാധവന്റെ “കടപ്പുറത്ത് ഒരു സായാഹ്നം" മറ്റാരുടെയെങ്കിലും പേരിലാണ് വന്നിരുന്നെങ്കില്‍ അതൊരു വളരെ നല്ല കഥ തന്നെയാണ്. മനോരമ ഓണപ്പതിപ്പില്‍ ഏറ്റവും മികച്ച രചനയും ഇത് തന്നെ. പക്ഷെ മാധവന്റെ സ്വന്തം വായനക്കാര്‍ ഇത്രയൊന്നുമല്ല അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഗ്രേസി, ചന്ദ്രമതി, സാറ ജോസഫ് എന്നിവരും തങ്ങളുടെ ഉള്ള പേര് കളഞ്ഞു കുളിച്ച് പത്രാധിപരെ മാത്രം തൃപ്തിപ്പെടുത്തി. കളയാനും കുളിക്കാനും പേരൊന്നുമില്ലാത്ത കവികളായ അന്‍വര്‍ അലിയുടെയം ഗിരിജയുടെയും രാമന്റെയും ഭാഗ്യം. ആറ്റൂര്‍ , കേജീയെസ്സ് എന്നിവരും നിലവരമില്ലായ്മയുടെ കാര്യത്തില്‍ ഉറച്ച പിന്തുണയുമായി ഇവര്‍ക്ക് പിന്തുണയുമായുണ്ട്. സി.വി. ബാലകൃഷ്ണന്റെ മൃഗഗന്ധമുള്ള വീട് എന്ന കഥ ഒതുക്കം കൊണ്ടു ശ്രദ്ധേയമായി!
ദേശാഭിമാനിയുടെ ഓണപ്പതിപ്പില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പതിവ് പോലെ സഹകരണ ബാങ്കുകളുടെ പരസ്യങ്ങളുടെ ധാരാളിത്തമാണ് ദേശാഭിമാനിയുടെ മുതല്‍കൂട്ട്! വി.പി.കെ.പനയാല്‍ മുതല്‍ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ വരെയുള്ള ആസ്ഥാന ഗായകര്‍ തന്നെയാണ് ഉള്ളടക്കത്തില്‍ നിറഞ്ഞു കവിയുന്നത്. അഴീക്കോടിനെ ഒന്നാമതും പിണറായിയെ രണ്ടാമതും വീയെസ്സിനെ അതിനു ശേഷവും പ്രതിഷ്ഠിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സുസ്മേഷിന്റെ “ഗ്വാണ്ടനാമോ", വി.ആര്‍.സുധീഷിന്റെ "പാഴ് കിണറുകള്‍" എന്നിവ ദേശാഭിമാനിയിലെ ഭേദപ്പെട്ട രചനകളാണ്. സുധീഷ് റാം ഗോപാല്‍ വര്‍മയുടെ "റോഡ്“ എന്ന ഫിലിം കണ്ടിട്ടുണ്ടെന്ന് തോന്നുന്നു!! എതിര്‍ പാളയത്തിലലേക്ക് ചാടുന്ന ടി.പി.രാജീവനെയും കല്‍പ്പറ്റ നാരായണനെയും ഒക്കെ ഉള്‍പ്പെടുത്താനുള്ള വിശാലമനസ്കത ദേശാഭിമാനി കാണിക്കുന്നു. അവരോ തങ്ങളാല്‍ കഴിയുന്ന ഏറ്റവും മോശപ്പെട്ട കവിതകള്‍ എഴുതിക്കൊടുത്താണ് അതിനോട് പ്രതികരിക്കുന്നത്!
പുതിയ തലമുറയുടെ സാഹിത്യത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള ഓണപ്പതിപ്പാണ് മംഗളം ഉദ്ദേശിക്കുന്നത്. പക്ഷെ എഴുത്തുകാരന്മാര്‍ അമ്പിനും വില്ലിനും അടുക്കേണ്ടെ? ഒരു വാശി പോലെ വിനു അബ്രഹാമും, കെ.വി.അനൂപും, വി.എച്ച്.നിഷാദും, ഷാജി കുമാറുമൊക്കെ കണ്ണില്‍ ചോരയില്ലാതെ വായനക്കാരനെ പീഡിപ്പിക്കുന്നു! വി.ദിലീപിന്റെ കഥയും, എസ്.ജോസഫിന്റെ കവിതയും മാത്രം അത്യാവശ്യ നിലവാരം കാണിച്ചു. സമാഹാരത്തില്‍ വന്നു കഴിഞ്ഞ കവിതയാണ് ജോസഫ് ഉപയോഗിച്ചതെന്നത് മറ്റൊരു ഫൌള്‍! മാധവിക്കുട്ടി, മുരളി, ലോഹി, കെ പി അപ്പന്‍ എന്നിവരെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും ജോസ് പ്രകാശിന്റെ ജീവിത രേഖയും മംഗളത്തിലെ വ്യത്യസ്തതകള്‍ ആണ്.
"ജൈവ മനുഷ്യന്‍ " എന്ന തീമുമായി വന്ന മാധ്യമം ഓണപ്പതിപ്പാണ് വ്യത്യസ്തമായ വായനാനുഭവം തരുന്നത്. പെങ്ങാട്ടില്‍ മുണ്ടന്‍ മുതല്‍ തോരപ്പ മുഹമ്മദ് വരെ ബദല്‍ ജീവിത രീതികള്‍ തേടുന്ന ഒരു കൂട്ടം മനുഷ്യരുടെ അനുഭവ കുറിപ്പുകള്‍ വേറിട്ടൊരു ലോകം സാധ്യമാണ് എന്ന ചിന്ത മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ "എഴുത്തുകാരന്റെ പത്ര ലോകം" പോലെ അതില്‍ എഴുതിയവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും താല്പര്യം ജനിപ്പിക്കാത്ത ഒരു ഐറ്റം ഇതേ ഓണപ്പതിപ്പില്‍ ഉണ്ടെന്നത് കഷ്ടം.
ഓണപ്പതിപ്പുകള്‍ കൊണ്ടു ആര്‍ക്കെന്തു നേട്ടം എന്ന് ചിലരോടൊക്കെ ചോദിച്ചു നോക്കി. അപ്പോള്‍ മനസ്സിലായ ഒരു വസ്തുത അവ ആര്‍ഭാടത്തോടെ വാങ്ങിച്ചു കൊണ്ടു പോവുന്ന തൊണ്ണൂറ്റി അഞ്ചു ശതമാനവും ഉള്ളിലുള്ളതൊന്നും തന്നെ വായിച്ചു നോക്കാറില്ല മറിച്ച് പരസ്യങ്ങളും ചിത്രങ്ങളും മാത്രം നോക്കാറെ ഉള്ളുവെന്നാണ്. അവര്‍ ഭാഗ്യവാന്മാര്‍/വതികള്‍.. എന്തെന്നാല്‍ വായനയുടെ നരകരാജ്യം അവര്‍ക്കുള്ളതല്ല തന്നെ!