സംഭാഷണങ്ങള്‍ വിവാദമവുന്നകാലമാണ്. സംഭാഷണം വേണ്ട, ഒരു ചിരിയോ, വ്യാക്ഷേപകമോ പോലും വിവാദമായേക്കാം. കരുതലോടെ വേണം, അതുകൊണ്ടുതന്നെ ഒരു വാക്കോ വരിയോ ഉരിയാടാന്‍. ഇതൊക്കെ മുന്‍കൂട്ടികണ്ടിട്ടാവണം പണ്ടുള്ളവര്‍ 'മൌനം വിദ്വാനുഭൂഷണ'മെന്ന് പറഞ്ഞുവെച്ച് വായും പൂട്ടിയിരുന്നത്. പക്ഷേ അത് പണ്ട്. ഇപ്പോള്‍ മിണ്ടാതിരിക്കുന്നതും വിവാദമാവാം. കാര്യങ്ങള്‍ ഇത്രകണ്ട് ഗുരുതരമാവാതിരുന്നകാലത്തേ തുടങ്ങിയതാണ് താഹാ മാടായിയുടെ സംഭാഷണങ്ങള്‍. സമൂഹത്തില്‍ ഒരു വിധം കൊള്ളാവുന്നവരെന്ന് കരുതുന്ന ആള്‍ക്കാരെ തേടിപ്പിടിച്ച് ഇഷ്ടന്‍ വര്‍ത്തമാനം തുടങ്ങും. പലപ്പോഴും കേള്‍ക്കുന്നയാളും പറയുന്നയാളും മാത്രമായി തീര്‍ത്തും സ്വകാര്യസംഭാഷണം പോലെ. മറ്റുചിലപ്പോള്‍, ഇത് മറ്റുള്ളവര്‍കൂടി കേള്‍ക്കാനുള്ളതാണ് എന്ന ബോധത്തോടെയുള്ള പറച്ചില്‍. കേള്‍ക്കുന്നവരില്‍ ചിലര്‍ക്കുമാത്രംബാധകമാവുന്ന കാര്യങ്ങളുമുണ്ടാവും ചില സംഭാഷണങ്ങളില്‍. ചിലത് മിണ്ടാതിരിക്കുന്നവന്റെ മണ്ടക്കിട്ട് ചിലകൊട്ടുകള്‍ കൊടുത്ത്, അവനെക്കൊണ്ട് നാല് 'മണിപ്രവാളം' പറയിക്കുന്നവ. അപൂര്‍വ്വമായ ഇത്തരം ചില വര്‍ത്തമാനങ്ങള്‍ സമാഹരിച്ച് താഹാമാടായി ഒരു പുസ്തകമാക്കിയിരിക്കുന്നു. 'പ്രിയപ്പെട്ട സംഭാഷണങ്ങള്‍' എന്നാണ് പുസ്തകത്തിന്റെ പേര്.
പലകാലങ്ങളില്‍, മലയാളത്തിലെ പ്രശസ്തരായ പന്ത്രണ്ടുപേരോട് താഹ നടത്തിയസംഭാഷണങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയമേഖലകളുടെ മിന്നലാട്ടങ്ങളുണ്ട്. വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. പലരെപ്പറ്റിയും നമ്മളറിയാനാഗ്രഹിച്ച, അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായ തിരിച്ചറിവുകളുണ്ട്. അങ്ങനെ പലതും. എം.ടി, പുനത്തില്‍, സി.ആര്‍. പരമേശ്വരന്‍. കടമ്മനിട്ട, എ.അയ്യപ്പന്‍, ചുള്ളിക്കാട്, സി.വി. ബാലകൃഷ്ണന്‍, എം.എന്‍. വിജയന്‍, വേണു നാഗവള്ളി, ഉമ്പായി, ഈച്ചരവാരിയര്‍, ഡോ. ജെ.ജെ.പള്ളത്ത് എന്നിവരോട് താഹ നടത്തിയ സംഭാഷണങ്ങളില്‍ ചോദ്യം ചോദിക്കലിന്റെ രസതന്ത്രമുണ്ട്. അതുകൊണ്ടു കൂടിയാണ് രസം മുറിയാതെ നമുക്കിവ വായിച്ചുപോകാന്‍ കഴിയുന്നത്. ഈച്ചരവാരിയരുമായുള്ള സംഭാഷണത്തില്‍, ഇപ്പോള്‍ കേന്ദ്രത്തില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന എ.കെ.ആന്റണിയെപ്പറ്റിപ്പറയുന്നുണ്ട്. അതിങ്ങനെ. 'അഹിംസാ സിദ്ധാന്തത്തിന്റെ കാര്യമൊക്കെപ്പറഞ്ഞ് ആന്റണി പ്രസംഗിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ദേഷ്യത്തോടെ ടെലിവിഷന്‍ ഓഫാക്കാറുണ്ട്. ആന്റണിക്ക് ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ യാതൊരു അധികാരവുമില്ല'. ഇങ്ങനെ പറയാന്‍ ഈച്ചരവാരിയരെ പ്രേരിപ്പിച്ച സംഭവുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മലപ്പുറത്ത് വച്ച് ഒരു പോലീസ് ജീപ്പ് കത്തി. പ്രതികളായിക്കൊണ്ടു പോയിരുന്നവരില്‍ ഒരു വില്ലേജോഫീസര്‍ വെന്തു മരിച്ചു. ജീപ്പില്‍ ഒരു പെട്രോള്‍ ടിന്‍ ഉണ്ടായിരുന്നു. അയാളുടെ ഭാര്യക്ക് അഞ്ചാറുമാസം ഗര്‍ഭമായിരുന്നു. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഈച്ചരവാരിയരുള്‍പ്പെട്ട ഒരു സംഘം ജാഥയായി ആന്റണിയെക്കാണാന്‍ പോയി. ആ സ്ത്രീയുമുണ്ടായിരുന്നു. 'സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ മരിക്കുമ്പോള്‍ കൊടുക്കുന്ന ആനുകൂല്യങ്ങളെങ്കിലും ആ സ്ത്രീക്ക് നല്‍കാനപേക്ഷിച്ചു. ആന്റണി മിണ്ടിയില്ല; ആ സ്ത്രീയെ ഒന്നു നോക്കുകപോലും ചെയ്തില്ല '. ഈച്ചരവാരിയരുടെ വാക്കുകളിലൂടെ നമുക്ക് അപരിചിതനായ മറ്റൊരു ആന്റണി കേരളീയ സമൂഹത്തിനു മുമ്പില്‍ അനാവൃതനാവുകയാണിവിടെ.
എം.ടി. ബഷീറിനെപ്പറ്റി : 'ബഷീര്‍ ലളിതമായെഴുതി. 'ഞാന്‍' തന്നെയാണ് മിക്കവാറും കഥാപാത്രങ്ങള്‍. ബഷീറിന്റെ ജീവിതത്തില്‍ ഏതു
കഥയും സാധ്യമാണ്. ബഷീറിന്റെ കൃതികള്‍ ഏതുകാലത്തും വായിക്കാം. ലാന്‍ഡ് മാര്‍ക്കായി, വഴിവിളക്കായി ആ സാഹിത്യമുണ്ട്.' എം.ടിയുടെ ഓര്‍മ്മയിലെ ബഷീര്‍ ഫലിതം : ' കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ ഒരിക്കല്‍ ബഷീറിനെ അഡ്മിറ്റ് ചെയ്തു. മൂത്രം പോകുന്നില്ല. അതാണ് പ്രശ്നം. കൃത്രിമമായി മൂത്രം പോകാന്‍ കുഴലൊക്കെ വച്ചിട്ടുണ്ട്. ബാഗ് നിറഞ്ഞപ്പോള്‍ അത് മാറ്റാന്‍ നഴ്സ് വന്നു. ഞാനുമുണ്ട്. കുറച്ചു ദൂരെനിന്നു. നഴ്സ് ഈ കുഴല്‍പിടിച്ചു ശരിയാക്കുന്നതിനിടയില്‍ ബഷീര്‍ പറയുന്നത് ഞാന്‍ കേട്ടു. 'പഴയ സാധനമാണ് കേട്ടോ, വളരെ സൂക്ഷിച്ച്'...' എ.അയ്യപ്പന്‍ : ' എന്നെപ്പറ്റി ആരെങ്കിലും ഒരു വലിയ സിനിമ ചെയ്യുകയാണെങ്കില്‍ അതിന്റെ പോസ്ററില്‍ എന്റെ പേരിന്റെ ഇനീഷ്യല്‍ വലുതായി അച്ചടിക്കണം. 'എ' ആളുകള്‍ ഇടിച്ചുകയറും.' സി.ആര്‍. പരമേശ്വരന്‍ : (മുകുന്ദനെപ്പറ്റി) ' കേശവന്റെ വിലാപം പ്രസാധനം ചെയ്തപ്പോള്‍ ഇ.എം.എസ് നെ വച്ച് മുകുന്ദന്‍ നടത്തിയ കള്ളക്കളി ഇന്നത്തെ മലയാളി എഴുത്തുകാരന്റെ ശരാശരി സദാചാരത്തില്‍ നിന്ന് ഉയര്‍ന്നില്ല. എല്ലാ മാര്‍ക്സിസ്റുകാരെയും മുകുന്ദന്‍ ഒറ്റയടിക്ക് വിഡ്ഢികളാക്കിയപ്പോള്‍ അവര്‍ക്ക് പൊതുവെ സാംസ്കാരിക കാര്യങ്ങളില്‍ ഒരു കൊടിയേരി ബോധമേയുള്ളൂ എന്നു തോന്നി.' കടമ്മനിട്ട: ' ഭാവന വളരെ കുറവുള്ള ഒരു കവിയാണ് ഞാന്‍. അതുകൊണ്ട് എപ്പോഴും ഞാന്‍ അനുഭവങ്ങളെയും ഓര്‍മ്മകളെയും ആശ്രയിക്കുന്നു. ' പുനത്തില്‍ : (സ്ത്രീയെഴുത്തുകാരെപ്പറ്റി) ' ഒന്നോ രണ്ടോ കഥയെഴുതിക്കഴിയുമ്പോള്‍ത്തന്നെ ഇവരുടെ വിചാരം 'ഞങ്ങളൊക്കെ മാധവിക്കുട്ടി'മാരാണെന്നാണ്. ഈ പെണ്‍കുട്ടികളൊക്കെ സംവരണത്തിന്റെ ആനുകൂല്ല്യത്തില്‍ രക്ഷപ്പെട്ടു പോകുന്നതാണ്. ഓരോരുത്തരുടെയും ഭാഷയും ശരീരഭാഷയും പ്രകൃതവുമനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എങ്ങിനെയെന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം വായിച്ചാല്‍ മതി. സമീപകാലത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പലസംഭാഷണങ്ങളും ദിവസങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് സാക്ഷിയായ മലയാളത്തില്‍, ഈ പുസ്തകം പല ആവര്‍ത്തിവായിക്കപ്പെടുമെന്നതില്‍ സംശയമില്ല.