
മാധ്യമപ്രവര്‍ത്തകന്‍ കലാപം കാണുമ്പോള്‍
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ 'കായാതരണ്‍' സിനിമയുടെ തിരക്കഥയെപ്പറ്റി
1984 ഒക്ടോബര്‍ 31 ഇന്ത്യന്‍ ചരിത്രത്തെ ഒരാവര്‍ത്തികൂടി വെടിയുണ്ടയുടെ പാടുകള്‍ ആഴത്തില്‍ മുറിവേല്‍പിച്ച ദിവസം. അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു. ചങ്കുപൊട്ടിച്ചിരിച്ചുപോകുന്ന വിഢ്ഡിക്കഥകളിലെ നിഷ്ക്കളങ്കരായ നായകന്‍മാരായി അരങ്ങുവാണിരുന്ന ഒരു സമുദായത്തിലെ (സര്‍ദാര്‍ജിക്കഥകള്‍ ഓര്‍ക്കുമല്ലോ) രണ്ടുപേരായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ സംഭവകഥയിലെ നായകന്‍മാര്‍. ബിയാന്ത് സിംഗും സത് വന്ത് സിംഗും. പിന്നീടുള്ള ദിവസങ്ങളില്‍ ദില്ലിയിലും പരിസരമേഖലകളിലും നിരവധി ശിഖന്‍മാര്‍ കൊല്ലപ്പെട്ടു. ഒരുകുറ്റവും ചെയ്തിട്ടില്ലാത്തവര്‍ താടിയുടേയും തലപ്പാവിന്റെയും പേരില്‍ കശാപ്പിനിരയായി.
കലാപകാലം എല്ലായ്പ്പോഴും കലാമനസ്സിനു അസ്വസ്ഥതകളാണ് നല്‍കുന്നത്. കഥാകാരനായ എന്‍.എസ്.മാധവന് ഇത്തരം അസ്വസ്ഥതകള്‍ 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍' എന്ന കഥക്ക് കാരണമായി. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശശികുമാറിന് 'കായാതരണ്‍' എന്ന സിനിമയ്ക്കും. സിനിമകാണാത്ത ഒരാള്‍ തിരക്കഥ വായിക്കുമ്പോള്‍ അനുഭവിക്കുന്ന സകല സ്വാതന്ത്ര്യങ്ങളോടും പരിമിതികളോടും കൂടിയാണ് ഞാന്‍ 'കായാതരണ്‍' വായിച്ചത്. അതും സിനിമയുടെ മൂലഭാഷയായ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട മലയാളത്തില്‍.
പത്രദൃശ്യമാധ്യമങ്ങളില്‍ ജോലിചെയ്യുന്നവര്‍ പലപ്രതിസന്ധികളേയും അഭിമുഖീകരിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേത് തൊഴില്‍പരമായി നിസ്സംഗതവേണമെന്ന വെല്ലുവിളിയെയാണ്. ഒരു ആത്മഹത്യ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍, റിപ്പോര്‍ട്ടര്‍ക്ക് പരാമാവധി വേണ്ടത് അതിന്റെ വര്‍ണ്ണനാപരമായ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുകയെന്നതാണ്. വേണമെങ്കില്‍ നമ്മുടെ രാഷ്ട്രീയത്തിനും യുക്തിക്കുമനുസരിച്ച് കാരണമന്വേഷിക്കുകയുമാകാം. നമ്മള്‍ കണ്ടെത്തുന്നത് കരള്‍പിളര്‍ക്കുന്ന ഒരു കാരണമാണെങ്കില്‍പ്പോലും അതില്‍ സ്വകാര്യമായി പരിതപിക്കാനോ പരിഹാരം കാണാനോ കഴിയാതെ അടുത്ത 'അസൈന്‍മെന്റുകളുടെ' യാന്ത്രികതയിലേക്ക് നമ്മള്‍ നടക്കുന്നു. ഒരു കലാപം റിപ്പോര്‍ട്ടുചെയ്യുമ്പോള്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് അതിന്റെ ഭീകരമായ ദൃശ്യങ്ങള്‍, പത്രങ്ങള്‍ക്ക് അവയുടെ വര്‍ണ്ണന. പക്ഷേ അതോടെകഴിയുമോ ? കഴിയാത്തവരാണ് അധികവും. അതില്‍പ്പെട്ട ഒരാള്‍, അതില്‍നിന്ന് കുറേക്കൂടി വ്രണിതവഴികളിലൂടെ സഞ്ചരിച്ച്, സ്വന്തം വ്യഥകള്‍ ലോകവുമായി പങ്കുവെക്കുന്നു. ശശികുമാറിന്റെ 'കായാതരണ്‍' വായിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ എനിക്കുതോന്നിയതിതാണ്. പരിചിതമായ പ്രവര്‍ത്തന പരിസരങ്ങളുടെ പശ്ചാത്തലത്തിലാണ് എന്‍.എസ് മാധവന്റെ കഥയുടെ വെളിച്ചത്തില്‍ ശശികുമാര്‍ സിനിമയെഴുതുന്നത്. കാണാത്ത സിനിമയുടെ തിരക്കഥവായിക്കുമ്പോള്‍ അത് രൂപപ്പെട്ട കാലത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയാവുകയാണ്.
അതുകൊണ്ടുതന്നെ കേട്ടുകേള്‍വി മാത്രമല്ല ,പഴയ കലാപാനുഭവങ്ങള്‍ നമ്മള്‍ക്ക്. തീര്‍ച്ചയായും ദൃശ്യമാധ്യമമേഖലയിലെ പരിചയസമ്പന്നതകൊണ്ട് യാഥാസ്ഥിതിക സങ്കല്‍പ്പങ്ങളെ ഉടച്ച് സെല്ലുലോയിഡിലും സിനിമയെഴുതാന്‍ ശശികുമാറിന് കഴിഞ്ഞിട്ടുണ്ടാവും. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ 'കായാതരണി'ന്റെ തിരക്കഥ ഈയൊരു തോന്നലുണ്ടാക്കുന്നതുകൊണ്ട് വൈകാതെ സിനിമസംഘടിപ്പിച്ച് കാണാന്‍ മോഹമുണ്ട്. അതിന് പ്രേരകമാണ് രവീന്ദ്രന്റെ പരിഭാഷ, ഒ.കെ.ജോണിയുടെ ആമുഖം, എന്‍.എസ്.മാധവന്റെ വിശദീകരണം, ഒടുവില്‍ ചേര്‍ത്തിരിക്കുന്ന എം.എ.ബേബിയുടേയും സദാനന്ദ് മേനോന്റെയും, ശോഭാവാര്യരുടേയും കൃഷ്ണന്‍ ഹരിഹരന്റെയും കുറിപ്പുകള്‍.... തിരക്കഥക്ക് സ്വതന്ത്രമായ ഒരു സാഹിത്യരൂപമായും നിലനില്‍പ്പുണ്ടെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു ഈ പുസ്തകം.