നോബൽ സമ്മാനം നേടാത്തവരിൽ ഒരാൾ എന്ന നിലയ്ക്ക് (എസ്രാ പൗണ്ടിനെപ്പോലെ, ജേംസ് ജോയ്സിനെപ്പോലെ) പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടുന്ന ലോറൻസ് ഡറൽ ഒരു ആഗോള “ലവ് ഒഥോറിറ്റി” ആയിരുന്ന കാലത്താണ് അമേരിക്കയിൽ ഒരാൾ “കാമസൂത്രം” തന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്. ഡറലിനോട് തന്റെ പുസ്തകത്തിന് ഒരു അവതാരിക എഴുതാൻ അയാൾ അപേക്ഷിച്ചു. പക്ഷേ, ഡറൽ അപേക്ഷ നിരസിച്ചു. തന്റെ നിരാസത്തിന് വളരെ കൃത്യമായി രണ്ടു കാരണങ്ങൾ ഡറൽ എടുത്തു പറഞ്ഞു.
ഒന്ന്: വാത്സ്യായനന്റെ പുസ്തകം താങ്കൾ ആംഗലത്തിലാക്കുന്നത് അശ്ലീലപരമായ ഉദ്ദേശം കൊണ്ടാണെന്ന് ഞാൻ കരുതുന്നു.
രണ്ട്: വാത്സ്യായനൻ വിവരിക്കുന്ന പടുതികൾ (Poses) എല്ലാം തുല്ല്യനിലയിൽ പ്രായോഗികമല്ല.
ദേവദാസിന്റേതിനേക്കാൾ എന്റേതുതന്നെ ഒരാവശ്യമായി ഈ കുറിപ്പുകൾ ഞാനെഴുതുന്നത് തുല്ല്യനിലയിൽ സ്പഷ്ടമായ ചില കാരണങ്ങൾ കൊണ്ടാണ്.
ഒന്ന്: ദേവദാസ് “ഡിൽഡോ” എഴുതിയത് അശ്ലീലപരമായ ഉദ്യേശംകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
രണ്ട്: മനുഷ്യന്റെ ശാരീരികവും, മാനസികവുമായ ചില ആത്യന്തികതകൾ പ്രാപിച്ചൊരു മഹർഷിയ്ക്ക്… അതു സാധിച്ച ആളാണ് യഥാർത്ഥ മഹർഷി… അയാൾക്ക് വാത്സ്യായനൻ വിവരിച്ച ഒരൊറ്റ പടുതി പോലും അസാധ്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
മൂന്ന്: രണ്ടാം കാരണത്തിന്റെ സമാന്തര വ്യാപനങ്ങളിൽ, എഴുത്തിന് ഒരു വാത്സ്യായന ദൌത്യമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. പഴയ പാതിരിപ്പടുതി (മിഷനറി പൊസിഷൻ) കീഴ്വഴക്കമാക്കിയ എഴുത്തിനെ, ഭാഷയെ, വാത്സ്യായന നിർവഹണങ്ങളുടെ ആത്യന്തികതയിലേക്കു തുരത്തുക.
“അനവതാരിക” എന്ന പ്രയോഗം ഒരു തമാശയല്ല, മിടുക്കുമല്ല. “ഡിൽഡോ” പോലൊരു കൃതിയെ അവതരിപ്പിക്കാൻ തുടങ്ങിയാൽ അനുഭവപ്പെടാവുന്നൊരു പിൻവലി മാത്രമാണ്.
ദേവദാസിന്റെ പുസ്തകത്തെ നാമെന്താവും വിളിക്കുക? ഡോക്കു-ഫിക്ഷൻ? നോൺ-ഫി-ഫി ?
ഇളങ്കോ അടികളുടെ നൃത്ത സങ്കേത വിവരണം (ചിലപ്പതികാരം), ഹെർമൻ മെൽവില്ലിന്റെ തിമിംഗല വിവരണം (മോബിഡിക്ക്), എന്നിങ്ങനെ കഥാഖ്യാനത്തിലെ കഥേതര ആഖ്യാനങ്ങൾ ശ്രദ്ധേയമാകുന്ന പുസ്തകങ്ങളുടെ പട്ടികയിൽ കാലക്രമത്തിൽ ഡിൽഡോ കടന്നുകൂടുന്നു. ഭാഷാ ശാസ്ത്രം പറയുന്ന “റെജിസ്റ്റർ” പോലെ, കഥാ സന്ദർഭങ്ങൾക്ക്/ഉൾവിനിമയങ്ങൾക്ക് അർത്ഥം നൽകി ഒരു പിൻതലമായി തുടരുന്നു.വേദിയിൽ പിൻതലത്തിന്റെ പ്രവേശങ്ങൾ അനുവദിച്ചുകൊണ്ട് , ആവശ്യമാക്കിക്കൊണ്ട് ഇതൊരു വിശദീകരണം ആവശ്യപ്പെടുന്നു.
നിങ്ങൾ എന്താണോ, ആരാണോ അതാണ് “ഡയലെക്റ്റ്”. നിങ്ങൾ ഏതു സന്ദർഭത്തിലാണോ അതാണ് “റെജിസ്റ്റർ”. ഒരു സാധാരണ ടെലഫോൺ സംഭാഷണത്തിന്റെ തുടക്കം പലപ്പോഴും ഇങ്ങനെയാകാം.
“ഡാ, ആ കാര്യം ശരിയാകുമോ? നീ മറ്റവനെ കണ്ടിരുന്നോ?”
“കണ്ടൂ.. കണ്ടൂ. പക്ഷേ മറ്റേ കാര്യം ശരിയാക്കികൊടുത്താലേ അവൻ സഹകരിക്കൂ”
എന്താണീ കാര്യം, മറ്റേകാര്യം? ആരാണീ മറ്റവൻ? നമുക്കറിയില്ല. പക്ഷേ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നവർക്ക് അതറിയാം പൂർവ്വ സംഭാഷണങ്ങളുടേയും ഇപ്പോൾ രണ്ടു പേരെയും ഉൾക്കൊള്ളിച്ചുകൊണ്ട് തുടർന്നൊരു സന്ദർഭത്തിന്റേയും പൊതുമയിലാണ് അവരുടെ സംഭാഷണം നടക്കുന്നത്. അവരുടെ റെജിസ്റ്റർ അതാണ്. യാഹൂ ചാറ്റ്, ജി-ടാക്ക്, എസ്.എം.എസ് എന്നിവയുടെ വരവിനുശേഷം പോലും ലോകത്തിലെങ്ങും ബഹുഭൂരിപക്ഷം മനുഷ്യവിനിമയങ്ങളും തുടരുന്നത് സംഭാഷണരൂപത്തിലാണ്. സംഭാഷണങ്ങൾ ചില പൊതു റെജിസ്റ്ററുകളെ ആശ്രയിച്ചിരിക്കുന്നു. ഇത് ഒരു സമൂഹത്തെ സംബന്ധിച്ച വസ്തുത. പക്ഷെ, ഓരോ സമൂഹത്തിനും സമാന്തരമായി ഒരു പ്രതിസമൂഹം ഉണ്ടാകും. സമൂഹത്തിൽ പ്രവർത്തിച്ചും, സമൂഹത്തോട് പ്രതിപ്രവർത്തിച്ചും, ചിലകാര്യങ്ങളിൽ അതിനോട് വിഘടിച്ചു നിൽക്കുന്ന പ്രതിസമൂഹം. പ്രതിസമൂഹത്തിന് (മുതിർന്നവരെ പേടിയ്ക്കേണ്ട കുട്ടികൾക്ക്, നിയമത്തെ പേടിയ്ക്കേണ്ട ക്രിമിനലുകൾക്ക്) സമൂഹത്തിൽ റെജിസ്റ്ററുകൾക്ക് പാകമാകാത്ത ഒരു പ്രതിഭാഷ വേണ്ടിവരും. ഭാഷാ ബദ്ധമായ ചില പ്രവണതകളുടേയും, തിരഞ്ഞെടുപ്പുകളുടേയും ഒരു സംഘാതം തന്നെ ഇവിടെയുണ്ട്.
എഴുത്ത് എല്ലാവർക്കും പരിചിതമായ റെജിസ്റ്ററുകളിൽ നിന്നുള്ള വ്യതിയാനം ആകുന്നത് ചിലപ്പോൾ ഇതിവൃത്തപരമായ ഒരാവശ്യമാകാം, ചിലപ്പോൾ എഴുത്തുകാരന്റെ ശാഠ്യമാകാം. ഭാഷാ പോലീസിന്റെ വിളയാട്ടം വല്ലാതെയുള്ള സാഹിത്യസമൂഹങ്ങളിൽ വ്യതിചലിത എഴുത്ത് പ്രതിഭാഷയും, കുറ്റകൃത്യവുമാകാം. ഒരു അപരിചിത ലോകത്തിലേക്കുള്ള ആഖ്യാനം അങ്ങനെയാകാം. ആയിരക്കണക്കിന് ഇന്റർനെറ്റ് സൈറ്റുകളിൽ ചുറ്റിയടിക്കുന്ന നമ്മുടെ പെൺകുട്ടികൾക്ക് ഡിൽഡോ അപരിചിതമാകില്ല; ലഭ്യമെങ്കിൽ ചിലർക്കെങ്കിലും അത് അനാകർഷവുമാകില്ല. പക്ഷെ ഡിൽഡൊയുടെ സമഗ്രലോകം (അതിന്റെ ചരിത്രം, സാങ്കേതികവശം, ലൈംഗികവശം, ലിംഗരാഷ്‌ട്രീയവശം, സാമ്പത്തികവശം) അവർക്കൊരു അതിഭൂമികയാകാം. ഉപന്യാസങ്ങൾ ആവശ്യമായിത്തീരുന്നു.
ഉപജീവനത്തിനായി ഡിൽഡോ വിൽക്കുന്ന പെൺകുട്ടി. ഒരു ഇരട്ട ദുരന്തമാണ്. നിയമവിരുദ്ധമായ ഒരു തൊഴിലിൽ ഏർപ്പെടേണ്ടിവരുന്നതിലെ ദുരന്തം. പിന്നെ സ്വയം ഒരു സ്വയംഭോഗിയല്ലെങ്കിൽ, സഹജവാസനകളുമായി പൊരുത്തപ്പെടാത്തൊരു ഉൽപ്പന്നത്തിന് കമ്പോളം തേടേണ്ടിവരുന്നതിലെ ദുരന്തം. അവളിൽ ചില ലൈംഗികറെജിസ്റ്ററുകൾ തകരുന്നു. സെക്ഷൻ 292, 293, 294 എന്നിങ്ങനെ വരിവരിയായി ലംഘനങ്ങൾക്കു കടന്നു താനൊരു മാധ്യമമാകുന്നത് നോക്കി നിൽക്കുന്ന ആ പെൺകുട്ടിയെ ദേവദാസ് അവതരിപ്പിക്കുമ്പോൾ ഡിൽഡോയെക്കുറിച്ചുള്ള ഉപന്യാസം നാം പണ്ട് ആശാന്റേയും, ഉള്ളൂരിന്റെയും, വള്ളത്തോളിന്റെയും പാഠപുസ്തകത്തിലെ ടിപ്പണികളെപ്പോലെ ഒരു സമാന്തര വായനാനുഭവമാകുന്നു. പിൻതലത്തിലെ ഉപന്യാസം കഥയുടെ ന്യാസത്തിലൂടെ കടന്ന് മുൻതലമാളുന്നു(ഫോർഗ്രൌണ്ടിങ്ങ്). പ്രതിഭാഷയുടെ മുഖ്യലക്ഷണങ്ങളിലൊന്നാണിത്. ടിപ്പണികൾ പാഠങ്ങളാകുന്നു. പക്ഷേ ചില ദുരന്തങ്ങൾ ആവർത്തനത്തിൽ പ്രഹസനമാകുന്നതുകൊണ്ട് നക്സലിസത്തെക്കുറിച്ചുള്ള ഉപന്യാസം ഒരു ചിരിയാകുന്നു.
നോവലിന്റെ ഉപശീർഷകം “ആറുമരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം” ആയത് യാദൃശ്ചികമോ!
സെക്ഷൻ 292, 293, 294 നിയമപുസ്തകത്തിലെ ഈ ആരോഹണം , എണ്ണലിനെ അപേക്ഷിച്ച് അതിന് സമാന്തരമായ അവരോഹണം കണ്ടെത്തുന്ന ആഖ്യാനഭാഗം എന്നെ പ്രത്യേകിച്ചും ആകർഷിക്കുന്നു. കാലികത അതോടൊപ്പം ചില തിയ്യതിയിറക്കങ്ങളിലൂടെ ചരിയ്ക്കുമ്പോൾ കൂടുതൽ പ്രത്യേകിച്ചും.
“- ഭൂമിയിൽ നിന്നുള്ള ഉയരം 24 അടി
- 22, ഏപ്രിൽ 2001 (ഞാൻ ഭർത്താവുമായി വഴക്കിടുകയാണ്)
. . . . . .
ഇപ്പോൾ ഞാൻ ഒരു ചുരിദാർ ആണ്
ഭൂമിയിൽ നിന്നുള്ള ഉയരം 23 അടി
23, ഓഗസ്റ്റ് 2000 (ഞാൻ ഭർത്താവുമായി രതിയിലേർപ്പെടുകയാണ്)
. . . . . ..
ഇപ്പോൾ ഞാൻ ഒരു സ്കർട്ട് ആണ്
ഭൂമിയിൽ നിന്നുള്ള ഉയരം 12 അടി”
പെൺകുട്ടി വയസ്സറിയിക്കുന്നു, പിന്നെയും മുന്നേറി 1977 ജനുവരി ഒന്നാം തിയ്യതി ഭൂമിയിൽ പിറക്കുന്നു.
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒരു തിയ്യതിയിറക്കമുണ്ട്. ‘വിൻഡോസ്’ അനുവദിക്കുന്ന “ലോഞ്ച് സിസ്റ്റം റിസ്റ്റോർ” എന്ന സൌകര്യം. പ്രവർത്തന പ്രശ്നങ്ങളുണ്ടാകുമ്പോൾ യന്ത്രത്തെ ഫയലുകളുടെയും, സജ്ജീകരണങ്ങളുടെയും പുരാവസ്ഥയിൽ എത്തിയ്ക്കുക. ഭൂമിയിൽ നിന്നുള്ള ഉയരം അളക്കുന്ന കഥാപാത്രം എന്നെ ഓർമ്മിപ്പിക്കുന്നത് ഈ പ്രവർത്തന തന്ത്രമാണ്. ഒരു പക്ഷെ, ഈ നോവലിസ്റ്റ് പല രീതികളിൽ ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. ഡിൽഡോയുടെ സംക്ഷിപ്ത ചരിത്രമെഴുതുമ്പോൾ ഇയാൾ വാത്സ്യായനോളം പിന്നോട്ടുപോകുന്നത് ചില പടുതികൾ തിരിച്ചു പിടിയ്ക്കാനാണ്. കിടപ്പറയിലല്ല, എഴുത്തിൽ.
എനിക്കിപ്പോൾ ഒരു സ്റ്റോപ്പ് വാച്ച് കയ്യിലെടുത്തു പിടിച്ച പ്രതീതി. മലയാളനോവൽ ആധുനീകോത്തരതയിലേക്കുള്ള “കൌണ്ട് ഡൌൺ” ആരംഭിച്ചതുപോലെ…
ഡിൽഡോ വിൽക്കുന്നിടത്ത് സാന്തോമിലെ പെൺകുട്ടിയെ കണ്ടാൽ നാം പറയും “ഹൃദയം തരൂ!”