മൈക്കല്‍ കെയുടെ ജീവിതവും കാലവും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീലങ്കയില്‍ യുദ്ധം മുന്നേറുകയാണ്. ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ പലായനംചെയ്യുന്നു. എന്തിനാണ് കലാപമെന്നോ യുദ്ധമെന്നോ അറിയാത്തകുട്ടികള്‍, യുദ്ധം അനാഥമാക്കിയവര്‍, മുറിവേറ്റവര്‍, ഉറ്റവര്‍ നഷ്ടമായവര്‍, പട്ടിണിയും ദുരിതവുംകൊണ്ട് പൊറുതിമുട്ടിയവര്‍ ഒക്കെയും എങ്ങോട്ടെന്നറിയാതെ പ്രാണന്‍കൈയ്യില്‍പിടിച്ച് നാടുവിട്ടോടുന്നു. ചിത്രങ്ങളായും വാര്‍ത്തകളായും പലരൂപത്തില്‍ ഒരേകാഴ്ചകള്‍ മനസ്സില്‍ തറച്ചുകൊണ്ടേയിരിക്കുന്നു.
മൈക്കല്‍ കെയുടെ ജീവിതകഥ ജെ എം കൂറ്റ്സി വിവരിക്കുന്ന കാലത്തും സമാനമായ ആഭ്യന്തര യുദ്ധം നടക്കുകയാണ്. രാജ്യത്തെ ഭൂരിപക്ഷംപേരും ആഗ്രഹിക്കാത്ത യുദ്ധം. ജന്മാനാല്‍ രൂപവൈകല്യവും ബുദ്ധിമാന്ദ്യവുമുള്ളവനായിരുന്നു മൈക്കല്‍. അമ്മ അന്നയ്ക്കുപോലും വെറുപ്പുതോന്നിയ ജന്മം. സ്കൂള്‍ വിദ്യാഭ്യാസം പെട്ടന്നവസാനിപ്പിച്ച് സ്പെഷ്യല്‍ ബോര്‍ഡിംഗ്സ്കൂളിലെ പീഡാനുഭവങ്ങളിലൂടെ ഏകാന്തതയും ഒറ്റപ്പെടലുകളും സീലമാക്കി മുന്നേറിയ അനാവശ്യജന്മം. എന്നാല്‍ അവനെ ഒന്നും ബാധിച്ചതേയില്ല. വരുംപോലെ ജീവിക്കാന്‍ അവന്‍ ശീലിച്ചു. പതിനഞ്ചാംവയയസ്സില്‍ കിട്ടിയ പൂന്തോട്ടം സൂക്ഷിപ്പുകാരന്റെ ജോലിയും അതുപേക്ഷിച്ചപ്പോള്‍ കിട്ടിയ കക്കൂസ് സൂക്ഷിപ്പുകാരന്റെ ജോലിയും മൈക്കല്‍ കെയ്ക്ക് ഒരുപോലെ. മുപ്പത്തൊന്നാം വയസ്സിലാണ് മൈക്കല്‍ യുദ്ധത്തിന്റെ നിഴല്‍പ്പരപ്പിലൂടെ യാത്രതുടങ്ങുന്നത്. രോഗവും ദുരിതങ്ങളും വേട്ടയാടുന്ന അമ്മയ്ക്ക്, അവസാനമെങ്കിലും സമാധാനം കിട്ടട്ടെയെന്ന അതീവമായ ആഗ്രഹത്തോടെ, അവന്‍ അമ്മയെയുംകൊണ്ട് അവരുടെ ജന്മസ്ഥലമായ പ്രന്‍സ് ആല്‍ബര്‍ട്ടിലേക്ക് തിരിക്കുന്നു. ആദിവം മുതല്‍ ഒരുതരത്തിലും അവന്‍ കക്ഷിയോ പങ്കാളിയെ അല്ലാത്ത ആഭ്യന്തരകലാപത്തിന് മൈക്കല്‍ ഇരയാവുന്നു. സംശയവും ഭീതിയുമാണ് യുദ്ധകാലത്ത സമൂഹത്തിന്റെ സഹജമായ വികാരങ്ങള്‍. ഒരാള്‍ക്കും ഒരാളെയും വിശ്വാസമില്ല. ഒരിലയനക്കംപോലും ഭീതി വിതയ്ക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യണമെങ്കില്‍പോലും അധികൃതരുടെ അനുവാദംവേണമെന്ന് നിര്‍ബന്ധിക്കുന്ന ദാരുണമായ സാഹചര്യം.
അമ്മ ആഗ്രഹിച്ച പ്രശാന്തമായ ജീവിതാവസ്ഥയിലേക്ക് അവരെജീവനോടെ എത്തിക്കാന്‍ മൈക്കല്‍ കെയ്ക്ക് കഴിഞ്ഞില്ല. എങ്കിലും അമ്മയുടെ ഗ്രാമത്തില്‍ അവരുടെ ഭൌതികാവശിഷ്ടവുമായി മൈക്കല്‍ എത്തകതന്നെ ചെയ്തു. സ്വന്തം ജീവിതം പതിയെ കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകുന്നത് മൈക്കല്‍ തിരിച്ചറിഞ്ഞു. ഇത് തിരിച്ചുപിടിക്കാനുള്ള ദുര്‍ബലമായ പ്രതിരോധമാണ് പിന്നീടങ്ങോട്ട് അവനെ നയിക്കുന്നത്. യുദ്ധകാലത്ത് ആലംബമില്ലാതെ അലഞ്ഞതിന് തടവിലാക്കപ്പെട്ട മൈക്കല്‍ തടവരയിലെ സ്വാതന്ത്യ്രത്തിലും സുരക്ഷിതത്വത്തിലും നിന്ന് പുറംലോകത്തെ പാരതന്ത്യ്രങ്ങളിലേക്ക് പാലായനം ചെയ്ത് സ്വച്ഛമായ ജിവിതമാസ്വദിക്കുന്നു. ഒരു ശരാശരി മനുഷ്യന്റെ ജീവിതാനുഭവങ്ങള്‍പോലും ഒരിക്കലും മൈക്കല്‍ കെയ്ക്ക് കിട്ടിയില്ല. ആരും അവനെ സ്നേഹിച്ചിട്ടില്ല. ഒരാള്‍ക്കും അവനൊരു മനുഷ്യനാണെന്ന് തോന്നിയതുമില്ല. സ്വന്തം വിയര്‍പ്പ് ചിന്തി അവന്‍ വിളയിച്ചെടുത്തതുപോലും നഷ്ടമാവുമ്പോഴും വികാരരഹിതമായി അതിനോട് പ്രതികരിക്കാന്‍ മൈക്കല്‍ കെയ്ക്ക് കഴിയുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ അത്ഭുതപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ മൈക്കല്‍ ഒരു പ്രതീകമാണ്. ചെറുത്തുനില്‍പ്പിന്റെയും അതിരുകളില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെയും മാനസികമായ പ്രതിരോധത്തിന്റെയും ഒരിക്കലും കൈമോശംവരാത്ത ആത്മധൈര്യമാണ് മൈക്കല്‍ കെ. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു തിരി.
എല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷയുടെ ഒരു തിരി പോലും അവശേഷിക്കാത്ത ദുരന്തമുനമ്പില്‍ നില്‍ക്കുമ്പോഴും അതിനപ്പുറത്തേയ്ക്ക് പോകാന്‍ ഉള്ളിന്റെയുള്ളിലെ ദുര്‍ബലമെന്നുതോന്നിപ്പിക്കുന്ന കരുത്തുമാത്രം മതിയെന്ന് മൈക്കല്‍ കെ ഓര്‍മ്മിപ്പിക്കുന്നു. ഒന്നും അവശേഷിപ്പിക്കരുത് എന്ന ഉദ്ദേശ്യത്തൊടെ പട്ടാളക്കാര്‍ മൈന്‍ വച്ചുതകര്‍ത്ത ആദിക്കിലേക്ക് കണ്ണോടിച്ച് അയാള്‍ പരാതിപ്പെടുന്നു. വെള്ളത്തിന് നമ്മളെന്തുചെയ്യും. അവന്‍ മൈക്കല്‍ കെ തന്റെ കീശയില്‍ നിന്ന് ഒരു ടീസ്പൂണും ഒരു നീണ്ടചരടും പുറത്തെടുക്കും. തുരങ്കത്തിന്റെ മുഖത്തുനിന്ന് മണ്ണും കല്ലും വാരിക്കളഞ്ഞ് വൃത്തിയാക്കും. കരണ്ടിയുടെ പിടിവളച്ച് അതിന്റെ ചരടിന്റെ ഒരറ്റം കെട്ടും. അതിനെ തുരങ്കത്തിനകത്തേക്ക് ആഴത്തിലേക്കിറക്കും. ചരടില്‍പിടിച്ച് പുറത്തേക്കെടുക്കുന്ന കരണ്ടിയില്‍ അല്‍പം വെള്ളമുണ്ടായിരിക്കും. ജീവിക്കാനിതുമതി എന്ന് അവന്‍ പറയും.. (മൈക്കല്‍ കെ യുടെ ജീവിതവും കാലവും അവസാന വരികള്‍) 2003ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ കൃതിയാണ് മൈക്കല്‍ കെയുടെ ജീവിതവും കാലവും. ബുക്കല്‍ പ്രൈസുള്‍പ്പെടെ മറ്റംഗീകാരങ്ങളും ഈ കൃതിക്ക് കിട്ടി. മലയാളത്തില്‍ ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എം. പി. സദാശിവന്റെ ഹൃദയഹാരിയായ വിവര്‍ത്തനംയ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ജെ. എം. കൂറ്റ്സിയുടെ ഏറ്റവും ശ്രദ്ധേയമായ കൃതി വായിക്കാന്‍ അവസരമുണ്ടാക്കിയ ഡിസി ബുക്സിന് നന്ദി.